തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 15ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ വെട്ടി. രാജേഷിനെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.