Type Here to Get Search Results !

സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം വരുത്തി സല്‍മാന്‍ രാജാവ്. പുതിയ പ്രധാനമന്ത്രിയായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ നിയോഗിച്ചു. ഇതുവരെ രാജാവ് വഹിച്ചിരുന്ന പദവിയാണിത്. ഘട്ടങ്ങളായുള്ള അധികാര കൈമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്ന് വിലയിരുത്തുന്നു.



37 വയസുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ പ്രധാനമന്ത്രിയാകുന്നതോടെ ഭരണകാര്യങ്ങളില്‍ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തുന്നത്. 86കാരനായ സല്‍മാന്‍ രാജാവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രധാനമന്ത്രിയായി നിയമിച്ചതോടെ സൗദി സര്‍ക്കാരിന്റെ അമരത്ത് ഇതോടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എത്തുകയാണ്.


നേരത്തെ ഒട്ടേറെ പദവികള്‍ ബിന്‍ സല്‍മാന്‍ വഹിച്ചിരുന്നു. എണ്ണ വകുപ്പ്, പ്രതിരോധം, സാമ്പത്തിക നയം, ആഭ്യന്തര സുരക്ഷ എന്നീ ചുമതലകളെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ വഹിച്ചിരുന്നു. കൂടുതല്‍ അധികാരം ബിന്‍ സല്‍മാന് നല്‍കുകയാണ് രാജാവ് ചെയ്യുന്നതിപ്പോള്‍.


എന്താണ് പുതിയ തീരുമാനത്തിന് കാരണം എന്ന് വ്യക്തമല്ല. മന്ത്രിസഭാ യോഗങ്ങള്‍ക്ക് രാജാവ് തന്നെയാകും ഇനിയും അധ്യക്ഷത വഹിക്കുക. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ബിന്‍ സല്‍മാന്‍ അധ്യക്ഷനാകും. ബിന്‍ സല്‍മാന്റെ നിയമത്തിന് പുറമെ മറ്റു വകുപ്പുകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


സല്‍മാന്‍ രാജാവിന്റെ മറ്റൊരു മകനാണ് ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇദ്ദേഹത്തെ സൗദിയുടെ പുതിയ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ സിഇഒ ആയ യൂസുഫ് അല്‍ ബെന്യാനെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. മറ്റു പ്രധാന വകുപ്പുകളിലൊന്നും മാറ്റമില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad