അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ കഴിഞ്ഞപ്പോൾ മത്സരം നിയന്ത്രിച്ച സ്‌പാനിഷ് റഫറിയായ മാത്യു ലാഹോസിനെതിരെ രൂക്ഷമായ വിമർശനമാണ് രണ്ടു ടീമുകളും നടത്തിയത്. അർജന്റീന നായകൻ ലയണൽ മെസി ഇതുപോലൊരു മത്സരം നിയന്ത്രിക്കാനുള്ള യോഗ്യത ലാഹോസിനില്ലെന്നാണ് പറഞ്ഞത്. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനക്കു വേണ്ടി രണ്ടു കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഉപയോഗശൂന്യൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ഇതിനു പുറമെ ഹോളണ്ട് മധ്യനിര താരമായ ഫ്രാങ്കീ ഡി ജോങ്ങും റഫറിക്കെതിരെ വിമർശനം നടത്തിയിരുന്നു.
മത്സരത്തിൽ ലാഹോസ് എടുത്ത അനാവശ്യമായ തീരുമാനങ്ങളാണ് താരങ്ങളെ ചൊടിപ്പിച്ചത്. ഒരു റെഡ് കാർഡ് ഉൾപ്പെടെ പതിനേഴു തവണയാണ് റഫറി മത്സരത്തിൽ ബുക്കിങ് നടത്തിയത്. അതിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്ക് നേരെയായിരുന്നു. ഇതേത്തുടർന്ന് മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നീ താരങ്ങൾക്ക് സെമി ഫൈനലിൽ സസ്‌പെൻഷൻ ലഭിക്കുകയും ചെയ്‌തു. ഇതിനു പുറമെ റഫറി നൽകിയ അനാവശ്യമായ ഫ്രീ കിക്കുകളും താരങ്ങൾ വിമർശനം നടത്താൻ കാരണമായി. ഹോളണ്ട് ഗോൾ നേടണമെന്നതു പോലെയാണ് റഫറിയുടെ തീരുമാനങ്ങൾ ഉണ്ടായതെന്നും മാർട്ടിനസ് പറഞ്ഞിരുന്നു.
എന്തായാലും മാത്യു ലാഹോസ് ഇനിയീ ലോകകപ്പിലെ ഒരു മത്സരവും നിയന്ത്രിക്കില്ലെന്നാണ് സ്‌പാനിഷ് മാധ്യമമായ കോപ്പേ വെളിപ്പെടുത്തുന്നത്. ഖത്തർ ലോകകപ്പിലെ അദ്ദേഹത്തിന്റെ ചുമതലകൾ അവസാനിച്ചുവെന്നും ലാഹോസ് ഖത്തറിൽ നിന്നും സ്പെയിനിലേക്ക് തിരിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ലോകകപ്പിൽ ലൂസേഴ്‌സ് ഫൈനൽ അടക്കം ഇനി നാല് മത്സരങ്ങൾ നടക്കാനിരിക്കെയാണീ ലാഹോസ് നാട്ടിലേക്ക് തിരിച്ചെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇതോടെ ഇനി ഒരു ടീമിന്റെയും മത്സരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹം ഉണ്ടാകില്ലെന്നാണ് ഈ വാർത്തകൾ വെളിപ്പെടുത്തുന്നത്.
വിവാദപരമായ തീരുമാനങ്ങൾ കൊണ്ട് മുൻപും ശ്രദ്ധാകേന്ദ്രമായ റഫറിയാണ് ലാഹോസ്. ലാ ലിഗയിൽ സ്ഥിരം മത്സരങ്ങൾ നിയന്ത്രിക്കാറുള്ള അദ്ദേഹം മെസിക്കെതിരെ പലപ്പോഴും എടുത്ത തീരുമാനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒരിക്കൽ തന്റെ തെറ്റായ തീരുമാനത്തിന് ലാഹോസ് പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു. അതേസമയം റഫറിക്കെതിരെ വിമർശനം നടത്തിയതിനു അർജന്റീന താരങ്ങൾക്കെതിരെ ഫിഫ അച്ചടക്കലംഘനം സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് നടപടികൾ എന്തെങ്കിലും ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.