മുംബൈ: പുതുവര്‍ഷത്തില്‍ ജയത്തോടെ തുടക്കമിടാമെന്ന മോഹത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്ക് നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഇന്ത്യയുടെ യുവനിരയാണ് അണിനിരക്കുന്നത്.
ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ടീമിനെ നയിക്കേണ്ട ചുമതല പാണ്ഡ്യക്ക് ലഭിച്ചത്. മുതിര്‍ന്നതാരങ്ങളായ വിരാട് കോലി, കെ.എല്‍. രാഹുല്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരമ്പരയില്‍ കളിക്കുന്നില്ല. കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്ത് ടീമിന്റെ ഭാഗമായിരുന്നില്ല. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ തുടക്കം കൂടിയാണ് പരമ്പര.
ഹാര്‍ദിക് പാണ്ഡ്യക്കും പരമ്പര ഇതോടെ നിര്‍ണായകമാണ്. നിലവില്‍ ഐ.പി.എലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് പാണ്ഡ്യ.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന്‍ കിഷനും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാന്‍ വിക്കറ്റ് കീപ്പറായി ഇറങ്ങിയാലും മധ്യനിരയില്‍ സഞ്ജു ഇറങ്ങാന്‍ സാധ്യതയുണ്ട്. വെടിക്കെട്ട് താരം സൂര്യകുമാര്‍ യാദവ് തന്നെയാണ് ബാറ്റിങ് പ്രതീക്ഷ. ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരും ബാറ്റിങ് നിരയെ ശക്തിപ്പെടുത്തും. ഓള്‍ റൗണ്ടര്‍മാരായി അക്സര്‍ പട്ടേലും ദീപക് ഹൂഡയും ടീമിലുണ്ട്. ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കൊപ്പം ബൗളിങ് നിരയില്‍ ഹര്‍ഷല്‍ പട്ടേലും ഉള്‍പ്പെട്ടേക്കും.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുശേഷം ആദ്യയാണ് ശ്രീലങ്ക ടി20 മത്സരത്തിനിറങ്ങുന്നത്. റാങ്കിങ്ങിലും ഏറെ പിറകിലാണ് അവര്‍. ഇന്ത്യ ഒന്നാമതും ലങ്ക എട്ടാമതുമാണ്. ദസുന്‍ ഷനക നയിക്കുന്ന ടീമില്‍ വാനിന്ദു ഹസരങ്കയാണ് വൈസ് ക്യാപ്റ്റന്‍. പതും നിസങ്ക, ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ് തുടങ്ങിയവരുടെ ബാറ്റിങ് മികവാണ് ലങ്കയുടെ പ്രതീക്ഷ.