Type Here to Get Search Results !

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ

 


ദോഹ: ഒടുവില്‍ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായി ലൂക്കാ മോഡ്രിച്ചും സംഘവും മടങ്ങുന്നു. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തില്‍ മൊറോക്കോയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ബുഫാലും നെസിരിയും ഹക്കീം സിയെച്ചും അമ്രാബാത്തുമെല്ലാം ചേര്‍ന്ന മൊറോക്കോ സംഘം മികച്ച പ്രകടനം തന്നെ ക്രൊയേഷ്യയ്‌ക്കെതിരെയും പുറത്തെടുത്തു.

ജോസ്‌കോ ഗ്വാര്‍ഡിയോളും മിസ്ലാവ് ഓര്‍സിച്ചും ക്രൊയേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അഷ്‌റഫ് ഡാരി മൊറോക്കോയുടെ ഏക ഗോളിന്റെ ഉടമയായി.

മത്സരത്തിലുടനീളം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്‌സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് ഒമ്പതാം മിനിറ്റില്‍ മൊറോക്കോ തിരിച്ചടിച്ചു. അഷ്‌റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ഹക്കീം സിയെച്ചെടുത്ത ഒരു ഫ്രീ കിക്ക് ക്ലിയര്‍ ചെയ്തതില്‍ ക്രൊയേഷ്യന്‍ താരം ലോവ്‌റോ മയര്‍ വരുത്തിയ ചെറിയ പിഴവാണ് ഗോളിന് വഴിവെച്ചത്. മയറുടെ തലയില്‍ തട്ടി ഉയര്‍ന്ന പന്ത് നേരേപോയത് ക്രൊയേഷ്യന്‍ പോസ്റ്റിന് മുന്നിലേക്ക്. അവസരം മുതലെടുത്ത് ഡാരി ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

19-ാം മിനിറ്റില്‍ പെരിസിച്ചിന്റെ ക്രോസില്‍ നിന്നുള്ള ക്രാമറിച്ചിന്റെ ഹെഡര്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോ പിടിച്ചെടുത്തു.

24-ാം മിനിറ്റില്‍ ഇരട്ട സേവിലൂടെ ബോനു മൊറോക്കോയുടെ രക്ഷയ്‌ക്കെത്തി. ആദ്യം മോഡ്രിച്ചിന്റെ ഷോട്ട് തട്ടിയകറ്റിയ ബോനോ, പിന്നീട് റീബൗണ്ട് വന്ന പന്ത് മുന്നിലുണ്ടായിരുന്ന പെരിസിച്ചിന് ടാപ് ചെയ്യാനാകും മുമ്പ് തട്ടിയകറ്റുകയും ചെയ്തു.

പിന്നാലെ പന്ത് കൈവശം വെയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ 42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ചിലൂടെ വീണ്ടും ലീഡെടുത്തു. മികച്ചൊരു ക്രൊയേഷ്യന്‍ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. മാര്‍ക്കോ ലിവായ നല്‍കിയ പന്തില്‍ നിന്നുള്ള ഓര്‍സിച്ചിന്റെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. സ്ഥാനം തെറ്റിനിന്ന ബോനോയ്ക്ക് കൈയെത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു പന്തിന്റെ സഞ്ചാരപാത.

രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതില്‍ മുന്നിട്ടുനിന്ന ക്രൊയേഷ്യ, മൊറോക്കോ ആക്രമണങ്ങള്‍ ഓരോന്നായി പ്രതിരോധിക്കുകയായിരുന്നു. പിന്നാലെ 74-ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളിനെ അമ്രാബാത്ത് ബോക്‌സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി നിഷേധിക്കുകയയിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ എന്‍ നെസിരിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി.

പിന്നാലെ 88-ാം മിനിറ്റില്‍ അമ്രാബാത്തിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad