Type Here to Get Search Results !

വിദേശരാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട്

കോഴിക്കോട്: ജങ്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാൻ വിദേശരാജ്യങ്ങളിലെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്.



ഒരു ദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ


ഏതുഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് സവിശേഷതയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. മേൽപ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞുപോവുക. ഇരിങ്ങല്ലൂർ നാലു ചെറിയ മേൽപ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക.


സാധാരണ ജങ്ഷനുകളിൽ വാഹനങ്ങൾക്ക് തിരിയാൻ റൗണ്ട് എബൗട്ടുകളാണ് പണിയാറുള്ളത്. റൗണ്ട് എബൗട്ടിൽ വാഹനങ്ങൾ പരസ്പരം ക്രോസ് ചെയ്യുന്ന അവസ്ഥവരും. പ്രധാനപ്പെട്ട രണ്ടുദേശീയപാതകൾ സംഗമിക്കുന്ന സ്ഥലം എന്ന നിലയിലാണ് ട്രാഫിക് കൂടുതൽസുരക്ഷിതവും തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോവാനുമായി ട്രമ്പറ്റ് കവല നിർമിക്കുന്നത്. ബെംഗളൂരുവിൽകെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയപാതയിൽ ഉൾപ്പെടെ പലയിടങ്ങളിലും ദേശീയപാതാ അതോറിറ്റി ട്രമ്പറ്റ് നിർമിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് ആദ്യത്തെ പരീക്ഷണമാണ്. കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട് എല്ലായിടത്തും നിർമിക്കാൻ കഴിയില്ല.


കോഴിക്കോട് ജില്ലയിൽ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് പുതിയ പാലക്കാട് -കോഴിക്കോട് ഹൈവേ വരുന്നത്. ഈ എട്ടുകിലോമീറ്ററിന് സ്ഥലമെടുപ്പ് പൂർത്തിയാവുന്നതിന് മുമ്പുതന്നെ ടെൻഡർനടപടി തുടങ്ങി. നവംബർ 25-നാണ് ഈ ഭാഗത്തിന്റെ ടെൻഡർ തുറക്കുന്നത്. അതോടൊപ്പം 1627.04 കോടിരൂപ ചെലവുവരുന്ന കാരക്കൂന്നുമുതൽ വാഴയൂർവരെയും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നവംബർ 30-നാണ് ടെൻഡർ തുറക്കുക. മൂന്നുജില്ലകളിലായി 547 ഹെക്ടറാണ് പുതിയ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad