Type Here to Get Search Results !

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉദയം, മസ്കിൻ്റെ പിടിവാശി! ഒരു ലോഡ് പ്രതിസന്ധികൾ; 'സാങ്കേതിക' രാഷ്ട്രീയം പറഞ്ഞ 2022



കമ്പ്യൂട്ടറിന് മനുഷ്യനെപ്പോലെ ചിത്രം വരയ്ക്കുവാനാകുമോ ? കവിതയെഴുതാനാകുമോ? പാട്ട് പാടാനാകുമോ ? പണ്ട് കമ്പ്യൂട്ടറുകളുടെ തുടക്കകാലത്ത് കേട്ട ചോദ്യമാണ് എന്നാലിന്ന് അതെല്ലാം തിരിച്ചടിക്കുന്നു സ്വയം ചിത്രം വരയ്ക്കുന്ന, കഥയും കവിതയുമെഴുതുന്ന ആ‌‌ർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ യാഥാ‌‌ർത്ഥ്യമായിരിക്കുന്നു. 2022 എഐയുടെ വരവറിയിച്ച വ‌‌ർഷമാണ്..ഒപ്പം സാമ്പത്തിക മാന്ദ്യത്തിന്റെയും വരാനിരിക്കുന്ന പ്രതിസന്ധി കാലത്തിന്റെയും സൂചന നൽകിയ കാലവും . 2022ലെ സാങ്കേതിക വാ‌‌ർത്തകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം. രണ്ട് വരിയെഴുതി നൽകിയാൽ മതി ചേരും പടി ചേരുന്ന ഒന്നിലധികം ചിത്രങ്ങൾ വരച്ച് കൈയ്യിൽ തരും ഡാൽ ഇ , കഥയോ ലേഖനമോ  എന്തിനെ പറ്റി വേണമെന്ന് പറഞ്ഞാൽ മതി സെക്കൻഡുകൾ കൊണ്ട് സാധനം കയ്യിൽ തരും ചാറ്റ് ജിപിടി.. ഓപ്പൺ എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് രണ്ടിന്റെയും പിന്നിലെ ശക്തി. ഒന്ന് പരീക്ഷിച്ച് നോക്കാൻ സാങ്കേതിക പരിജ്ഞാനമോ, പ്രത്യേക പരിശീലനമോ ഒന്നും വേണ്ട. ആ‌‌‌ർക്കും എപ്പോൾ വേണമെങ്കിലും  സൗജന്യമായി പരീക്ഷിക്കാം. നെറ്റ് കണക്ഷൻ മാത്രം മതി. ഇത് പോരാഞ്ഞ് ത്രിമാന ചിത്രങ്ങൾ ഉണ്ടാക്കി തരുന്ന പോയിന്റ് ഇ എന്ന സംവിധാനം പണിപ്പുരയിലുമാണ്. ഓപ്പൺ എഐ മാത്രമല്ല, സ്റ്റേബിൾ ഡിഫ്യൂഷൻ, മിഡ് ജേണി എന്നിങ്ങനെ എഐ വരക്കാർ വേറെയുമുണ്ട്.... സംഭവം ജോറാണെങ്കിലും വിവാദങ്ങളുമുണ്ട്. ആർട്ടിസ്റ്റുകളും എഴുത്തുകാരും അധ്യാപകരും റെഡ് കാർഡ് വിളിക്കുന്നുണ്ട്. മാധ്യപ്രവർത്തകരും ജാഗ്രതൈ..പണി പോകുമോയെന്ന പേടി മാത്രമല്ല...എഐ ഉണ്ടാക്കുന്ന ചിത്രങ്ങൾ ഒറിജിനലിനെ വെല്ലുമ്പോ വ്യാജ വാർത്ത തിരിച്ചറിയൽ വലിയ തലവേദനയാകും...  അത് കൊണ്ട് 2023 എഐയുടെ വരുംവരായ്കകളെ പറ്റിയുള്ള ചർച്ചകൾ ചൂടുപിടിക്കുമെന്നുറപ്പ്. എഐ കഴിഞ്ഞാൽ 2022ലെ പ്രധാന ടെക് വാർത്ത മസ്കായിരുന്നു. ട്വിറ്ററിനെ ഏറ്റെടുത്ത ശതകോടീശ്വരന്റെ കിറുക്കുകൾ കണ്ട് ലോകം മൂക്കത്ത് വിരൽ വച്ചു. തൊഴിലിനെയും തൊഴിലാളികളെയും മാനിക്കാത്ത കുട്ടികളെക്കാൾ വലിയ പിടിവാശിക്കാരനാണ് മസ്കെന്ന് മാലോകർ തിരിച്ചറിഞ്ഞു. സിഇഒയെും പോളിസി മേധാവിയെയും പുറത്താക്കി തുടങ്ങിയ കളി, മുന്നറിയിപ്പില്ലാതെ സാമാന്യ മര്യാദകൾ പാലിക്കാതെ ആയിരക്കണക്കിന് ജീവനക്കാരെയും കരാർ തൊഴിലാളികളെയും പുറത്താക്കിയത് മാത്രമല്ല പ്രശ്നം. ലോകത്തെ നിർണായക സ്വാധീന ശേഷിയുള്ള ഒരു സമൂഹ മാധ്യമത്തെ വീണ്ടു വിചാരമില്ലാത്ത തീരുമാനങ്ങളിലൂടെ കുഴിയിലാക്കി മസ്ക്. വെരിഫിക്കേഷൻ ഉടച്ച് വാർക്കാനുള്ള തീരുമാനത്തിലെ ഉടയ്ക്കൽ മാത്രമേ നടന്നുള്ളൂ....വാർക്കൽ ഇനിയും ശരിയായിട്ടില്ല. യാത്ര നാശത്തിലേക്കെന്ന് മനസിലാക്കിയ പരസ്യക്കാർ പിൻവലിഞ്ഞു, നിയമപ്രശ്നങ്ങൾ ഒരുപാട് കാത്തിരിക്കുന്നു. തീ പിടിച്ച കപ്പൽ മുങ്ങാതിരിക്കുന്നത് പണിത ആശാരിമാരുടെ പണിക്കഴിവ് കൊണ്ടാണെന്ന് പോലും പുതിയ കപ്പിത്താൻ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ട്വിറ്റർ മാത്രമല്ല, ഗൂഗിളും, ഫേസ്ബുക്കും, ആമസോണും ഒക്കെ പ്രശ്നത്തിലാണ്. പതിനൊന്നായിരം പേരെയാണ് മെറ്റയെന്ന ഫേസ്ബുക്ക് മാതൃകമ്പനി പിരിച്ചു വിട്ടത്. മെറ്റാവേഴ്സെന്ന മായാലോകത്തിന് വേണ്ടി സക്കർബർഗ് പൊടിച്ച കോടികളുണ്ടായിരുന്നെങ്കിൽ ഇത് വേണ്ടി വരുമായിരുന്നോ എന്ന ചോദ്യം ഒരു വശത്ത് ബാക്കി നിൽക്കുന്നു. ആമസോണിലും മൈക്രോസോഫ്റ്റിലും എല്ലാം കഷ്ടകാലമാണ്. വരുമാനമിടിഞ്ഞു. പുതിയ ആളെ ജോലിക്കെടുത്തുന്നത് കുറച്ചു. എല്ലാവരും ആളെകുറയ്ക്കാൻ വഴി തേടുകയാണ്. പതിനായിരങ്ങൾക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പാണ് കൂടുതൽ പിരിച്ചുവിടലുകൾക്ക് 2023 സാക്ഷിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും കാര്യങ്ങൾ അത്ര പന്തിയല്ല. ഈ ലേണിംഗ് ആപ്പുകളുടെ ലോകത്ത് ചുവന്ന വെളിച്ചം തെളിഞ്ഞ് കത്തുന്നു. ഒടിടി ആപ്പുകളും വിയർക്കുകയാണ് നെറ്റ്ഫ്ലിക്സ്  പണമുണ്ടാക്കാൻ പതിനെട്ടടവം പയറ്റുകയാണ്..പരസ്യം കയറ്റുന്നത് അടക്കം. മറ്റൊരു വശത്ത് 5ജി മുന്നേറുന്നു. നമ്മുടെ കേരളം വരെ 5ജിയുടെ രുചിയറിഞ്ഞെങ്കിലും സംഗതി സാർവത്രികമാകാൻ ഇനിയും കടമ്പകളേറെ.. ക്രിപ്റ്റോ കറൻസികൾ മൂക്കും കുത്തി വീണ വർഷം കൂടിയായിരുന്നു 2022. ലോകം കണ്ട എറ്റവും വലിയ ക്രിപ്റ്റോ തട്ടിപ്പായി എഫ്ടിഎക്സിന്റെ വീഴ്ച. അതിനിടയിൽ ഇന്ത്യ ഇ റുപ്പീ അവതരിപ്പിച്ചതും കൗതുകമായി,. ട്രയൽ റൺ കഴിഞ്ഞ് വിശ്വരൂപം കാട്ടുമ്പോൾ ഈ രൂപ തിളങ്ങുമോ എന്നറിയാൻ ജനം കാത്തിരിക്കുന്നു. ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ പരിണാമ ശാസ്ത്രത്തിലേക്ക് കൂടി കണ്ണ് നട്ടിരിക്കുകയാണ് ഇന്ത്യൻ ജനത. ഡിജിറ്റൽ സ്വകാര്യതയും ഭരണകൂടത്തിന്റെ ഇടപെടൽ സാധ്യതയുമെല്ലാം ചർച്ചചെയ്യപ്പെടുന്നു.  ടെക് വാർത്തയെന്നാൽ ഉപകരണങ്ങളും അപ്ഡേറ്റുകളും മാത്രമല്ലെന്നും അതിനുമപ്പുറം നയവും രാഷ്ട്രീയവും കൂടിയുണ്ടെന്നും 2022 അടിവരയിട്ട് ഓർമ്മപ്പെടുത്തുന്നു. 'ചാണക്യ' തന്ത്രം കണ്ട കർണാടക, പക്ഷേ വേഴാമ്പൽ കൂട് ഇളകിയാൽ! പിണറായിയുടെ `കാലാവസ്ഥ', തെലങ്കാനയിലെ 'ദേശിvsവിദേശി' 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad