Type Here to Get Search Results !

വില കൂടും: ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുന്നു



 പ്രാദേശിക നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, സ്വർണാഭരണം തുടങ്ങി 35 ഇനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാകും പ്രഖ്യാപനം ഉണ്ടാകുക.


സ്വകാര്യ ജെറ്റുകൾ, ഹെലികോപ്റ്റർ, ഗ്ലോസി പേപ്പർ, വൈറ്റമിനുകൾ എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവയാകും കൂട്ടുക. ഇറക്കുമതി കുറയ്ക്കാനും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.


നികുതി കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങളോട് വാണിജ്യ-വ്യവസായ മന്ത്രാലയം ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.


വ്യാപാര കമ്മി


സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ വ്യാപാര കമ്മി ജിഡിപിയുടെ 4.4ശതമാനമായി ഉയർന്നിരുന്നു. ഒമ്പതുവർഷത്തെ ഏറ്റവും ഉയർന്നതാണിത്. ആഗോള തലത്തിൽ അസംസ്കൃത എണ്ണ ഉൾപ്പടെയുള്ള കമ്മോഡിറ്റികളുടെ വിലയിടിവ് വ്യാപാര കമ്മി കുറയ്ക്കാൻ സഹായകമാകുമെങ്കിലും ദീർഘകാലയളവിൽ അമിതമായി ഇറക്കുമതിയെ ആശ്രയിക്കുന്നതിൽനിന്ന് പിന്മാറാനുള്ള നീക്കമായി ഇതിനെ കാണാം.


വികസിത രാജ്യങ്ങളിലെ ആവശ്യകതയിലുണ്ടായ കുറവ് 2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി വരുമാനത്തെ ബാധിക്കുമെന്നാണ് നിഗമനം. അടുത്ത സാമ്പത്തിക വർഷം വ്യാപാര കമ്മി ജിഡിപിയുടെ 3.2-3.4ശതമാനമായി കുറയുമെന്നും വിലയിരുത്തുന്നു.


ലക്ഷ്യം ദീർഘകാലം


പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല ലക്ഷ്യത്തിന്റെ ഭാഗമായി, അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് പദ്ധതി.


ഇന്ത്യയിൽ നിർമിക്കുക-എന്ന പദ്ധതിയോടൊപ്പം ആത്മനിർഭർ ഭാരതിനെ പിന്തുണയ്ക്കുന്നതിന് കുറച്ച് വർഷങ്ങളായി വിവിധ ഉത്പന്നങ്ങൾക്ക് ഇതിനകം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. സ്വർണേതര ആഭരണങ്ങൾ, കുട, ഇയർഫോൺ എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവ നടപ്പ് സാമ്പത്തിക വർഷത്തിൽതന്നെ ഉയർത്തിയിരുന്നു. സ്വർണത്തിന്റെ തീരുവ 2022ലും കൂട്ടി. തീരുവ ഉയർത്തിയതിലൂട കളിപ്പാട്ടങ്ങളുടെ മാത്രം ഇറക്കുമതിയിൽ 70ശതമാനം കുറവുവരുത്താനായെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad