Type Here to Get Search Results !

51 ദിവസം 27 നദീതടം, ഒരാളുടെ ഏകദേശ ചെലവ് 20 ലക്ഷം: ഗംഗാ വിലാസ് കപ്പല്‍ യാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു



ന്യൂഡല്‍ഹി: 51 ദിവസം 3,200 കിലോ മീറ്ററിലധികം 27 നദീതടങ്ങളിലൂടെയൊരു യാത്ര.


പ്രതിദിനം ഒരാള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നതാകട്ടെ ഏകദേശം 25,000 മുതല്‍ 50,000 രൂപയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌ത എംവി ഗംഗാ വിലാസിലൂടെയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയുടെ ചില സവിശേഷതകളാണിത്.


ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 യാത്രക്കാരുമായണ് ഗംഗാ വിലാസ് ക്രൂയിസ് യാത്ര പുറപ്പെട്ടത്. കൊല്‍ക്കത്ത, ബംഗ്ലാദേശ്, ഗുവാഹത്തി, എന്നിവിടങ്ങളിലൂടെ സഞ്ചിച്ച്‌ ആഡംബര നൗക മാര്‍ച്ച്‌ ഒന്നിന് അവസാന ലക്ഷ്യസ്ഥാനമായ ദിബ്രുഗഢില്‍ എത്തിച്ചേരും. ആഡംബരത്തിലേക്കും കലയിലേക്കും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യവും യാത്രയ്‌ക്കുണ്ട്.


മൂന്ന് നിലകള്‍ 18 മുറികള്‍, അറിയാം ഗംഗാ വിലാസിനെ പറ്റി: എംവി ഗംഗാ വിലാസ് കപ്പലിന് 62 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണുള്ളത്. മൂന്ന് ഡക്കുകളിലായി 18 മുറികളും കപ്പലില്‍ സജ്ജമാണ്. ഇത് 36 സഞ്ചാരികളെ വഹിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ, ക്രൂയിസില്‍ ജിം, സ്‌പാ, സലൂണ്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അനാവശ്യ ശബ്‌ദങ്ങള്‍ ഇല്ലാതാക്കുന്ന ഉപകരണങ്ങളും മലിനീകരണ രഹിത സംവിധാനങ്ങളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.


51 ദിനം 50 കേന്ദ്രങ്ങള്‍: ആകെ 51 ദിവസം നീണ്ടു നില്‍ക്കുന്നതാണ് എംവി ഗംഗാ വിലാസിലൂടെയുള്ള യാത്ര. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 27 നദീതടങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. ഇത്രയും ദിവസം കൊണ്ട് 3,200 കിലോമീറ്ററിലധികം ദൂരവും സഞ്ചരിക്കും.


യാത്രയില്‍ ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദി ഘട്ടുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, പട്‌ന, സാഹിബ്‌ഗഞ്ച്, കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗംഗാ വിലാസിലെ യാത്രികര്‍ സന്ദര്‍ശനം നടത്തും. 51 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ആഡംബര കപ്പല്‍ നങ്കൂരമിടുക.


വാരാണാസിയില്‍ നിന്നും ബംഗ്ലാദേശ് വഴി ദിബ്രുഗഢിലേക്ക്: ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ്, അസം എന്നിവിടങ്ങളിലെ മൂന്ന് പ്രധാന നദികളായ ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര എന്നിവയുള്‍പ്പെടെ 27 നദീതടങ്ങളിലൂടെയാണ് ഗംഗാ വിലാസ് സഞ്ചരിക്കുന്നത്. ഇന്ത്യയുടെ സമ്ബന്നമായ പൈതൃകം വിദേശ സഞ്ചാരികളിലേക്ക് ഉയര്‍ത്തിക്കാട്ടാനായിട്ടാണ് ഗംഗാ വിലാസ് യാത്ര പദ്ധതി രൂപകല്‍പന ചെയ്‌തിരിക്കുന്നത്.


ഗംഗാ തീരത്തെ പ്രധാന ആകര്‍ഷണമായ ആരതി കാണാന്‍ സഞ്ചാരികള്‍ക്ക് യാത്രയില്‍ അവസരമുണ്ട്. അവിടെ നിന്നും ബുദ്ധമത തീര്‍ഥാടന കേന്ദ്രമായ സാരാനാഥിലേക്കാണ് കപ്പല്‍ നീങ്ങുക. തുടര്‍ന്ന് താന്ത്രിക കരകൗശലങ്ങള്‍ക്ക് പേരുകേട്ട മയോങ്, അസമിലെ ഏറ്റവും വലിയ നദീതീരവും വൈഷ്‌ണവ സാംസ്‌കാരി കേന്ദ്രവുമായ മജുലി എന്നിവിടങ്ങളിലും സഞ്ചാരികളെത്തും.


ശേഷം യാത്രക്കാര്‍ ബിഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും വിക്രംശില യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിക്കും. ബംഗാള്‍ കടുവകള്‍ക്ക് പേരുകേട്ട സുന്ദര്‍ബന്‍സ്, ആനകള്‍ക്ക് പേരുകേട്ട കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയും ജൈവവൈവിധ്യങ്ങളാല്‍ സമ്ബന്നമായ ലോക പൈതൃക സ്ഥലങ്ങളിലൂടെയും ക്രൂയിസ് കടന്നുപോകും.


പശ്ചിമബംഗാളില്‍ ഭാഗീരഥി, ഹൂഗ്ലി, ബിദ്യാവതി, മലത, സുന്ദര്‍ബന്‍സ് എന്നീ നദികളിലൂടെയാണ് ക്രൂയിസ് കടന്നുപോകുന്നത്. ബ്രഹ്മപുത്രയില്‍ ചേരുന്നതിന് മുമ്ബ് ബംഗ്ലാദേശിലെ മേഘ്ന, പദ്‌മ, ജമുന നദികളുടെ ഓളപ്പരപ്പിലൂടെയും കപ്പല്‍ നീങ്ങും.


ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ നിന്നും: ഗംഗാ വിലാസിലൂടെയുള്ള യാത്രകള്‍ക്ക് വ്യത്യസ്‌ത ഓഫറുകളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ആഡംബര കപ്പലിലൂടെയുള്ള യാത്രയ്‌ക്ക് കുറഞ്ഞത് ഏകദേശം 25,000 രൂപയാകും ചെലവ് വരിക. ആന്‍റാര ലക്ഷ്വറി റിവര്‍ ക്രൂയിസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ലോകത്തെവിടെ നിന്നും ആര്‍ക്കും ഗംഗാ വിലാസിലൂടെയുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad