കൊച്ചി: പറവൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 27 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സതേടി. നോർത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്നാണ് വിവരം. ഹോട്ടൽ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റവരിൽ ഒൻപത് പേർ കുന്നുകര എം.ഇ.എസ്. കോളേജ് വിദ്യാർഥികളാണ്. ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മജ്ലിസ് ഹോട്ടലിൽനിന്ന് കുഴിമന്തി ഉൾപ്പെടെയുള്ളവ കഴിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇക്കാര്യം നഗരസഭയെ അറിയിക്കുകയായിരുന്നു.
ഹെൽത്ത് സൂപ്പർവൈസർ ആർ.ബിനോയിയുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഹോട്ടലിലേക്ക് പോയിട്ടുണ്ടെന്നും നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി പറഞ്ഞു.
ആശുപത്രിയിൽനിന്നുള്ള വിവരത്തെ തുടർന്നാണ് ഹോട്ടൽ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതൽ നടപടികൾ എടുക്കാനാകൂ. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ പ്രതികരിച്ചു.
ഇതുവരെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 27 പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കൂടുതൽ പേർ ഇപ്പോഴും ചികിത്സ തേടിയെത്തുന്നുണ്ട്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി. കടുത്ത വയറുവേദന ഉൾപ്പെടെ അനുഭവപ്പെട്ട ഏതാനും പേരെ മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.