Type Here to Get Search Results !

പുതുവർഷം ആഘോഷിക്കാനെത്തിയത് 4 ലക്ഷം പേർ; 'കൈവിട്ട'ത് 5 കുട്ടികൾ, ഫോർട്ട്കൊച്ചിയിൽ ഗുരുതര വീഴ്ച



 കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ നടത്തിപ്പിൽ ഗുരുതരവീഴ്ച. ഇരുപതിനായിരം ജനങ്ങളെ ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്ന് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ, സുരക്ഷയോ ഒരുക്കിയില്ല. ജനങ്ങളെ നിയന്ത്രിക്കാനുള്ള ഗതാഗത നിയന്ത്രണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. പാപ്പാഞ്ഞി കത്തുമ്പോൾ പുതുവത്സരാവേശത്തിൽ പൊട്ടിത്തെറിച്ച് നിൽക്കുകയായിരുന്നു ഫോർട്ട് കൊച്ചി പരേഡ് മൈതാനം. വെടിക്കെട്ട് കഴിഞ്ഞതോടെ പരേഡ് ഗ്രൗണ്ടിൽ നിന്ന് പുറത്തുവരാൻ തിക്കും തിരക്കുമായി. പൊലീസ് നിയന്ത്രണവും കൈവിട്ടു. താത്കാലിക ബാരികേഡുകൾ പലയിടങ്ങളിലും തകർത്തു. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിൽ മുന്നൊരുക്കത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. ജില്ലാ ഭരണകൂടം കാർണിവൽ നടത്തിപ്പിന് നിയോഗിച്ച സബ് കളക്ടർ പിന്നീട് മാറി. പിന്നാലെ വന്ന ഉദ്യോഗസ്ഥനും മറ്റ് ചുമതലകളുടെ ഭാഗമായി സ്ഥാനമൊഴിഞ്ഞു. ഏറ്റവും ഒടുവിൽ ചുമതലയിലേക്ക് വന്നവർക്ക് കൃത്യമായ ഏകോപനവും സാധ്യമായില്ല. പുതുവത്സരത്തിരക്ക് പരിഗണിച്ച് തോപ്പുംപടി പാലം മുതൽക്കാണ് ഗതാഗതം തടഞ്ഞത്. ഇത് 12 മണിക്ക് ശേഷമുള്ള മടങ്ങിപോക്ക് ദുസഹമാക്കി. ഇരുപത് പേരെയാണ് ദേഹാസ്വാസ്ഥ്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് കുട്ടികളാണ് ഈ തിരക്കിൽ ഒറ്റപ്പെട്ടത്. പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് മാതാപിതാക്കൾക്ക് കുട്ടികളെ കൈമാറിയത്. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നും പരേഡ് ഗ്രൗണ്ടിലേക്ക് മാറിയതിന് ശേഷം പരിമിതികൾ പഠിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതാണ് സംഭവിച്ച വലിയ പിഴവ്. മൈതാനത്ത് നിന്നും പുറത്ത് ഇറങ്ങാനുള്ള വഴികൾ പലതും കെട്ടിയടച്ചതും 12മണിക്ക് ശേഷം സ്ഥിതി വഷളാക്കി. ജില്ലാ ഭരണകൂടത്തെ സമീപിക്കാനാണ് ഫോർട്ട് കൊച്ചിയിലെ റസിഡൻസ് സംഘടനകളുടെ തീരുമാനം. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad