Type Here to Get Search Results !

ഭാരത് ജോഡോ യാത്ര നിയമം ലംഘിച്ചുള്ള യാത്രയാണോ?; വിമർശിച്ച് ഹൈക്കോടതി

കൊച്ചി∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കായി ദേശീയ പാതയോരങ്ങളിൽ ബാനറുകളും കൊടി തോരണങ്ങളും കൊണ്ടു നിറച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ഹൈക്കോടതി. ഭാരത് ജോഡോ യാത്ര നിയമം ലംഘിച്ചുകൊണ്ടുള്ള യാത്രയാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംസ്ഥാന സർക്കാരിനും കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും എതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ. 



ബാനറുകളും പോസ്റ്ററുകളും പാതകളുടെ ഇരുവശത്തും നിറച്ചു വച്ചിരിക്കുകയാണ്. ഇതിലേക്കു യാത്രക്കാരുടെ ശ്രദ്ധ തിരിഞ്ഞ് അപകടമുണ്ടാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സ്ത്രീയുടെ മേൽ ആർച്ച് വീണു പരുക്കു പറ്റിയ സംഭവം ഞെട്ടിക്കുന്നതാണെന്നു കോടതി പറഞ്ഞു. ചീഫ് സെക്രട്ടറി, ഡിജിപി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരിൽനിന്നു കോടതി വിശദീകരണം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു മുമ്പു വിശദീകരണം നൽകണം. അടുത്ത ദിവസം കേസ് പരിഗണിക്കുന്നതിനു കോടതി മാറ്റി വച്ചിട്ടുണ്ട്.



പാതയോരത്ത് ഭാരത് ജോഡോ യാത്രയുടെ പേരിലുള്ള പോസ്റ്ററുകളും ബാനറുകളും ഹൈക്കോടതിയുടെ കണ്ണിൽ പെടുന്നില്ല എന്ന് ആക്ഷേപിച്ച് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇടതു പാർട്ടിക്കെതിരെ മാത്രമാണ് ജഡ്ജിയുടെ വിമർശനങ്ങൾ എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ആരോപണം. 


അതുപോലെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരായി വന്ന പൊതു താൽപര്യ ഹർജിയിൽ യാത്രയ്ക്കു ലഭിച്ച അനുമതിയുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹർജിക്കാരനോടു കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനുമതിയുടെ വ്യവസ്ഥകൾ ഉൾപ്പടെ സമർപ്പിക്കാൻ ആവശ്യപ്പെട്ട കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനാണ് മാറ്റി വച്ചിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad