Type Here to Get Search Results !

ഇന്ത്യയ്ക്ക് കനത്ത പ്രഹരം..!!ബുംറ ലോകകപ്പിനുണ്ടാകില്ല

 ടി20 ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറെ നിരാശ പകരുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ലോകകപ്പിനുണ്ടാകില്ല. ഒരു ബി.സി.സി.ഐ വൃത്തം വാർത്താ ഏജൻസിയായ പി.ടി.ഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.



പുറംവേദന ഗുരുതരമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലുണ്ടെങ്കിലും ഇന്നലെ കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ ബുംറ കളിച്ചിരുന്നില്ല. പുറംവേദനയെ തുടർന്നാണ് താരം കളിക്കാതിരുന്നതെന്ന് പിന്നീട് ടീം വൃത്തങ്ങൾ വിശദീകരിച്ചിരുന്നു. പുറംവേദന കൂടുതൽ ഗുരുതരമാണെന്നാണ് പുതിയ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.


ബുംറ എന്തായാലും ടി20 ലോകകപ്പ് കളിക്കാനുണ്ടാകില്ല. ഗുരുതരമായ പുറംവേദനാ പ്രശ്‌നങ്ങൾ നേരിടുകയാണ് താരം. സ്‌ട്രെസ് ഫ്രാക്ചറാണ് സംഭവിച്ചിരിക്കുന്നത്. ആറു മാസത്തോളം വിശ്രമം വേണ്ടവരും-ബി.സി.സി.ഐ വൃത്തം പി.ടി.ഐയോട് വെളിപ്പെടുത്തി.


ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ആസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ബുംറ തിരിച്ചെത്തിയിരുന്നു. ആദ്യ മത്സരത്തിൽ പുറത്തിരുന്ന ശേഷം തുടർന്നുള്ള രണ്ടു മത്സരങ്ങളിലും കളിച്ചു. രണ്ടാം ടി20യിൽ ആരാധകർക്ക് പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നെങ്കിലും നിർണായക മത്സരത്തിൽ പാടേ നിരാശപ്പെടുത്തി. ടി20 കരിയറിൽ ഇതാദ്യമായി 50 റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു ബുംറ. ഇതിനുശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനായി ബുംറ തിരുവനന്തപുരത്തെത്തിയിരുന്നില്ല.


നേരത്തെ പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ബുംറയുണ്ടായിരുന്നില്ല. പിന്നാലെ ടി20 ലോകകപ്പും താരത്തിനു നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ടാണ് ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ബുംറ കളത്തിലിറങ്ങിയത്. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. മുന്‍പുണ്ടായിരുന്ന പുറംവേദന കലശലായതായാണ് താരത്തിന് തിരിച്ചടിയായത്. 2019ലും ബുംറയ്ക്ക് പുറംവേദനയെ തുടർന്ന് ഏറെക്കാലം പുറത്തിരിക്കേണ്ടി വന്നിരുന്നു. ഡെത്ത് ഒാവറില്‍ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ നേരിടുന്ന ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെയാകും പുതിയ വാര്‍ത്തയെന്നുറപ്പാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad