Type Here to Get Search Results !

ടെലിവിഷന്‍ കാഴ്ചകളുടെ സമൃദ്ധി ഇല്ലാതിരുന്നിട്ടും സമ്പൂര്‍ണ കളിക്കാരനായ പെലെ



മാറഡോണയെപ്പോലെ എതിര്‍നിരയിലേക്ക് നേരിട്ട് ചെല്ലുന്ന പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ പന്തിനായി ഉയര്‍ന്നുചാടുന്ന പെലെ, ഏതാണ്ട് മെസ്സിയെപ്പോലെ ഡ്രിബിള്‍ചെയ്ത് കയറുന്ന പെലെ ഇതൊക്കെയാണ് പഴയ കളികളുടെ ദൃശ്യങ്ങളിലൂടെയുള്ള പര്യവേഷണം നമുക്ക് സമ്മാനിക്കുക.

 


 

 

 

Photo: Getty Images

 

 

വാര്‍ധക്യത്തില്‍ മകന്റെ ദുര്‍നടപ്പുകള്‍ സമ്മാനിച്ച വേദനകള്‍ മാറ്റിനിര്‍ത്തിയാല്‍, കളിക്കളത്തില്‍ പെലെ മറ്റാരെയും അപേക്ഷിച്ച് എല്ലാംകൊണ്ടും ഭാഗ്യവാനാണ്. 1990-കളില്‍ പെലെയുടെ പഴയ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്മോസിനുവേണ്ടി ഗോളിയായി കളിച്ചിട്ടുള്ള പെലെയുടെ മകന്‍ എഡ്സണ്‍ ചോള്‍ബി ഡൊ നാസിമെന്റോ എന്ന എഡിഞ്ഞോയെ ബ്രസീലിലെ ഒരു കോടതി, മയക്കുമരുന്ന് ഇടപാട് കേസില്‍ 2014-ല്‍ 33 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയുണ്ടായി, പിന്നീടിത് 12 വര്‍ഷമായി കുറയ്ക്കുകയും തടവ് വീട്ടില്‍ അനുഭവിച്ചാല്‍മതിയെന്ന ഇളവ് എഡിഞ്ഞോ സമ്പാദിക്കുകയും ചെയ്തു. നല്ല പെരുമാറ്റത്തിന്റെ ആനുകൂല്യങ്ങള്‍ എഡിഞ്ഞോയ്ക്ക് ലഭിച്ചത് പെലെയുടെ മകന്‍ എന്ന പരിഗണനകൊണ്ടുകൂടിയാവാം. പെലെയുടെ ആദ്യഭാര്യയിലെ മകനാണ് എഡിഞ്ഞോ.

 

അതൊരു ഭാഗ്യമാണ്. വലിയ ഭാഗ്യം കളിക്കളത്തില്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ക്ലബ്ബായ സാന്റോസിലാകട്ടെ ബ്രസീല്‍ ദേശീയ ടീമിലാകട്ടെ പ്രഗല്ഭരായ ഒരുസംഘം കളിക്കാരുടെ നക്ഷത്രത്തിളക്കം പെലെയുടെ കളിക്ക് ചുറ്റുമുണ്ടായിരുന്നു. ഇവരില്‍ ഏതാണ്ടെല്ലാവരുംതന്നെ സ്വന്തം നിലയ്ക്ക് ചരിത്രം രചിച്ചവരുമാണ്. സ്വന്തം വാസനയെ പരിപോഷിപ്പിക്കുന്നതില്‍ ഈ നക്ഷത്രക്കൂട്ടായ്മയുടെ മേന്മ പെലെയ്ക്ക് ലഭിച്ചിട്ടുണ്ടാവണം. നാല് ലോകകപ്പുകളില്‍ പങ്കെടുക്കുകയും മൂന്നിലും ജയിച്ചുകയറുകയും ചെയ്തിട്ടുള്ള കളിക്കാരനാണ് പെലെ. 1962-ല്‍ ചിലിയില്‍ നടന്ന ലോകകപ്പില്‍ പരിക്കുമൂലം കളി പൂര്‍ത്തിയാക്കാനാവാതെവന്നുവെങ്കിലും.

 

പെലെയ്ക്ക് സമശീര്‍ഷരായ സമകാലികര്‍ക്കോ അദ്ദേഹത്തെ പിന്തുടര്‍ന്ന് പിന്നീട് വന്നവര്‍ക്കോ ഈ റെക്കോഡുണ്ടാവില്ല. ആല്‍ഫ്രഡൊ ഡെസ്റ്റിഫാനോക്ക് ലോകകപ്പില്‍ കളിക്കാനുള്ള അവസരം കൈമോശംവന്നു. ജോര്‍ജ് ബെസ്റ്റ് വടക്കന്‍ അയര്‍ലന്‍ഡുകാരനായതിനാലും ആ ടീമിന് യോഗ്യതാഭാഗ്യമില്ലാതിരുന്നതിനാലും ലോകകപ്പില്‍ കളിക്കാന്‍തന്നെ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഫെറങ്ക് പുസ്‌കാസിനോ യോഹാന്‍ ക്രൈഫിനോ കപ്പില്‍ കൈവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മാറഡോണയ്ക്ക് അത് സാധിച്ചു. പെലെയുടെ നേട്ടങ്ങള്‍ ബ്രസീലിന്റെ മേന്മയാണ് ഇങ്ങനെ എടുത്തുകാണിക്കപ്പെടുന്നത്.

 

അതേസമയംതന്നെ ടെലിവിഷന്‍ വ്യാപകമാവുംമുന്‍പ്, കളിച്ചുമറഞ്ഞത് കാരണം പെലെയുടെ കളി തല്‍സമയം കാണാനുള്ള ഭാഗ്യം ഒരു ചെറു ന്യൂനപക്ഷത്തിനേ ഉണ്ടായിട്ടുണ്ടാവൂ. അതിനാല്‍ കുറെയൊക്കെ കണ്ടാസ്വദിക്കാന്‍ യുട്യൂബിലെ ദൃശ്യഖണ്ഡങ്ങളെ ആശ്രയിക്കുക മാത്രമേ വഴിയൂള്ളൂ. സ്വാഭാവികമായും അതില്‍ പല കാര്യങ്ങളും വിട്ടുപോകും.

 

ഗോളുകള്‍ ധാരാളമായി അടിച്ചുകൂട്ടിയിട്ടുള്ളതുകൊണ്ട് പെലെ, പെനാല്‍ട്ടി ബോക്സില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള, കാല്‍കൊണ്ടും തലകൊണ്ടും യഥേഷ്ടം എതിരാളികളെ കശക്കുന്ന ഒരാള്‍രൂപമാണെന്ന ധാരണ പെലെതന്നെ തിരുത്തുന്നുണ്ട്. വാസ്തവത്തില്‍ ഈ രീതിയില്‍ ഗോളുകള്‍ നേടാന്‍ സമര്‍ഥനാണ് പെലെ. ഇതോടൊപ്പം, മറ്റ് സിദ്ധികളും കൂടിയാണ് പെലെയെ പെലെയാക്കുന്നത്. ഓടുന്നതിനിടയില്‍ വേഗം വര്‍ധിപ്പിക്കാനും കുറയ്ക്കാനുമുള്ള കഴിവ്, തന്നെ ചെറുക്കാന്‍ നിയുക്തരാവുന്ന എതിരാളികളെ പന്തടക്കത്തിലൂടെ വകഞ്ഞുമാറ്റാനുള്ള ശേഷി ഇവയ്ക്കുപുറമേ കൃത്യമായി പാസ്‌ചെയ്യാനും നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് പന്ത് സ്വീകരിക്കാനും പെലെയ്ക്ക് സാധിക്കുന്നു. തികഞ്ഞ സ്വാധീനമുള്ള വലതുകാല്‍കൊണ്ടെന്നതുപോലെ ഇടതുകാല്‍കൊണ്ടും പെലെ ഗോളടിക്കുന്നത് കാണാം. ഉയര്‍ന്നുചാടി തലകൊണ്ട് ഗോളടിക്കാനും വിദഗ്ധന്‍. അതിനാല്‍ പെലെ ഒരു സമ്പൂര്‍ണ പാക്കേജായിരുന്നു എന്ന് പറയുന്നത് അധികപ്പറ്റാവില്ല.

 

ടീം മൊത്തത്തില്‍ ആക്രമണത്തിന്റെ കുന്തമുനയായി സങ്കല്പിക്കുന്ന അടിമുടി സെന്റര്‍ ഫോര്‍വേഡിനെ ഒമ്പതാം നമ്പര്‍ എന്നാണല്ലോ പറയുക. ഇപ്പോഴത്തെ വിന്യാസരീതിയനുസരിച്ച് അല്പം ഇറങ്ങിനില്‍ക്കുന്ന 10-ാംനമ്പറായിരുന്നു താനെന്ന് പെലെതന്നെ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കളിക്കാരനും ഇടനിരയ്ക്കും ഇടയ്ക്ക് ഒരു സ്ഥലമുണ്ടെങ്കില്‍ അവിടെയായിരിക്കും 10-ാംനമ്പറിന്റെ രംഗവേദി. മധ്യനിരയ്ക്കും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആളിനുമിടയില്‍ ഒരു കണ്ണിയായി വര്‍ത്തിക്കുന്ന ഈ കളിക്കാരന്‍ ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നു. അഞ്ചടി എട്ടിഞ്ച് വരുന്ന ശരാശരി ഉയരക്കാരനെങ്കിലും ജന്മസിദ്ധമായ കായബലവും പന്ത് കാലിന് സമീപംതന്നെ നിര്‍ത്തിക്കൊണ്ട് അതിനെ നിയന്ത്രിച്ച് മുന്നേറുന്ന നീക്കങ്ങളും പെലെയെ പ്രബലരായ ഡിഫെന്‍ഡര്‍മാരെ മറികടക്കുന്നതിന് സഹായിച്ചിട്ടുണ്ട് എന്ന് നമുക്ക് അനുമാനിക്കാം.

 

തന്റെ കളിയെ പെലെ ഇങ്ങനെ അടയാളപ്പെടുത്തിയതിന് ഒരു കാരണം കളിയിലെ വിന്യാസരീതികളെ പുതിയകാലത്ത് വിലയിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയിട്ടാവാം. ആ രീതിയനുസരിച്ച് പറയുമ്പോള്‍ ഇന്നത്തെ കാണികള്‍ക്ക് അത് വേഗത്തില്‍ മനസ്സിലാവും എന്നതുകൊണ്ടുകൂടിയാണിത്. 1970-ലെ ബ്രസീല്‍ ടീമില്‍ താന്താങ്ങളുടെ ക്ലബ്ബുകള്‍ക്ക്, പെലെയുള്‍പ്പെടെ (സാന്റോസ്) 10-ാംനമ്പര്‍ കളിക്കുന്ന അഞ്ചുപേരുണ്ടായിരുന്നു എന്നത് കൗതുകകരമാണ്. റിവലിനൊ (കൊറിന്ത്യന്‍സ്), ടോസ്റ്റാവോ (ക്രൂസെയ്റോ), ജയര്‍സിഞ്ഞോ (ബോട്ടഫാഗോ), ഗെര്‍സന്‍ (സാവോപോളോ) എന്നിവരെയൊക്കെ വിളക്കിച്ചേര്‍ത്തത് അദ്ഭുതകരംതന്നെ.

 

പാസ് നല്‍കുന്നതില്‍ മാത്രമല്ല, അത് സ്വീകരിക്കുന്നതിന് സ്ഥാനംപിടിച്ച് ഒരുങ്ങുമ്പോള്‍, പന്തിന്റെ ഗതി മുന്‍കൂട്ടി കാണുന്നത് എതിരാളികള്‍ക്കുമേല്‍ തനിക്ക് മേല്‍ക്കൈ നല്‍കിയതായി പെലെ പറയുന്നു. ഒരു പ്രതിരോധക്കാരന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഗതിയാണിത്. ചോര്‍ച്ച അടയ്ക്കാന്‍ അയാള്‍ക്ക് കിട്ടുന്ന സമയം അത്ര കുറയുന്നു.

 

ലോകകപ്പിന് പുറത്തും സാന്റോസിനുവേണ്ടി പെലെ ഗംഭീരമായി കളിച്ചിട്ടുണ്ട് എന്നത് പലപ്പോഴും ഓര്‍ക്കാതെപോകാറുണ്ട്. 1962-ലെ അന്നത്തെ ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പായ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ പോര്‍ച്ചുഗലിലെ പ്രശസ്തരായ ബെനിഫീക്കയെ രണ്ട് പാദങ്ങളിലായി സാന്റോസ് പരാജയപ്പെടുത്തിയത് ഇത്തരമൊരു സന്ദര്‍ഭമാണ്. ലിസ്ബണിലെ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ രണ്ടാംപാദ മത്സരം സാന്റോസ് 5-2-ന് ജയിച്ചപ്പോള്‍ പെലെ ഹാട്രിക് നേടി. റിയോ ഡി ജനൈറോയിലെ മാരക്കാനയില്‍ നടന്ന ആദ്യപാദത്തിലും സാന്റോസിനായിരുന്നു ജയം. സ്‌കോര്‍ 3-2. പെലെയുടെ വക രണ്ട് ഗോള്‍. ആകെ എട്ട് ഗോളില്‍ സ്വന്തംപേരില്‍ മാത്രം അഞ്ച് ഗോള്‍. തന്റെ അവിസ്മരണീയമായ മത്സരമായാണ് ഈ കളിയെ പെലെ എണ്ണുന്നത്. പ്രസിദ്ധനായ യൂസേബിയോ ബെനിഫീക്കയുടെ അണിയിലുണ്ടായിരുന്നു. പെലെയ്ക്ക് പുറമേ കുട്ടീഞ്ഞോ, സീറ്റോ, പെപ്പെ തുടങ്ങിയ പ്രഗല്ഭര്‍ സാന്റോസിന്റെ നിരയിലും.

 

നടാടെ തെക്കേ അമേരിക്കന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ കോപ്പ ലിബര്‍ട്ടഡോറസ് നേടിക്കൊണ്ടാണ് സാന്റോസ്, ഇന്റര്‍ കോണ്ടിനന്റലിന്റെ ഫൈനലിലേക്ക് കടക്കുന്നത്. 1962-ല്‍ മികച്ച ഫോമിലായിരുന്നു അവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ 26 ഗോളടിച്ച അവര്‍ ആറെണ്ണം മാത്രം തിരിച്ചുവാങ്ങി. ഫൈനലില്‍ യുറഗ്വായിലെ പെനറോളായിരുന്നു എതിരാളി. എതിര്‍ഗ്രൗണ്ടിലെ ആദ്യപാദത്തില്‍ സാന്റോസ് 2-1 ജയിക്കുന്നു. സാന്റോസ് ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ പെനറോള്‍ എതിരാളികളെ 3-2-ന് തോല്പിച്ചതോടെ അര്‍ജന്റീനയിലെ റിവര്‍ പ്ലേറ്റിന്റെ മോണുമെന്റാല്‍ സ്റ്റേഡിയത്തില്‍ ഒരു പ്ലേ ഓഫിന് അരങ്ങൊരുങ്ങി. സാന്റോസ്, പെലെയുടെ വക രണ്ട് ഗോളോടെ എതിരാളികളെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്പ്പിക്കുന്നു. അടുത്തതവണയും സാന്റോസ് തന്നെയായിരുന്നു ചാമ്പ്യന്‍മാര്‍. എതിരാളികള്‍ അര്‍ജന്റീനയുടെ ബൊക്ക ജൂനിയേഴ്സ്. ആദ്യപാദത്തില്‍ 3-2-നും രണ്ടാംപാദത്തില്‍ എതിരാളികളുടെ ഗ്രൗണ്ടില്‍ 2-1-നുമായിരുന്നു ജയം. രണ്ട് ഗോളും പെലെയുടെ വക. സാന്റോസ് അക്കാലത്ത് സന്റാസ്റ്റിക്കോസ് എന്ന പേരും സമ്പാദിച്ചു. പിന്നീട് 2011-ല്‍ മാത്രമേ സാന്റോസ് കോപ്പ ലിബര്‍ട്ടഡോറസ് നേടുന്നുള്ളൂ. ആ ടീമില്‍ നെയ്മറുണ്ട്.

 

പെലെ അടിക്കാതെപോയ ചില ഗോളുകളും പ്രശസ്തംതന്നെ. 1970-ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പില്‍ പെലെ സെമിയില്‍ യുറഗ്വായ് ഗോളി മസൂര്‍കിയേവ്ക്സിനെ കബളിപ്പിക്കാന്‍ നോക്കുന്നുണ്ട്. കോണ്‍ ചേര്‍ന്ന ഒരു നീണ്ട പാസില്‍ പിടികൂടാനുള്ള ശ്രമത്തില്‍ പന്ത് തൊടാതെ, കയറിവരുകയായിരുന്ന ഗോളിയുടെ പിന്നിലൂടെ അതിനെ സഞ്ചരിക്കാന്‍ അനുവദിക്കുന്നു. തുടര്‍ന്ന് ഗോളിക്ക് കിട്ടാതെപോയ പന്ത് വിഷമകരമായ ഒരു സ്ഥാനത്തുനിന്ന് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. പന്ത് അകലെ പോസ്റ്റിന് പുറത്തുകൂടെ ചെറിയ വ്യത്യാസത്തില്‍ പോകുന്നത് കാണുമ്പോള്‍ നഷ്ടബോധം ജനിപ്പിക്കുന്നതിനെക്കാള്‍ ആ പ്രയത്‌നത്തിന്റെ മൗലികതയില്‍ കാണികള്‍ അമ്പരന്നുപോകയാണ്. 

 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഒരേയൊരു ഗോള്‍ നേടാന്‍ പാസ് പുറപ്പെട്ടത് പെലെയുടെ കാലില്‍നിന്നായിരുന്നു. അരക്ഷണംകൊണ്ട് ആ അവസരത്തിന്റെ സാധ്യത തെളിച്ചെടുക്കുകയാണ് പെലെ. ഫൈനലില്‍ ഇറ്റലിക്കെതിരേ പ്രതിരോധനിരയില്‍നിന്ന് കയറിവരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോയെ കാത്തുനില്‍ക്കുകയാണ് പെലെ. ആ അവസരം എങ്ങനെ വായിച്ചെടുത്തു? പരിശീലനക്കളരിയില്‍ അഭ്യസിച്ചതാവാം, അല്ലെങ്കില്‍ തികഞ്ഞ മനോധര്‍മവുമാവാം. ആല്‍ബര്‍ടോ ഇടിവെട്ടുംപോലെ പന്ത് വലയിലേക്കടിച്ച് നാലാമത്തെതും അവസാനത്തെതുമായ ഗോള്‍ നേടുന്നു. സ്റ്റേഡിയം പൊട്ടിത്തെറിക്കുന്നു.

 

ടെലിവിഷനുമുന്‍പും ശേഷവുമുള്ള ഫുട്ബോള്‍കാഴ്ചകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രണ്ടാംഘട്ടത്തില്‍ കളിച്ചവര്‍ കണ്ണിലും ഒപ്പം മനസ്സിലും കൂടുതല്‍ ശോഭയോടെ തങ്ങളുടെ കളി പതിപ്പിക്കും എന്നത് വസ്തുതയാണ്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ നേരേ മറിച്ചും സംഭവിക്കാറുണ്ട്. പഴയകാലത്തെ കാല്പനികമായി കാണാനുള്ള പ്രേരണയും ഉണ്ടായെന്നുവരാം. എന്നാല്‍ ടെലിവിഷന്‍കാഴ്ചകളുടെ സമൃദ്ധി ഇല്ലാതിരുന്നിട്ടുകൂടി പെലെ സമ്പൂര്‍ണ കളിക്കാരനായിരുന്നു എന്നുതന്നെയാണ് അദ്ദേഹത്തോട് ഒപ്പം കളിച്ചവരുടെയും കളി കണ്ടവരുടെയും വാക്കുകളും പറഞ്ഞതും കേട്ടതും എഴുതപ്പെട്ടതും ദൃശ്യഖണ്ഡങ്ങളായി കണ്ടതും ശരിവയ്ക്കുന്ന കാര്യം. കളി ഇക്കാലത്ത് വളരെ വേഗമാര്‍ജിച്ചിട്ടുണ്ടെങ്കില്‍കൂടി പഴയ കളികളില്‍ പ്രകടമാകുന്ന സാമര്‍ഥ്യവും കൗശലവും ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.

 

മാറഡോണയെപ്പോലെ എതിര്‍നിരയിലേക്ക് നേരിട്ട് ചെല്ലുന്ന പെലെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ പന്തിനായി ഉയര്‍ന്നുചാടുന്ന പെലെ, ഏതാണ്ട് മെസ്സിയെപ്പോലെ ഡ്രിബിള്‍ചെയ്ത് കയറുന്ന പെലെ ഇതൊക്കെയാണ് പഴയ കളികളുടെ ദൃശ്യങ്ങളിലൂടെയുള്ള പര്യവേഷണം നമുക്ക് സമ്മാനിക്കുക. കൂട്ടുകളിക്കാരുടെ സ്‌നേഹാദരങ്ങള്‍ നേടുന്നതിലും പെലെ ഭാഗ്യവാനായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad