Type Here to Get Search Results !

ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുദിവസം; കേരള സവാരി ആപ്പ് ഇനിയുമെത്തിയില്ല

 


തിരുവനന്തപുരം: ടാക്സിമേഖലയിലെ ചൂഷണം ഒഴിവാക്കാൻ സർക്കാർ തയ്യാറാക്കിയ കേരള സവാരി പദ്ധതി ഇതുവരെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായില്ല. കേരള സവാരി മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറുകളിൽ എത്താത്തതാണ് കാരണം. സുരക്ഷാപരിശോധന പൂർത്തിയാക്കി അനുമതി കിട്ടാത്തതിനാലാണ് ആപ്പ് സ്റ്റോറിൽ കേരള സവാരി എത്താത്തത്.


അഞ്ചുദിവസംമുമ്പായിരുന്നു കേരള സവാരി ഉദ്ഘാടനം. വലിയ പ്രചാരണത്തോടെ തുടങ്ങിയ പദ്ധതി ഇതുവരെ യാഥാർഥ്യമാക്കാൻ അധികൃതർക്കായിട്ടില്ല.


വനിതകൾ ഉൾപ്പെടുന്ന ഡ്രൈവർമാർ കേരള സവാരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആപ്പ് പൊതുജനങ്ങളിലേക്കെത്താത്തതിനാൽ അവർക്ക് പദ്ധതിയുടെ ഭാഗമാകാനായിട്ടില്ല. സുരക്ഷാപരിശോധന പൂർത്തിയാക്കി ഗൂഗിൾ വെരിഫിക്കേഷൻ കഴിഞ്ഞാലേ കേരള സവാരി ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തൂ. അതിന് എത്രദിവസം വേണ്ടിവരുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല.


നിലവിൽ ഇ-മെയിലായിമാത്രമാണ് ഗൂഗിളുമായി ബന്ധപ്പെടാനാകുന്നത്. അടുത്തദിവസങ്ങളിൽത്തന്നെ കേരള സവാരി ആപ്പ് എത്തുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.


പാലക്കാട്ടെ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് ആപ്പ് രൂപപ്പെടുത്തിയത്. തുടർന്നുള്ള സാങ്കേതികസഹായവും അവരുടേതാകും. നേരത്തേ പ്ലേസ്റ്റോറിൽ ഉൾപ്പെടുത്തി പരീക്ഷണം നടത്തിയിരുന്ന ആപ്പിൽ ചില അപ്‌ഡേഷനുകൾ വരുത്തിയപ്പോൾ സാങ്കേതികപ്രശ്നങ്ങളുണ്ടാവുകയായിരുന്നു. അവ പരിഹരിച്ച് ഗൂഗിൾ അനുമതിക്കായി കാത്തിരിക്കുകയാണ്.


തിരുവനന്തപുരം നഗരസഭാതിർത്തിയിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. സർക്കാർ നിശ്ചയിച്ച ഓട്ടോ, ടാക്സി നിരക്കിനൊപ്പം എട്ടുശതമാനം സർവീസ് ചാർജ് മാത്രമേ കേരള സവാരിവഴിയുള്ള സർവീസുകൾക്ക് ഉണ്ടാകൂ. എല്ലാസമയത്തും അംഗീകൃതചാർജും സർവീസ് ചാർജുംമാത്രം നൽകിയാൽ മതിയാകും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad