Type Here to Get Search Results !

10ലക്ഷം ഒഴിവ് നികത്തൽ: 71,000 പേർക്ക് കൂടി നിയമനം



ന്യൂഡൽഹി: കേന്ദ്രസർവീസിലെ പത്തു ലക്ഷത്തോളം ഒഴിവുകൾ നികത്തുന്ന അതിവേഗ തൊഴിൽ ദാന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളിൽ റിക്രൂട്ട് ചെയ്യപ്പെട്ട 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്തുകൾ വിതരണം ചെയ്‌തു.


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ള ഗുജറാത്തും ഹിമാചൽ പ്രദേശും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 45ലധികം നഗരങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് വീഡിയോ കോൺഫറൻസ് വഴി പ്രതീകാത്മകമായിട്ടായിരുന്നു നിയമനക്കത്ത് കൈമാറൽ. സർക്കാർ ജീവനക്കാർക്ക് ഓൺലൈൻ പരിശീലനത്തിനുള്ള കർമയോഗി ഭാരത് പോർട്ടലും (igotkarmayogi.gov.in) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.


കേന്ദ്രസർക്കാരിന്റെ എ,ബി,സി ഗ്രൂപ്പുകളിലെ 9.79 ലക്ഷം ഒഴിവുകൾ ഒന്നരവർഷത്തിനുള്ളിൽ നികത്താനാണ് നീക്കം. 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.


കേന്ദ്ര സായുധ പൊലീസ് സേന, അദ്ധ്യാപകർ, ലക്ചറർമാർ, നഴ്സുമാർ, നഴ്സിംഗ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, സാങ്കേതിക-പാരാമെഡിക്കൽ തസ്തികകൾ എന്നിവയിലാണ് ഇന്നലെ നിയമനം ലഭിച്ചവരിൽ ഏറെയും.


*എപ്പോഴും വിദ്യാർത്ഥിയാവുക: മോദി*


പുതുതായി എന്തെങ്കിലും പഠിക്കാനുള്ള ഒരവസരവും താൻ കളയാറില്ലെന്നും പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിയമനം ലഭിച്ചവർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. എപ്പോഴും വിദ്യാർത്ഥിയായിരിക്കുക. അനുഭവങ്ങളും മുതിർന്നവരും നൽകുന്ന പാഠങ്ങളും ഉൾക്കൊണ്ട് അർഹമായ സ്ഥാനങ്ങൾ സ്വന്തമാക്കുക. കർമയോഗി ഭാരതിലെ ഓൺലൈൻ കോഴ്സുകൾ പ്രയോജനപ്പെടുത്തണം. യുവാക്കളുടെ കഴിവും ഊർജ്ജവും രാഷ്ട്രനിർമ്മാണത്തിനായി വിനിയോഗിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ വികസിതരാജ്യമാകാൻ യുവാക്കൾ പങ്കാളികളാവണം. നിരന്തരം ശേഷികൾ വർദ്ധിപ്പിക്കണം. ബഹിരാകാശ ഗവേഷണം സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുത്തത് നിരവധി തൊഴിലവസരങ്ങളുണ്ടാക്കി. സ്വന്തം നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നതിനാൽ കുടിയേറ്റം ഇല്ലാതാക്കാനും നാട്ടിലെ വികസനത്തിൽ പങ്കാളിയാകാനും കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad