കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ രണ്ടാംസ്ഥാനത്തായിരുന്ന കേരളം, ഇത്തവണ ആറാംസ്ഥാനത്തായി. 82 പോയിന്റോടെ തമിഴ്നാട് ഒന്നാംസ്ഥാനവും 77.5 പോയിന്റോടെ ഗുജറാത്ത് രണ്ടാംസ്ഥാനവും നേടി. മഹാരാഷ്ട്രയും ഹിമാചല്‍പ്രദേശും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. പശ്ചിമബംഗാളും മധ്യപ്രദേശും തുല്യ പോയിന്റുകള്‍ നേടി അഞ്ചാംസ്ഥാനത്തെത്തി.
വിവിധ നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് മികവ് ആവര്‍ത്തിക്കാനായില്ല. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) പദ്ധതി നിര്‍വഹണം എന്നിവയിലും പ്രകടനം മോശമായി.