Type Here to Get Search Results !

ചരിത്രം കുറിച്ച് റോണോ, പൊരുതിത്തോറ്റ് ഘാന; ഖത്തറിൽ പറങ്കിപ്പടയോട്ടം



ഖത്തർ ലോകകപ്പിൽ ജയത്തോടെ പറങ്കിപ്പടയോട്ടം. ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ ഘാനയെ പരാജയപ്പെടുത്തി. ആവേശ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. അതേസമയം 5 ലോകകപ്പിൽ തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ പിറന്നത് അഞ്ചു ഗോളുകൾ. 65ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യം ഗോൾ വല കുലുക്കി. റൊണാൾഡോയെ ബോക്സിനുള്ളിൽ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി അനുവദിച്ചത്. റൊണാൾഡോയുടെ പെനാൽറ്റിക്ക് 71-ാം മിനിറ്റിൽ ഘാനയുടെ മറുപടി. ഘാന നായകൻ ആന്ദ്രെ ആയുയാണ് ഗോൾ നേടിയത്.


76-ാം മിനിറ്റിൽ ഷ്യാവോ ഫെലിക്സിലൂടെയാണ് പോർച്ചുഗിസ് രണ്ടാം ഗോൾ. പകരക്കാരനായി എത്തിയ റാഫേൽ ലിയോ 79-ാം മിനിറ്റിൽ ടീമിന് ഒരു ഗോൾ കൂടി സമ്മാനിച്ചു. 89-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് ഘാന ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ പോരാട്ട വീര്യം ലോകത്തിന് കാട്ടിക്കൊടുത്തു. അവസാന നിമിഷം പോർച്ചുഗീസ് ഗോൾകീപ്പറിന്റെ പിഴവ് മുതലെടുക്കാൻ ഘാനയുടെ സ്ട്രൈക്കർ ഇനാക്കി വില്യംസ് ശ്രമിച്ചെങ്കിലും ആഫ്രിക്കൻ ടീമിന് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.ആദ്യ പ‌കുതിയിൽ തന്നെ റൊണാൾ‍ഡോയും പോർച്ചുഗലും ഘാനയെ സമ്മർദത്തിലാക്കുന്ന കാഴ്ചയായിരുന്നു സ്റ്റേഡിയം 974 ൽ. 11-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സൂപ്പര്‍ താരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. 28-ാം മിനിറ്റില്‍ ലഭിച്ച അവസരം പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വ പാഴാക്കി. 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad