Type Here to Get Search Results !

മനുഷ്യര്‍ക്ക് കയറാവുന്ന ഡ്രോണുമായി ഇന്ത്യ; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശനം



ന്യൂഡല്‍ഹി: വീഡിയോകളില്‍ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഡ്രോണുകള്‍ കോവിഡ് കാലത്ത് മരുന്നുകളടക്കമുള്ള വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ഉപയോഗിക്കപ്പെട്ടിരുന്നു.


എന്നാല്‍ ഇതിലേറെ വിപ്ലവകരമായി മനുഷ്യര്‍ക്ക് കയറാവുന്ന 'വരുണ' ഡ്രോണ്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരീക്ഷണപ്പറക്കലിന്റെ വീഡിയോ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.


130 കിലോഗ്രാം ഭാരവുമായി 25 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന ആദ്യത്തെ പൈലറ്റില്ലാത്ത, മനുഷ്യനെ വഹിക്കാവുന്ന ഡ്രോണാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്.


വരും വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരെ വേണമെന്ന് മന്ത്രി ജോതിരാധിത്യ സിന്ധ്യ മുമ്ബ് പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ 12 മന്ത്രാലയങ്ങളും ഡ്രോണ്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡ്രോണ്‍ പൈലറ്റാകാന്‍ പറ്റുമെന്നും കോളേജ് ഡിഗ്രി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.രണ്ടു മൂന്നു മാസത്തെ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റായി ജോലിക്ക് കയറാമെന്നും പ്രതിമാസം 30,000 രൂപ ശമ്ബളം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2030 ഓടെ രാജ്യത്തെ അന്താരാഷ്ട്രാ ഡ്രോണ്‍ ഹബ് ലീഡറാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരിശ്രമിക്കുന്നതെന്നും സിന്ധ്യ പറഞ്ഞിരുന്നു.


മൂന്നു ഘട്ടങ്ങളിലായാണ് ഡ്രോണ്‍ സെക്ടറിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും ആദ്യ ഘട്ടമായ ഡ്രോണ്‍ നയം രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞിരുന്നു. രണ്ടാമത്തെ ഘട്ടം പ്രോത്സാഹനം നല്‍കുന്നതാണെന്നും പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എല്‍.ഐ (പ്രാഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ്‌സ്) വഴി ഈ ലക്ഷം നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 2021 ആഗസ്റ്റ് 25ന് പുറത്ത്‌വിട്ട ഡ്രോണ്‍ ലിബറലൈസ്ഡ് നിയമത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ പി.എല്‍.ഐ പദ്ധതി നടക്കുന്നുണ്ട്. മൂന്നാം ഘട്ടമായാണ് മന്ത്രാലയങ്ങള്‍ ഡ്രോണ്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് - മന്ത്രി അറിയിച്ചു. 2026 ഓടെ രാജ്യത്തെ ഡ്രോണ്‍ ഇന്‍ഡസ്ട്രിക്ക് 15,000 കോടി വിറ്റു വരവ് ഉണ്ടാകുമെന്ന് മന്ത്രി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad