ദോഹ : ചരിത്രം കുറിക്കുന്നതില്‍ ബ്രസീല്‍ എന്നും മുന്നിലാണ്. ഖത്തറിലും പതിവ് തെറ്റിച്ചില്ല. ഒരു ലോകകപ്പില്‍ ടീമിലെ മുഴുവന്‍ താരങ്ങളെയും കളത്തിലിറക്കുന്ന ആദ്യ ടീമായി ബ്രസീല്‍. താരങ്ങള്‍ക്കിടയില്‍ സ്നേഹവും കൂട്ടായ്മയും സൃഷ്ടിച്ച പരിശീലകന്‍ ടിറ്റെയെ ഫുട്ബോള്‍ ലോകം വാഴ്ത്തിപ്പാടുകയാണ്.
ലോകകപ്പിനെത്തി പകരക്കാരുടെ ബെഞ്ചിലിരുന്ന് നാട്ടിലേക്ക് മടങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്. പക്ഷേ ഇത്തവണത്തെ ബ്രസീല്‍ ടീം മറ്റു ടീമുകള്‍ക്ക് മാതൃകയാകേണ്ട ഒരു നീക്കമാണ് കളത്തില്‍ നടത്തിയത്.26അംഗ ടീമിലെ മൂന്നാം ഗോള്‍ കീപ്പര്‍ വെവേര്‍ട്ടണ്‍ പ്രീക്വാര്‍ട്ടറില്‍ വലകാക്കാന്‍ ഇറങ്ങിയതോടെ ബ്രസീലിന്റെ എല്ലാ താരങ്ങളും ഖത്തറിലെ മൈതാനിയില്‍ കളിച്ചു. ദക്ഷിണകൊറിയയ്ക്കെതിരെ 4–1ന് മുന്നില്‍ നില്‍ക്കെ 80ാം മിനിറ്റിലാണ് പ്രധാന ഗോളി അലിസണെ വിളിച്ച് വെവേര്‍ട്ടണിനെ ടിറ്റെ കളത്തിലിറക്കിയത്. ശേഷിച്ച സമയത്ത് ഗോള്‍ വഴങ്ങാതെ വെവേര്‍ട്ടണ്‍ കോച്ചിന്റെ ആത്മവിശ്വാസം കാത്തു.
ഗ്രൂപ്പില്‍ കാമറൂണിനെതിരായ മല്‍സരത്തിലായിരുന്നു കോച്ച് ടിറ്റെ 26അംഗ ടീമിലെ അതുവരെ കളത്തിലിറങ്ങാതിരിന്നുവര്‍ക്ക് അവസരം നല്‍കിയത്. ആ മല്‍സരം ബ്രസീല്‍ തോറ്റെങ്കിലും കളിക്കാരുടെ ഇടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമായി. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പരിശീലകന്‍ തന്റെ ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കുന്നത്. ഡിസംബര്‍ പതിനെട്ടിന് ബ്രസീല്‍ കപ്പുയര്‍ത്തിയാല്‍ 26അംഗ ടീമിലെ എല്ലാവര്‍ക്കും അത് ഏറെ വൈകാരിക നിമിഷമായിരിക്കും, കാരണം എല്ലാവരുടെയും വിയര്‍പ്പ് തുള്ളികള്‍ ആ കപ്പിലുണ്ടാകും എന്നതുതന്നെ. മല്‍സരശേഷം ഇതിഹാസ താരം പെലെയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ടീം മൈതാനം വിട്ടത്.