Type Here to Get Search Results !

36 മത്സരങ്ങൾ, ഒടുക്കം കണ്ണീർ...ഒറ്റ ചോദ്യം മാത്രം ബാക്കി, എവിടെയാണ് പിഴച്ചത്?തൊണ്ണൂറു മിനിറ്റിനൊടുക്കം തിങ്ങിനിറഞ്ഞ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആരവങ്ങളുടെ അതിപ്രസരമില്ല. കണ്ണീർവാർത്തു തുടങ്ങിയ നക്ഷത്രകൂട്ടത്തിനടുവിൽ ആ പതിനൊന്നുപേർ തലതാഴ്ത്തി നിന്നു. വെളളവരയ്ക്ക്പുറത്ത് അവരുടെ പരിശീലകൻ ലയണൽ സ്കലോണിയും. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ തലകുനിച്ചുനിൽക്കുന്ന അയാൾക്കു മുന്നിൽ ഒറ്റ ചോദ്യം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുളളൂ. എവിടെയാണ് പിഴച്ചത്.? എങ്ങനെയാണ് ആ പതിനൊന്ന് പോരാളികൾ ലോകകപ്പിന്റെ മഹാമൈതാനങ്ങളിൽ നിരായുധരായി തിരിഞ്ഞുനടന്നത്.? ഉത്തരമില്ലാതെ അയാൾക്കങ്ങനെ പോകാനാവില്ല. അവരുടെ സ്വപ്നങ്ങൾ കണ്മുന്നിൽ മങ്ങലേറ്റ് മായുന്നത് ഹൃദയം പിളർന്ന വേദനയോടല്ലാതെ നോക്കിനിൽക്കാനാവില്ലല്ലോ.

36 മത്സരങ്ങൾ അപരാജിതരായി ലോകകപ്പിനിറങ്ങിയ സ്കലോണിക്കും സംഘത്തിനും താരതമ്യേന 'ദുർബലരായ' സൗദിക്കു മുന്നിൽ ആ കുതിപ്പ് തുടരാനാകുമെന്നാണ് ആരാധകരെല്ലാം കരുതിയത്. അത് തടയാൻ മാത്രം കെൽപ്പുളള ഒരു നിര ലോകഫുട്ബോളിൽ തന്നെ ഉണ്ടായിരുന്നില്ലല്ലോ. അയാളുടെ വരവും കുതിപ്പും ഒരാരാധകനും മറക്കാനാവില്ലല്ലോ.

നാല് വർഷം മുമ്പ്

https://chat.whatsapp.com/Gc3hP0Uj9rLG7eommqSo39 2018-ലോകകപ്പിനെത്തുമ്പോൾ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അർജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടർച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അർജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകർന്നടിഞ്ഞ ടീം. യൂറോപ്യൻ ലീഗുകളിൽ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങൾ ഉയർന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അർജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്.

സാംപോളി ടീമിന്റെ പരിശീലകകുപ്പായമണിയാൻ തുടങ്ങിയിട്ടും കളിയിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പലപ്പോഴും മെസ്സിയുടെ തോളിലേറിയാണ് ടീം പരാജയത്തിൽ നിന്ന് കരകയറിയിരുന്നത്. ഒരു സ്ഥിരം ഫോർമേഷനോ പൊസിഷനുകളിൽ തങ്ങളുടെ റോൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്ന കളിക്കാരോ വിരളമായിരുന്നു. അർജന്റീനിയൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളായിരുന്നു ടീമിലധികവും. ലോകകപ്പിൽ പന്ത് തട്ടാനിറങ്ങിയ സംഘം പ്രീ-ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായി. തോൽവിയെത്തുടർന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണൽ സ്കലോണിയ്ക്ക് അർജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറുന്നത്.

യൂറോപ്യൻ ലീഗുകളിൽ നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്കലോണി പുത്തൻ ടീമിനെ വാർത്തെടുത്തു. റോഡ്രിഗോ ഡി പോൾ, എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റിയൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവർ ടീമിലേക്ക് വന്നതോടെ അർജന്റീനയ്ക്ക് പുതിയ ഭാവം കൈവന്നു. മുന്നേറ്റത്തിൽ മെസ്സി പടനയിച്ചിറങ്ങുമ്പോൾ മധ്യനിരയിലെ നെടുംതൂണായി ഡി പോൾ ഉറച്ചുനിന്നു. പ്രതിരോധത്തിൽ ക്രിസ്റ്റിയൻ റോമേറോയും ഗോൾ ബാറിന് കീഴിൽ എമിലിയാനോ മാർട്ടിനസും. പഴയ അർജന്റീനിയൻ ശൈലിയെ കൈവെടിഞ്ഞ സ്കലോണി യൂറോപ്യൻ രീതികളുൾച്ചേർന്നാണ് തന്ത്രങ്ങളൊരുക്കിയത്. പ്രായോഗികതയാണ് സ്കലോണി ആധാരമാക്കിയത്. മത്സരങ്ങൾ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു.

എതിരാളികളെയെല്ലാം തകർത്തെറിഞ്ഞാണ് സ്കലോണിപ്പട 2021 കോപ്പയിൽ മുന്നേറിയത്. സ്വപ്നഫൈനലിൽ ചിരവൈരികളായ ബ്രസീലായിരുന്നു എതിരാളികൾ. സെമിഫൈനലിൽനിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് അർജന്റീന ഫൈനലിൽ ബ്രസീലിനെ നേരിട്ടത്. ടൂർണമെന്റിലതുവരെ ആദ്യ പതിനൊന്നിലിടംപിടിക്കാതിരുന്ന എയ്ഞ്ചൽ ഡി മരിയയെ കൊണ്ടുവന്നതടക്കം തന്ത്രപരമായിരുന്നു സ്കലോണിയുടെ ഓരോ നീക്കങ്ങളും. ടൂർണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കി രാജകീയമായാണ് സ്കലോണിപ്പട കിരീടത്തിൽ മുത്തമിട്ടത്.

രാജ്യത്തിനായി പിന്നീട് കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അർജന്റീന അപരാജിത കുതിപ്പ് തുടർന്നു. അതിനിടയിൽ വൻകരയിലെ ചാമ്പ്യൻമാരുടെ പോരാട്ടവും വന്നു. യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജയത്തേക്കാൾ അർജന്റീനയുടെ കളി കണ്ടാണ് കായികലോകം അത്ഭുതപ്പെട്ടത്. കളിയുടെ സർവ്വമേഖലകളിലും ആധിപത്യം പുലർത്തിയാണ് അർജന്റീന ഫൈനലിസ്സിമ ട്രോഫി നേടിയത്. അങ്ങനെയാണ് സ്കലോണിയും സംഘവും ഖത്തറിലെത്തുന്നത്.

എന്നിട്ടും സൗദിക്കുമുന്നിൽ കളിയറിയാതെ അവർ അനിവാര്യമായ പതനത്തിലേക്ക് പന്തുതട്ടി. മെസ്സിയുടെ ആദ്യ ഗോളിനു ശേഷം നിരവധി അവസരങ്ങൾ അർജന്റീനക്ക് കിട്ടി. താരതമ്യേന ദുർബലരായ സൗദിക്കെതിരേ അയാളുടെ തന്ത്രങ്ങൾ പാളി. മധ്യനിരയിൽ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയിൽ ടീമിനെ ഇറക്കിയ സ്കലോണി മിഡ്ഫീൽഡർമാരെ വിദഗ്ദമായ ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങൾക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.

മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്കലോണി തന്ത്രങ്ങൾ ഒരുക്കിയത്. മധ്യനിരയിൽ കളിമെനയാൻ ആരും മുതിർന്നില്ല. മൂന്ന തവണ അർജന്റീന അടിച്ച ഗോളുകൾ ഓഫ്സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെൻസീഫ് ലൈൻ ഭേദിച്ചുമാത്രം മുന്നേറാനാണ് അർജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാൾ നടപ്പാക്കിയില്ല.

തന്ത്രം പാളുമ്പോൾ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെളളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടർ അറ്റാക്കുകൾ തടയാൻ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാൾ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റർ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങിൽ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങിൽ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.

പക്ഷേ നിരാശപ്പെടേണ്ടതില്ല, ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. പ്രായോഗികതയെ തന്നെ കൂട്ടുപിടിക്കാം, ഒരു തോൽവി നിങ്ങളെ കുറ്റക്കാരനാക്കുന്നില്ല. പക്ഷേ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. 2019-കോപ്പ അമേരിക്ക സെമിയിൽ തോറ്റിട്ടും തിരിച്ചുവന്ന ചരിത്രത്തെ തന്നെ കൂട്ടുപിടിക്കാം. സ്വപ്നങ്ങൾ തുന്നിച്ചേർക്കാം. ഈറനണിഞ്ഞ കണ്ണുകളോടെ ഓരോ ആരാധകനും നിങ്ങളോടൊപ്പം തന്നെയുണ്ട്...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad