Type Here to Get Search Results !

രണ്ടുവര്‍ഷം മാത്രം, കേരളത്തിലും 130 കിമീ വേഗതയില്‍ ട്രെയിന്‍ ഓടും!

രാജ്യത്തെ തിരഞ്ഞെടുത്ത റെയില്‍പ്പാതകളില്‍ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററായി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ അടുത്ത രണ്ടുവര്‍ഷത്തിനകം ഷൊര്‍ണൂര്‍-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊര്‍ണൂര്‍-പോത്തന്നൂര്‍ പാതകളിലൂടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണറെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 



ഇതിനായി റെയില്‍പ്പാത ശക്തിപ്പെടുത്തുകയും സിഗ്നല്‍സംവിധാനം നവീകരിക്കുകയും ചെയ്യാനാണ് നീക്കം. 2024-2025 സാമ്ബത്തിക വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാര്‍പ്പേട്ട്, എഗ്‌മോര്‍-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗല്‍ പാതകളും 130 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടികള്‍ ഓടിക്കാനായി നവീകരിക്കും.


134 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ-ഗുണ്ടൂര്‍ പാതയിലൂടെ വേഗപരീക്ഷണം നടത്തിയതുസംബന്ധിച്ച പത്രക്കുറിപ്പിലാണ് റെയില്‍വേ അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. വ്യാഴാഴ്‍ച നടത്തിയ പരീക്ഷണയാത്രയില്‍ 143 കിലോമീറ്റര്‍വേഗത്തില്‍വരെ ട്രെയിന്‍ ഓടിച്ചു. 84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റര്‍ പിന്നിട്ടത്.


അതേസമയം കേരളത്തിലെ റെയില്‍ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി രണ്ട് പാതകള്‍ റെയില്‍വേ ബോര്‍ഡ് ഡി ഗ്രൂപ്പില്‍ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയര്‍‌ത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊര്‍ണൂര്‍-മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളെയാണ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തില്‍ വികസിപ്പിക്കുക. 


തിരുവനന്തപുരം-മംഗളൂരു പാതയില്‍ വേഗം കൂട്ടാനായി അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്താന്‍ ഓഗസ്റ്റില്‍ 12.88 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പാതകളുടെ ഗ്രൂപ്പ് മാറ്റം. വേഗതയുടെയും പ്രാധാന്യത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ബ്രോഡ്ഗേജ് പാതകളെ അഞ്ചായിട്ടാണു തരംതിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പില്‍ വരുന്ന പാതകളില്‍ 160 കിമീ വേഗവും ബിയില്‍ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക റെയില്‍പ്പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ. 


ട്രെയിനുകളുടെ വേഗത കൂട്ടുമ്ബോള്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വളവുകള്‍ കുറയ്ക്കാനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. വിശദമായ പഠനം നടത്തിയാലേ എവിടെയൊക്കെ ബൈപ്പാസ് ലൈനുകളും വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകളും വ്യക്തമാകൂ എന്ന് അധികൃതര്‍ പറയുന്നു. കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ വളവുകള്‍ നിവര്‍ത്താനായി ബൈപ്പാസ് ലൈനുകള്‍ നിര്‍മിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 


അതേസമയം വളവുകളും മറ്റും കുറവായതിനാല്‍ ആലപ്പുഴ വഴിയുള്ള തീരദേശ പാതയെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോട്ടയം വഴിയുള്ള പാത ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം വഴിയുള്ള പാതയില്‍ വളവുകളും പാലങ്ങളും കൂടുതലായതിനാലാണു പദ്ധതിയില്‍ ഇടംപിടിക്കാതിരുന്നത്. ആലപ്പുഴ വഴിയുള്ള പാതയില്‍ താരതമ്യേന വളവുകള്‍ കുറവാണെന്നതും സമതലങ്ങളിലൂടെയാണെന്നതും വേഗം കൂട്ടാന്‍ സഹായമാണ്. ഡിവിഷനുകളില്‍ നിന്ന് ലഭിച്ച പ്രാരംഭ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പാതകള്‍ തിരിഞ്ഞെടുത്തത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകള്‍ നല്‍കിയ പ്രാരംഭ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു റെയില്‍വേ വേഗം കൂട്ടല്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. വിശദമായ പഠന റിപ്പോര്‍ട്ട് ഇനിയും തയാറായിട്ടില്ല. നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 100 കിമി വേഗതയില്‍ മാത്രമാണ് സംസ്ഥാനത്തെ റെയില്‍പ്പാതകളിലൂടെ ട്രെയിന്‍ ഓടുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad