Type Here to Get Search Results !

ഗൾഫിലേക്ക് കുടിയേറ്റം കുറഞ്ഞു; പ്രവാസി പണത്തിൽ കേരളം പിന്നിലേക്ക്

 


ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റം കുറയുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിലെ എമിഗ്രേഷൻ ക്ലിയറൻസിന്റെ കണക്കു പ്രകാരം ജി.സി.സി. രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം 2015-ലെ 7.6 ലക്ഷത്തിൽ നിന്ന് 2020-ൽ 90,000 ആയി ചുരുങ്ങി. അതേ സമയം, അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പുർ പോലുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയും ചെയ്തു.


2020-ൽ ഗൾഫിലേക്കുള്ള എമിഗ്രേഷൻ ക്ലിയറൻസിൽ പകുതിയും ഉത്തർ പ്രദേശ്, ബിഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. തൊഴിലിനായുള്ള കുടിയേറ്റത്തിലെ ഈ മാറ്റം പ്രവാസികൾ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ വിതരണത്തിലും വലിയ മാറ്റമുണ്ടാക്കി. റിസർവ് ബാങ്കിന്റെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.


സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഒമാൻ, ഖത്തർ, ബഹറൈൻ എന്നിവയുൾപ്പെട്ട ജി.സി.സി. രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള തൊഴിൽ രംഗത്തെ മാറ്റം ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി പണം കുത്തനെ ഇടിയാൻ ഇതു കാരണമായി. അഞ്ചു വർഷം കൊണ്ട് പകുതിയോളമാണ് കുറഞ്ഞത്. 2016-17-ൽ രാജ്യത്ത് എത്തുന്നതിന്റെ 19 ശതമാനം പ്രവാസിപ്പണവും കേരളത്തിലേക്കായിരുന്നു. 2020-21-ൽ ഇത് 10.2 ശതമാനമായി ചുരുങ്ങി. അതേ സമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17-ലെ 16.7 ശതമാനത്തിൽ നിന്ന് 35.2 ശതമാനത്തിലേക്ക് ഉയർന്നു. കേരളത്തെ രണ്ടാമതാക്കി മഹാരാഷ്ട്ര മുന്നിലെത്തി.


*പരമ്പരാഗതരീതി മാറുന്നു*


പരമ്പരാഗതമായി കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ പണമയച്ചിരുന്നത്. ഇപ്പോൾ മൂന്നു സംസ്ഥാനങ്ങളുടെയും ചേർന്നുള്ള വിഹിതം 25.1 ശതമാനം മാത്രമാണ്. 2016-ലെ 42 ശതമാനത്തിൽ നിന്നാണ് ഈ നിലയിലേക്കു വീണത്. ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് മാത്രമായി 35.2 ശതമാനം വിഹിതമുണ്ട്. കോവിഡ് കാലത്ത് ഗൾഫ് നാടുകളിലുണ്ടായ തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി, സൗദി, കുവൈത്ത്, ഖത്തർ പോലുള്ള രാജ്യങ്ങളിൽ തൊഴിൽ രംഗത്ത് തദ്ദേശ വത്കരണം നടപ്പാക്കൽ, അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പുർ പോലുള്ള വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വർധന തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമായിട്ടുണ്ടെന്ന് പഠനം നിരീക്ഷിക്കുന്നു.


തൊഴിൽ തദ്ദേശ വത്കരിക്കൽകാരണം ഗൾഫ് നാടുകളിലേക്കുള്ള കുടിയേറ്റം കുറഞ്ഞിട്ടുണ്ട്. സൗദിയിലേക്കുള്ള എമിഗ്രേഷൻ 2015-ലെ 3.1 ലക്ഷത്തിൽനിന്ന് 2020-ൽ 40,000 ആയി കുറഞ്ഞു. യു.എ.ഇ.യിലേക്കുള്ളത് 2.3 ലക്ഷത്തിൽനിന്ന് 20,000 ആയും ചുരുങ്ങി. 2021-ൽ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്.


എന്നാൽ, ഏതാനും വർഷങ്ങളായി യു.പി., ബിഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടുതൽ. 2020-ൽ എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതിൽ പകുതിയും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. എന്നാൽ, ഇവർ വളരെ കുറച്ച്‌ പണമാണ് അയക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.


2016-17 സാമ്പത്തിക വർഷം പ്രവാസി പണം വരവിൽ 50 ശതമാനവും ജി.സി.സി. രാജ്യങ്ങളിൽ നിന്നായിരുന്നു. 2020-21-ലിത് 30 ശതമാനമായി കുറഞ്ഞു. 23 ശതമാനം വിഹിതവുമായി യു.എ.ഇ.യെ പിന്തള്ളി അമേരിക്ക മുന്നിലെത്തുകയും ചെയ്തു. നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ടിൽ ഏറ്റവും കൂടുതൽ വിദേശ നാണ്യം വരുന്ന രണ്ടാമത്തെ സ്രോതസ്സാണിതെന്നും റിപ്പോർട്ട് പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad