Type Here to Get Search Results !

ട്രെയിനിൽ നഷ്‌ടപ്പെടുന്ന സാധനങ്ങൾ കണ്ടെത്താൻ 5000 അംഗങ്ങളുള്ള ട്രെയിൻ ടൈം കൂട്ടായ്മ

പെരിന്തൽമണ്ണ ∙ ട്രെയിനിൽ നഷ്‌ടപ്പെടുന്ന സാധന സാമഗ്രികൾ കണ്ടെത്തി നൽകാനും യാത്രയിൽ സഹായത്തിനുമായി സന്നദ്ധ കൂട്ടായ്‌മ. റെയിൽവേയിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും സ്ഥിരം ട്രെയിൻ യാത്രക്കാരുമാണ് അംഗങ്ങൾ. 'ട്രെയിൻ ടൈം' കൂട്ടായ്‌മ എന്ന സന്നദ്ധ സംഘത്തിൽ 5000 പേരുണ്ട്. ആയിരത്തിലേറെ പേരെ ഇതിനകം സഹായിച്ചിട്ടുണ്ട്. ട്രെയിനിൽ നഷ്‌ടപ്പെടുകയോ മറന്നു വയ്‌ക്കുകയോ ചെയ്‌ത താക്കോൽകൂട്ടം മുതൽ വലിയ ലഗേജുകൾ വരെ ഉടമസ്ഥർക്കു കണ്ടുപിടിച്ചു നൽകിയിട്ടുണ്ട്. കൂട്ടായ്മയെ വിവരം അറിയിക്കുന്ന നിമിഷം മുതൽ അന്വേഷണവും തിരച്ചിലും തുടങ്ങും. ഗൂഡല്ലൂർ സ്വദേശിനിയുടെ 15 പവന്റെ സ്വർണാഭരണം സൂക്ഷിച്ച ബാഗ് നിമിഷങ്ങൾക്കകം കണ്ടു പിടിച്ച് നൽകിയത് ഉൾപ്പെടെ കൂട്ടായ്മയുടെ വിലപ്പെട്ട സേവനങ്ങൾ ഏറെയാണ്.



യാത്രക്കാരുടെ പഴ്‌സ്, മൊബൈൽ ഫോണുകൾ, ലാപ്ടോപ്, സ്വർണാഭരണങ്ങൾ, മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവയെല്ലാം തിരിച്ചു പിടിക്കാൻ കൂട്ടായ്‌മ സഹായിച്ചിട്ടുണ്ട്. കൂട്ടായ്‌മയിലെ 5000 പേരെയും പരസ്‌പരം ബന്ധിപ്പിക്കുന്ന വാട്സാപ് ഗ്രൂപ്പുകളുണ്ട്. ട്രെയിനുകളുടെ സമയവും മറ്റ് വിവരങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കാനും വാട്സാപ് കൂട്ടായ്മകളുണ്ട്. റെയിൽവേ സംരക്ഷണ സേനയുടെ സഹകരണവും ഇടപെടലും പ്രവർത്തനങ്ങൾക്കു കൂട്ടായുണ്ട്. റെയിൽവേ ഹാൾട്ട് അസിസ്‌റ്റന്റ് സലീം ചുങ്കത്തിന്റെ നേതൃത്വത്തിൽ 2006ൽ തുടങ്ങിയതാണ് കൂട്ടായ്‌മ.


ആർപിഎഫ് എസ്‌ഐ രമേഷ്‌കുമാർ തുടക്കം മുതൽ സജീവമാണ്. സാധനങ്ങൾ ട്രെയിനിനുള്ളിൽ നഷ്ടപ്പെടുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടു തുടങ്ങിയ കൂട്ടായ്മയാണു സേവനത്തിന്റെ കൂട്ടുത്തരവാദിത്തവുമായി വിപുലമായതെന്ന് സലീം ചുങ്കത്ത് പറയുന്നു. ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ കോവിഡ് കാലത്ത് നിർത്തി വച്ച ട്രെയിൻ സർവീസ് പുനഃസ്ഥാപിക്കുന്നതിലും കൂട്ടായ്മ ഇടപെട്ടിരുന്നു. മിനി സത്യശ്രീ, മുരളി കുലുക്കല്ലൂർ, സൈനുൽ ആബിദ്, നളിനാക്ഷൻ വാണിയമ്പലം തുടങ്ങിയവരാണ് യാത്രക്കാരുടെ പ്രതിനിധികളായി ഗ്രൂപ്പിനെ നയിക്കുന്നത്. സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയാണ് ട്രെയിൻ ടൈം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad