Type Here to Get Search Results !

ഷവോമി,വിവോ,ഒപ്പോ ഇന്ത്യ വിടുന്നു..റിപ്പോര്‍ട്ട്

കേന്ദ്ര അന്വേഷണ ഏജൻസികൾ തുടരുന്ന റെയ്ഡിനു പിന്നാലെ ഇന്ത്യ വിടാനൊരുങ്ങി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ. ഷവോമി, വിവോ, ഒപ്പൊ അടക്കം ഇന്ത്യൻ മാർക്കറ്റിലെ മുൻനിരക്കാരനാണ് കടുത്ത തീരുമാനത്തിനൊരുങ്ങുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.



എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ നിരന്തരമായി തുടരുന്ന അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും പിന്നാലെയാണ് ചൈനീസ് കമ്പനികളുടെ നീക്കം. ഇന്ത്യയ്ക്കു പകരം ഇന്തോനേഷ്യ, ബംഗ്ലാദേശ്, നൈജീരിയ എന്നിവിടങ്ങളിൽ ഫോൺ നിർമാണ യൂനിറ്റുകൾ ആരംഭിക്കാനാണ് പദ്ധതി. 20 മില്യൻ ഡോളറിന് ഈജിപ്തിൽ സ്മാർട്ട്‌ഫോൺ നിർമാണ ഫാക്ടറി ആരംഭിക്കാനുള്ള നടപടികൾ ഒപ്പൊ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.


ഇന്ത്യൻ ഭരണകൂടത്തിന്റെ നിരന്തര വേട്ട കാരണം രാജ്യത്തെ ഭാവി മോശമാകുമെന്ന ചിന്ത ഇവിടെ പ്രവർത്തിക്കുന്ന ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾക്കിടയിലുണ്ടെന്നാണ് ഒരു കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഗ്ലോബൽ ടൈംസിനോട് പ്രതികരിച്ചത്. അത്യാധുനികമായ സ്മാർട്ട്‌ഫോണുകൾ ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ചൈനീസ് കമ്പനികൾ ഭയക്കുന്നത്. ഇതിനാൽ, ഭാവി തിരിച്ചറിഞ്ഞ് ഇപ്പോൾ തന്നെ ഇന്ത്യയിൽനിന്ന് പിൻവാങ്ങാനുള്ള ആലോചനയിലാണ് കമ്പനികളെന്നും എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി.


അടുത്തിടെ ഷവോമി, വിവോ, ഒപ്പോ തുടങ്ങിയ ചൈനീസ് കമ്പനികൾക്കുനേരെ കേന്ദ്ര സർക്കാർ ഏജൻസികൾ നിരവധി തവണയാണ് റെയ്ഡും തുടർനടപടികളും സ്വീകരിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള ഓഫിസുകളിലാണ് പലതവണ റെയ്ഡ് നടന്നത്. ഷവോമിയിൽനിന്ന് 5,500 കോടി രൂപ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 12,000 രൂപയ്ക്കു താഴെ വിലയുള്ള ചൈനീസ് സ്മാർട്ട്‌ഫോണുകൾ നിരോധിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നത്. ഇക്കാര്യം പിന്നീട് കേന്ദ്രസർക്കാർ നിഷേധിച്ചെങ്കിലും അധികം വൈകാതെ അത്തരമൊരു നീക്കമുണ്ടായേക്കാമെന്ന് ചൈനീസ് കമ്പനികൾ ഭയക്കുന്നുണ്ട്.


ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകൾ അടക്കം 300ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ചിട്ട് അധികം കാലമായിട്ടില്ല. ടിക്‌ടോക്, വീചാറ്റ്, പബ്ജിയെല്ലാം നിരോധിത പട്ടികയിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad