അർജന്റീനക്കെതിരെ ലോകകപ്പ് ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മുൻനിര താരങ്ങൾക്കെതിരെ ഫ്രാൻസിൽ വംശീയാധിക്ഷേപം. മുന്നേറ്റനിരയിലെ കിങ്സ്‍ലി കോമാൻ, മിഡ്ഫീൽഡർ ഒറേലിയൻ ഷുവാമേനി എന്നിവരാണ് കടുത്ത വംശവെറിക്കിരയായത്.ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ ഫ്രാൻസിനായി കിക്കെടുത്ത കോമാന്റെ ഷോട്ട് അർജന്റീന കീപർ മാർടിനെസ് തടുത്തിട്ടപ്പോൾ ഷുവാമേനി പുറത്തേക്കടിക്കുകയായിരുന്നു. മറുവശത്ത്, കിക്കെടുത്ത എല്ലാവരും ഗോളാക്കി അർജന്റീന 4-2ന് കളി ജയിച്ച് കപ്പുമായി മടങ്ങി. വംശീയ പരാമർശത്തെ തുടർന്ന് കോമാന് പിന്തുണ അറിയിച്ച് സ്വന്തം ക്ലബായ ബയേൺ മ്യൂണിക് രംഗത്തെത്തി. ''ബയേൺ മ്യൂണിക് കുടുംബം അങ്ങേക്കു പിന്നിൽ ഉറച്ചുനിൽക്കുന്നു, രാജാവേ. കളിയിലോ നമ്മുടെ സമൂഹത്തിലോ വംശവെറിക്ക് ഇടമില്ല''- എന്നായിരുന്നു ക്ലബ് ട്വീറ്റ് ചെയ്തത്. 2020 യൂറോ ഫൈനലിൽ ഇറ്റലിക്കു മുന്നിൽ കീഴടങ്ങിയതിനു പിന്നാലെ മാർകസ് റാഷ്ഫോഡ്, ജേഡൺ സാഞ്ചോ, ബുകായോ സാക എന്നിവർക്കുനേരെ വംശീയാധിക്ഷേപമുയർന്നിരുന്നു. അന്നും ഷൂട്ടൗട്ടിൽ മൂന്നു താരങ്ങളും പെനാൽറ്റി നഷ്ടപ്പെടുത്തി. സമീപകാല ഫുട്ബാളിലെ ഏറ്റവും മികച്ച പോരാട്ടം കണ്ട ലോകകപ്പ് ഫൈനലിൽ രണ്ടു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ഫ്രാൻസ് തിരിച്ചെത്തിയത്. എംബാപ്പെ മാജികിൽ രണ്ടെണ്ണം തിരിച്ചടിച്ച ഫ്രാൻസ് എക്സ്ട്രാടൈമിലും പിറകിലായ ശേഷം ഗോളടിച്ച് ഒപ്പം പിടിച്ചു. പിന്നീടാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്.
ഫൈനലിലെ പെനാൽറ്റി നഷ്ടം; ഫ്രഞ്ച് താരങ്ങൾക്കു നേരെ വംശീയാധിക്ഷേപം
December 19, 2022
0
Tags