Type Here to Get Search Results !

നരബലിയുടെ ഞെട്ടലില്‍ കേരളം; കുടുംബത്തിന്റെ ഐശ്വര്യത്തിന് സ്ത്രീകളെ തലയറുത്ത് കൊന്നു, ക്രൂരത ഇങ്ങനെ

തിരുവല്ല| കൊച്ചിയില്‍ നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടു പോയി തിരുവല്ല ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നും കടവന്ത്രയില്‍നിന്ന് സ്ത്രീയെ കാണാതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.



എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലി നല്‍കിയത്. ഇരുവരെയും കൊച്ചിയില്‍ നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവന്ത്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചു നല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നു പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.


സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്.


പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭഗവന്ത്-ലൈല ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇവര്‍ക്ക് സ്ത്രീയെ എത്തിച്ചു നല്‍കിയ ഷാഫിയും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.


പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് ഫെയ്‌സ്ബുക്ക് വഴിയാണ് ഭഗവല്‍സിങ്ങിനെയും ഭാര്യയെയും പരിചയപ്പെട്ടതെന്നാണ് വിവരം. തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി നരബലി നടത്താമെന്ന് തീരുമാനിച്ചത്. ഇതിനായി സ്ത്രീകളെ എത്തിച്ചു നല്‍കാമെന്നും ഷാഫി പറഞ്ഞു. പിന്നാലെ ഷാഫി കൊച്ചിയില്‍ നിന്ന് ലോട്ടറികച്ചവടക്കാരായ രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് തിരുവല്ലയിലെ ഇലന്തൂരില്‍ എത്തിച്ചു. ദമ്പതിമാരും ഷാഫിയും ചേര്‍ന്നാണ് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.


നരബലിയുടെ ഭാഗമായി ആദ്യകൊലപാതകം നടത്തിയത് ജൂണ്‍ മാസത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ജൂണ്‍ മാസത്തില്‍ കാലടിയില്‍ നിന്ന് കടത്തിക്കൊണ്ടു പോയ റോസ്ലിയെയാണ് അന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് റോസ്ലിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടവന്ത്രയില്‍നിന്ന് സെപ്റ്റംബര്‍ 26-ന് പത്മത്തെയും കാണാതായത്. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.


സെപ്റ്റംബര്‍ മാസം അവസാനമാണ് പത്മത്തെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരെ കൊന്ന് കുഴിച്ചിട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായി കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘവും ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ല ഇലന്തൂരില്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം റോസ്ലിയുടെ മൃതദേഹത്തിനായും പ്രദേശത്ത് പരിശോധന നടത്തും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad