Type Here to Get Search Results !

13 വര്‍ഷം; വന്യജീവി അക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 1,423 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കാടതിർത്തി ഗ്രാമങ്ങളിൽ മാത്രം ഉണ്ടായിരുന്ന വന്യജീവി ആക്രമണം തിരക്കേറിയ നഗരങ്ങളുടെ നടുവിൽ പോലും പതിവാകുകയാണ് ഇപ്പോള്‍. കേരളത്തിൽ പലയിടതും അടുത്തിടെ ഇത്തരം സംഭവങ്ങൾ റിപ്പ‍ോട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 13 വർഷത്തിനിടെ സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളില്‍ 1,423 പേരാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു.  തിരക്കേറിയ റോഡ് മുറിച്ച് കടന്ന് ജോസ് ജ്വല്ലറിയിലേക്ക് ഇടിച്ച് കയറിയത് സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരായിരുന്നില്ല. ഒരു കാട്ടുപന്നിയായിരുന്നു. അന്ന് ജ്വല്ലറി ജീവനക്കാരന്‍ ജോയ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ കാട്ടുപന്നി തിരിച്ചോടി. പിന്നെ സിസിടിവി നോക്കിയാണ്. വന്നത് കാട്ടുപന്നിയാണെന്ന് ഉറപ്പിക്കുന്നത് തന്നെ... കഴിഞ്ഞില്ല, കാട് കണി കണ്ടിട്ടില്ലാത്ത ആലപ്പുഴയിലുമുണ്ടായി വന്യജീവി ആക്രമണം. മകനോടൊപ്പം ബൈക്കില്‍ പോവുമ്പോള്‍ ഷിബുവിനെയും പശുവിനെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോയ സുശീലയെയും കുത്തിവീഴ്ത്തിയത് പശുവോ നാട്ടാനയോ അല്ല. അതും കാട്ടുപന്നി. ബൈപാസ്സിൽ കാട്ടുപന്നിയിറങ്ങി വാഹനമിടിച്ചുണ്ടായ അപകടത്തിൽ ചേളന്നൂർ സ്വദേശി സിദ്ധിഖ് മരിച്ചത് ആറു മാസം മുമ്പ്. പരിക്കേറ്റ സന്നാഫ് ഇപ്പോഴും ചികിത്സയിലാണ്.  അട്ടപ്പാടി ടൗണിൽ പട്ടാപ്പകല്‍ ആന കുത്തിമറിച്ച പച്ചക്കറികടയുണ്ട്. ഇതൊക്കെ ഓരോ ദിവസവും പത്രങ്ങളില്‍ ഓരോ ദിവസവും നമ്മള്‍ വായിക്കുന്ന വാര്‍ത്തകളായി മാറിക്കഴിഞ്ഞു. ഗ്രാമനഗര വ്യത്യാസമില്ലാതെ ഇന്ന് കേരളം വന്യജീവി ആക്രമണ ഭീഷണിയുടെ നിഴലിലാണെന്ന് കണക്കുകളും തെളിവ് തരുന്നു. 2008 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 1,423 പേർ. 7,982 പേര്‍ക്ക് പരിക്കേറ്റെന്ന് കെ എഫ് ആര്‍ ഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ടി വി സജീവ് പറയുന്നു. വൈദ്യുത വേലി, കിടങ്ങ് നിര്‍മാണം, സോളാര്‍ ഫെന്‍സിങ്, എസ് എം എസ് അലര്‍ട്ട് സിസ്റ്റം, കമ്യൂണിറ്റി അലാം അങ്ങനെ വിവിധ പേരുകളില്‍ പല പദ്ധതികളും പല സംവിധാനങ്ങളും നിലവില്‍ വന്യജീവി അക്രമണം തടയാനായി ഉപയോഗിക്കുന്നുണ്ട്. പദ്ധതികള്‍ അനേകമുണ്ടെങ്കിലും  ഒന്നും ഫലപ്രദമായോ ശാസ്ത്രീയമായോ നടപ്പാക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഫലത്തില്‍ സംഭവിക്കുന്നതാകട്ടെ നാടും നഗരവും കാടുകയറുന്നു. പ്രശ്നം രൂക്ഷമായപ്പോള്‍ കാട്ടുപന്നിയെ വെടിവയ്ക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, അവിടെയും കുരുങ്ങിയത് കര്‍ഷകര്‍ മാത്രമെന്നതാണ് യാഥാര്‍ത്ഥ്യം.          

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad