Type Here to Get Search Results !

ഡിഗ്രി ഇനി മൂന്നല്ല നാലു വർഷം; കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ



തിരുവനന്തപുരം: കരിക്കുലം പരിഷ്‌ക്കരണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത വർഷം മുതൽ ബിരുദ പഠനം നാലു വർഷമാകുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.


ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കമ്മിഷനെ നിയമിച്ചിരുന്നു. കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരിക്കുലം കമ്മിറ്റി പരിഷ്‌ക്കരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച നിർദേശം നൽകി.

ഇതിന്റെ ഭാഗമായാണ് ബിരുദപഠനം അടുത്ത വർഷം മുതൽ നാലു വർഷമാക്കി കൂട്ടാൻ തീരുമാനമായിരിക്കുന്നത്. എട്ട് സെമസ്റ്ററായിട്ടായിരിക്കും പാഠ്യപദ്ധതി. എട്ടാം സെമസ്റ്റർ പ്രാക്ടിക്കലിനടക്കം ഉപയോഗിക്കാൻ മാറ്റിവയ്ക്കും. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് നേരെ രണ്ടാംവർഷ പി.ജിക്ക് ചേരാനുള്ള ക്രമീകരണമൊരുക്കാനും ആലോചിക്കുന്നുണ്ട്.പുതിയ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. നാളെമുതൽ തിരുവനന്തപുരത്ത് നടക്കുന്ന കരിക്കുലം പരിഷ്‌ക്കരണ ശിൽപശാലയിലായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നാണ് അറിയുന്നത്. നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് സംസ്ഥാന ശിൽപശാല. മാതൃകാ കരിക്കുലം സർവകലാശാലാതലം തൊട്ട് കോളേജ് തലങ്ങളിൽ വരെ ചർച്ച ചെയ്യും. അവിടെ ഉയരുന്ന ഭേദഗതികൂടി വിലയിരുത്തി സർവകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad