ദോഹ: ലോകകപ്പിലെ ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഓറഞ്ച് പടയുടെ വിജയം. മത്സരത്തിന്റെ പത്താം മിനുട്ടില്‍ മെംഫിസ് ഡിപേയിലൂടെ മുന്നിലെത്തിയ ഓറഞ്ച് പട കളിയുടെ ആധിപത്യം ഉറപ്പിച്ചു. ഒപ്പമെത്താന്‍ അമേരിക്ക ഓറഞ്ച് പടയുടെ ഗോള്‍ മുഖത്തേയ്ക്ക് അക്രമണം അഴിച്ചുവിട്ടെങ്കിലും വല ചലിപ്പിക്കാനായില്ല.യുഎസ്എയെ ഞെട്ടിച്ച് കൊണ്ട് ആദ്യ പകുതിയുടെ അധിക സമയത്ത് ബ്ലിന്‍ഡ് വക രണ്ടാം ഗോള്‍. രണ്ടാം പകുതിയില്‍ തിരിച്ചുവരവിനായി അമേരിക്ക ഉണര്‍ന്നു കളിച്ചെങ്കിലും ഫലപ്രാപ്തിയില്‍ എത്താതെ പോകുകയായിരുന്നു. ഒടുവില്‍ 76-ാം മിനുട്ടില്‍ റൈറ്റ് അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി.
അമേരിക്ക ഒരു ഗോള്‍ നേടിയതോടെ ഓറഞ്ച് പട വീണ്ടും ആക്രമണം അഴിച്ചുവിടുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിച്ചത്. ആക്രമണങ്ങളുടെ ഫലമായി 81-ാം മിനുട്ടില്‍ ഡംഫ്രൈസ് വക മൂന്നാമത്തെ ഗുണ്ട്. ഓറഞ്ച് പട ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലെത്തി.ജയത്തോടെ നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അര്‍ജന്റീന- ഓസ്‌ട്രേലിയ പോരാട്ടത്തിലെ വിജയികളായിട്ടാണ് ഓറഞ്ച് പടയുടെ ക്വാര്‍ട്ടര്‍ പോരാട്ടം. ഇന്ന് 12:30 നാണ് രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരം.