Type Here to Get Search Results !

അത്തരം അസംബന്ധങ്ങൾക്ക് ഊർജം പാഴാക്കാനില്ല'; മാർട്ടിനസിന് എംബാപ്പെയുടെ മറുപടി



പാരിസ്: ലോകകപ്പ് ഫൈനൽ ആഘോഷത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ പരിഹാസങ്ങളോടും അധിക്ഷേപങ്ങളോടും പ്രതികരിച്ച് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. അത്തരം കാര്യങ്ങൾക്ക് ഊർജം കളയാനില്ലെന്ന് താരം വ്യക്തമാക്കി. മത്സരശേഷം ലയണൽ മെസിയുമായി സംസാരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നുവെന്നും എംബാപ്പെ വെളിപ്പെടുത്തി. ലോകകപ്പ് ഇടവേളയ്ക്കുശേഷം ഫ്രഞ്ച് ലീഗിൽ നടന്ന പി.എസ്.ജിയുടെ ആദ്യ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂപ്പർ താരം. 'ലോകകപ്പ് ഫൈനലിലെ പരാജയം പ്രയാസകരമായിരുന്നു. ഇന്ന് ജയിച്ചപ്പോൾ ആശ്വാസം തോന്നിയതു അതുകൊണ്ടാണ്. എനിക്ക് അവസാന ഗോൾ നേടാനുമായി.'-സ്ട്രാസ്‌ബെർഗിനെതിരെ നേടിയ പെനാൽറ്റി ഗോൾ സൂചിപ്പിച്ച് എംബാപ്പെ പറഞ്ഞു. 'ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനൽ തോൽവി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമർപ്പിക്കും. ഫൈനലിനുശേഷം ഞാൻ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു.-എംബാപ്പെ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫൈനലിനുശേഷം മാർട്ടിനസ് നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും താരം നിലപാട് വ്യക്തമാക്കി. 'എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. (അദ്ദേഹത്തിന്റെ) ആഘോഷങ്ങൾ എന്റെ പ്രശ്‌നമല്ല. അത്തരം അസംബന്ധങ്ങൾക്കു വേണ്ടി ഞാൻ സമയം പാഴാക്കില്ല.'-എംബാപ്പെ കൂട്ടിച്ചേർത്തു. ലോകകപ്പ് വിജയത്തിനുശേഷം എംബാപ്പെയ്ക്കു വേണ്ടി ഒരു മിനിറ്റ് മൗനമാചരിക്കുന്നുവെന്നു പറഞ്ഞായിരുന്നു ഡ്രെസിങ് റൂമിൽ എമി മാർട്ടിനസിന്റെ പരിഹാസം. പിന്നീട് അർജന്റീന തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ തുറന്ന വാഹനത്തിൽ കിടീരവുമായി നടന്ന വിജയാഘോഷയാത്രയിലും മാർട്ടിനസ് എംബാപ്പെയ്‌ക്കെതിരെ അധിക്ഷേപം തുടർന്നു. എംബാപ്പെയുടെ മുഖം ഒട്ടിച്ച പാവയും കൈയിൽ പിടിച്ചായിരുന്നു ആഘോഷം. ഈ സമയത്ത് മെസി തൊട്ടടുത്തുണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. നേരത്തെ, ലോകകപ്പ് സമാപനവേദിയിൽ ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം നടത്തിയ മാർട്ടിനസിന്റെ അംഗവിക്ഷേപങ്ങളും ഏറെ വിവാദമായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad