പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം. ഒരാൾ മരിച്ചു. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. പാലത്തിങ്കൽ ബിനുവാണ് അപകടത്തിൽ പെട്ടത്. ഫയർ ഫോഴ്സിന്റെ സ്ക്രൂബ ടീം ഇയാളെ കരയ്ക്ക് എടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയ - ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്. സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കൽപ്പിക അപകട സാഹചര്യം സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനിടെയാണ് പത്തനംതിട്ടയിൽ ബിനു ഒഴുക്കിൽപെട്ടത്.