Type Here to Get Search Results !

കുറഞ്ഞ താപനില 1.9 ഡിഗ്രി: ഡൽഹി വിറയ്ക്കുന്നു; ട്രെയിൻ, വിമാനസർവീസുകൾ വൈകുന്നു



ന്യൂഡൽഹി: രാജ്യതലസ്ഥാനം തണുത്തു വിറയ്ക്കുന്നു. ഡൽഹി നഗരത്തിലെ പ്രധാന നിരീക്ഷണകേന്ദ്രമായ സഫ്ദർജങ്ങിൽ ഞായറാഴ്ച രാവിലെ ഏറ്റവും കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലെ അയാ നഗറിൽ കുറഞ്ഞ താപനില 2.6 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 2.8 ഡിഗ്രി സെൽഷ്യസും പാലത്തിൽ 5.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഇരുപതോളം വിമാനങ്ങൾ വൈകിയതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. 42 ട്രെയിനുകൾ ഒരു മണിക്കൂർ മുതൽ അഞ്ച് മണിക്കൂർ വരെ വൈകിയതായി നോർത്തേൺ റെയിൽവേ വക്താവും അറിയിച്ചിട്ടുണ്ട്.


ഉത്തർപ്രദേശിലെ കാൻപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ മരിച്ചത് 98 പേരാണ്. ശനിയാഴ്ച മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. 44 പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും 54 പേർ അല്ലാതെയുമാണ് മരിച്ചത്. 333 പേർ ചികിത്സ തേടിയിട്ടുണ്ട്. വിറ്റാമൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാനും ചെറുചൂടിൽ പാനീയങ്ങൾ കുടിക്കാനും ആരോഗ്യ വിദഗ്‌ധർ നിർദേശം നൽകിയിട്ടുണ്ട്.


നേരിയ കാറ്റും ഉയർന്ന ഈർപ്പവും തുടരുന്നതിനാൽ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ രാവും പകലും മൂടൽമഞ്ഞിന സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശീതതരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുപി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾ ശൈത്യകാല അവധി നീട്ടിയിട്ടുണ്ട്.


അതേസമയം, തണുപ്പ് പിടിമുറുക്കിയതോടെ കശ്മീരി ഗേറ്റിൽ മാത്രം പത്തോളം നൈറ്റ് ഷെൽറ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ആളുകളുടെ വരവ് അധികമായതോടെ പലയിടത്തും താൽക്കാലിക ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്. കശ്മീരി ഗേറ്റിൽ മാത്രം രണ്ടായിരത്തിലേറെ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്നാണു ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്മെന്റ് ബോർഡ് നൽകുന്ന വിവരം. എന്നാൽ ഇതിലേറെ ആളുകളുണ്ടെന്നു ഷെൽറ്റർ കേന്ദ്രങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനക്കാർ പറയുന്നു.


ഷെൽറ്ററിൽ മൂന്നു നേരവും ഭക്ഷണം നൽകുന്നുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇവിടെ അന്തിയുറങ്ങുന്ന ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. നഗരത്തിൽ പല ജോലിക്കുമായി എത്തുന്നവർ. വഴിയോര വിൽപനക്കാരും തെരുവിൽ ഭിക്ഷതേടുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഈ തണുപ്പിൽ വീട്ടിലേക്കു മടങ്ങുക പ്രയാസമാണെന്നു പറയുന്നു. അതിനാലാണ് ഷെൽറ്റർ കേന്ദ്രങ്ങളിൽ തങ്ങുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിലേക്കു പോകും. രാത്രി 8 മണിയോടെ ഇവിടെ അത്താഴം വിളമ്പും. ചോറും വെജിറ്റബിൾ കറിയും. ഷെൽറ്ററിനു സമീപത്തായി പോർട്ടബ്ൾ ശുചിമുറികൾ ക്രമീകരിച്ചിട്ടുണ്ട്. രാത്രി 9 മണിയോടെ ഷെൽറ്ററുകളിലെല്ലാം ആളു നിറയും. പലപ്പോഴും ഇടംകിട്ടാതെ മറ്റു സ്ഥലങ്ങൾ തേടി അലയുന്നവരുമുണ്ട്. ഏറ്റവും പ്രതിസന്ധി ശുചിമുറിയാണെന്നു അന്തേവാസികൾ പറയുന്നു.


വൃത്തിഹീനമായ സാഹചര്യവും മോശം അവസ്ഥയുമെല്ലാം ഇവരെ ബാധിക്കുന്നുണ്ട്. 18,768 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന 264 സ്ഥിര–താൽക്കാലിക ഷെൽറ്ററുകൾ നഗരത്തിൽ പലയിടത്തായുണ്ട്. എന്നാൽ ഇതിലുമേറെ ആളുകൾ ഇവിടെ അന്തിയുറങ്ങുന്നുവെന്നാണു വിവരം. ഇതിന്റെ പലമടങ്ങ് ആളുകൾ ഇപ്പോഴും നിരത്തിൽ കഴിയുന്നുണ്ടെന്നു വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad