Type Here to Get Search Results !

ഏഴ്‌ ദിവസം കടലിൽ, 5 ദിവസം ദ്വീപ്‌ വാസം... ഒടുവിൽ തീരത്ത്‌കോവളം > സമുദ്രാതിർത്തിക്ക് അപ്പുറം കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ച്‌ വിദേശക്കപ്പൽ. തേങ്ങാപ്പട്ടണത്തിൽനിന്നും നവംബർ 26ന് പുറപ്പെട്ട, തമിഴ്‌നാട് സ്വദേശി വർഗീസിന്റെ ക്രിഷമോൾ എന്ന ബോട്ടിലെ 14 പേരാണ് വർഗീസിനൊപ്പം കടലിൽ കുടുങ്ങിയത്.

സമുദ്രാതിർത്തിക്ക് അപ്പുറം ബോട്ടിന്റെ എൻജിൻ കേടാവുകയായിരുന്നു. ഇവരെ ഗ്രാംപിയൻ എൻഡുറൻസ് എന്ന ബ്രിട്ടീഷ് കപ്പലാണ്‌ രക്ഷപ്പെടുത്തിയത്‌. കുളച്ചലിൽ ഉൾക്കടലിലെത്തിച്ച സംഘത്തെ വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് കൈമാറി.


മലയാളികളായ ഒമ്പതുപേരും തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേരുമാണ്‌ ബോട്ടിൽ ഉണ്ടായിരുന്നത്‌. പെരുമാതുറ സ്വദേശി സെബാസ്റ്റ്യൻ (56), മരിയനാട് പുതുവൽ പുരയിടത്തിൽ ബിജുജോസഫ് (46), ലീൻജോസഫ് (52), വിഴിഞ്ഞത്തെ ജൂസ (41), അഗസ്ത്യൻ (50), എഡിസൺ (44), പുതിയതുറ വലിയതോപ്പ് തെക്കേകരയിലെ ഇഗ്‌നേഷ്യസ് (43), മാർട്ടിൻ (44), പുല്ലുവിള കിണറ്റടി വിളാകത്തെ ജോർജ് (43), തമിഴ്‌നാട് ധർമപുരി മല്ലിക്കാടിൽ ചിന്നയ്യൻ (36), കന്യാകുമാരി സ്വദേശികളായ ആന്റണി (48), ബിജു(36), തമിഴ്നാട് തുത്തൂർ സ്വദേശികളായ ആന്റണി ദാസൻ (45), ടൈറ്റസ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്‌.


നടുക്കടലിൽനിന്ന്‌ 
ദ്വീപിലേക്ക്‌


മത്സ്യബന്ധനത്തിനിടെ ഡിസംബർ 15 ന് ആഴക്കടലിൽ വച്ചാണ്‌ എൻജിനുകൾ പ്രവർത്തനരഹിതമായത്‌. തുടർന്ന് കടലിൽ നങ്കൂരമിട്ടു. എന്നാൽ ശക്തമായ കാറ്റിലും മഴയിലും ദിശയറിയാതെ ഒഴുകി സലോമൻ ദീപുകൾക്ക് സമീപമെത്തി. അതുവഴി എത്തിയ ബോട്ടുകളോട് സഹായം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല.


ഇതിനിടെ ബോട്ടുടമ വർഗീസ്  എൻജിൻ തരപ്പെടുത്താനായി ഒരു ശ്രീലങ്കൻ ബോട്ടിൽ കയറിപ്പോയി. വീണ്ടും കടൽക്ഷോഭമുണ്ടായതോടെ തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്ന കേടായ രണ്ട് എൻജിനും ഭക്ഷ്യ സാധനങ്ങളുമെടുത്ത് ചെറിയ ബോട്ടിൽ ആളൊഴിഞ്ഞ ദ്വീപിലേക്ക്‌  എത്തുകയായിരുന്നു. ഭക്ഷണവും വെള്ളവും തീർന്ന് അവശരായതോടെ  ദ്വീപിന് സമീപത്തുകൂടെ കടന്നുപോയ കപ്പലുകളെ ചുവന്ന തുണിവീശി കാണിച്ച് സഹായമഭ്യർഥിച്ചു. ഇതുകണ്ടാണ് ബ്രീട്ടിഷ് കപ്പൽ സഹായത്തിന് എത്തിയത്. കപ്പലിൽ ഉണ്ടായിരുന്നവരാണ്‌ ഭക്ഷണവും വെള്ളവും നൽകിയതെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതേസമയം എൻജിൻ തരപ്പെടുത്താൻ ശ്രീലങ്കൻ ബോട്ടിൽ കയറി പോയതായി പറയപ്പെടുന്ന ബോട്ട് ഉടമ വർഗീസിനെപ്പറ്റി നിലവിൽ മറ്റ് വിവരങ്ങൾ ലഭ്യമല്ല.


കരയിലേക്ക്‌ 
കടൽദൂരം


മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതായി മുംബൈയിലെ മാരിടൈം റെസ്‌ക്യൂ ആൻഡ് കൺട്രോ ൾ സെന്ററിൽ വിവരമറിയിച്ചു. 

തുടർന്ന് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സെന്ററിൽ വിവരം നൽകി. വിഴിഞ്ഞം കോസ്റ്റ്ഗാർഡ് ബ്രിട്ടീഷ് കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടാണ് തൊഴിലാളികളെ കുളച്ചലിൽവച്ച് കൈമാറാൻ ധാരണയായത്. ഡിസംബർ 27 ന് ഇവരുമായി യാത്ര ആരംഭിച്ച ഗ്രാംപിയൻ എൻഡുറൻസ് കപ്പൽ രണ്ടിന്‌ പുലർച്ചെ ശ്രീലങ്കയും ഇന്ത്യയും അതിർത്തി പങ്കിടുന്ന ആഴക്കടലിലെത്തി.


തുടർന്ന് സി.441 എന്ന പട്രോൾ ബോട്ടിൽ വിഴിഞ്ഞം സ്‌റ്റേഷൻ കമാൻഡർ ജി ശ്രീകുമാറിന്റെ നേതൃത്വത്തിൽരാവിലെ കുളച്ചൽ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ ഉള്ളിൽ നങ്കൂരമിട്ട ബ്രിട്ടീഷ് കപ്പലിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഏറ്റുവാങ്ങി.  ക്യാപ്റ്റൻ നിതിൻ ജുഗ്റാൻ ഉൾപ്പെട്ട സംഘംമാണ്‌ ബോട്ടിൽ ഇവരെ തിരികെയെത്തിച്ചത്‌.  പകൽ 12 ഓടെ വിഴിഞ്ഞം കോസ്റ്റ്‌ഗാർഡ് സ്‌റ്റേഷനിലെത്തിച്ച തൊഴിലാളികളുടെ  വൈദ്യപരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കി വിഴിഞ്ഞം തീരപൊലീസിന് കൈമാറി. സംഭവത്തിൽ സംശയിക്കത്തക്കതോ അസ്വാഭാവികതയോ ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.      

        


        Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad