ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്.
ഓഡിയോ ക്ലിപ്പിലെ വിവരങ്ങൾ ഇപ്രകാരമാണ്: ''ആർ.ബി.ഐ. ജനുവരി ഒന്നാം തീയതി മുതൽ ആയിരത്തിന്റെ പുതിയ നോട്ടുകൾ ഇറക്കുകയാണ്. അതേദിവസം രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയും ചെയ്യും. അൻപതിനായിരം രൂപ വരെ മാത്രമാണ് രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കുക. മുൻപ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്ന് നോട്ടുകൾ മാറുക.''
1000 രൂപ നോട്ടിന്റേതെന്ന തരത്തിൽ ഒരു ചിത്രവും ഓഡിയോ ക്ലിപ്പിനൊപ്പം പ്രചരിക്കുന്നുണ്ട്.
പ്രസ്തുത സന്ദേശത്തിന്റെ വാസ്തവം പരിശോധിക്കുന്നു.
ഓഡിയോ ക്ലിപ്പിലെ അവകാശവാദങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതിനായി ആർ.ബി.ഐയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഔദ്യോഗിക വെബസൈറ്റും പരിശോധിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന്, ബാങ്കിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗവുമായി ബന്ധപ്പെട്ടു. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ ആർ.ബി.ഐ. അധികൃതർ തള്ളി. കൂടാതെ, പുതിയ നോട്ടുകൾ പുറത്തിറക്കുന്നുണ്ടെങ്കിൽ ആർ.ബി.ഐയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി പൊതുജനങ്ങളെ ഉറപ്പായും അറിയിക്കുമെന്നും അവർ പറഞ്ഞു.
കീ വേർഡുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, സമാന പ്രചാരണങ്ങൾ മുൻപും നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2019-ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
ഓഡിയോ ക്ലിപ്പിനൊപ്പമുള്ള ചിത്രമാണ് പിന്നീട് പരിശോധിച്ചത്. പുതിയ 2000, 500 രൂപ നോട്ടുകളുടെ മാതൃകയിലുള്ള 1000 രൂപയുടെ നോട്ടുകൾ ഒരാൾ കയ്യിൽപ്പിടിച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആയിരത്തിന്റെ അക്കങ്ങളാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നതെങ്കിലും ഏറ്റവും മുകളിലായി 2000 രൂപ എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നത് വ്യക്തമായി പരിശോധിച്ചാൽ കാണാം. തുടർന്നുള്ള അന്വേഷണത്തിൽ, പ്രസ്തുത ചിത്രം മുൻപും പ്രചരിച്ചതിരുന്നതായി കണ്ടെത്തി.
2019-ലെ നോട്ട് നിരോധനത്തെ തുടർന്ന് വിപണിയിലിറക്കിയ പുതിയ നോട്ടുകളുടേതെന്ന തരത്തിൽ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അവയിലൊന്നാണ് ഇപ്പോഴും പ്രചരിക്കുന്നത്. മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇക്കാര്യം മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്തകളുടെ ലിങ്കുകൾ:
ആർ.ബി.ഐ. 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുമെന്നും ജനുവരി ഒന്നാം തീയതി 1000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുമെന്നും അവകാശപ്പെടുന്ന വാട്‌സാപ്പ് സന്ദേശം വ്യാജമാണ്. പുതിയ നോട്ടുകൾ പുറത്തിറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആർ.ബി.ഐ. അവരുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കും. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണ്.