Type Here to Get Search Results !

തിരിച്ചു വരവിന് വഴി തേടി കോണ്‍ഗ്രസ്, ചിന്തന്‍ ശിബിരിന് കോഴിക്കോട് തുടക്കം, മുല്ലപ്പള്ളിയും സുധീരനുമില്ല



കോഴിക്കോട്: പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്‍റെ നവസങ്കല്‍പ് ചിന്തന്‍ ശിബിറിന് കോഴിക്കോട്ട് തുടക്കം.


സംഘടനാ സംവിധാനം ശക്തമാക്കുക, ലോക് സഭാ തെരഞ്ഞെടുപ്പിനുളള കര്‍മ പദ്ധതി തയ്യാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് രണ്ട് ദിവസത്തെ ചിന്തന്‍ ശിബിര്‍. അതേസമയം മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തന്‍ ശിബിറില്‍ നിന്നും വിട്ടു നിന്നത് കല്ലുകടിയായി. ചെയ്യാനുളളതെല്ലാം ചെയ്തെന്നും കൂടുതലൊന്നും പറയാനില്ലെന്നും കെ. സുധാകരന്‍റെ പറഞ്ഞു. നേതൃത്വം എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടു പോകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.


പുതിയ നേതൃത്വത്തിനു കീഴില്‍ പുതിയ ശൈലിയും ഊര്‍ജ്ജവുമായി പാര്‍ട്ടിയെ ശക്തമാക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പാക്കുക, അതുവഴി സംസ്ഥാന ഭരണത്തിലേക്കുളള മടങ്ങിവരവിനുളള സാധ്യത ശക്തമാക്കുക . ഉദയ്പൂര്‍ മാതൃകയില്‍ കോഴിക്കോട്ട് രണ്ട് ദിവസം നടക്കുന്ന ചിന്തന്‍ ശിബിരിലൂടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത് ഇതെല്ലാമാണ്.


കെ പി സി സി ,ഡിസിസി ഭാരവാഹികള്‍ക്ക് പുറമേ പോഷകസംഘടനാ ഭാരവാഹികളടക്കം 200ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിനു സമീപമുള്ള ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ചിന്തന്‍ ശിബിറിന് പതാക ഉയര്‍ത്തി. സംസ്ഥാനത്തെ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. കോണ്‍ഗ്രസില്‍ ഒരുപാട് സംഘടനകള്‍ ഉണ്ടെങ്കിലും പലതും നിര്‍ജ്ജീവമാണ്. ഈ സ്ഥിതി മാറണമെന്ന് കെ.സുധാകരന്‍ പറഞ്ഞു.


എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്തത്. അതേസമയം മുന്‍ അധ്യക്ഷന്‍മാരായ മുല്ലപ്പളളിയും വി.എം സുധീരനും വിട്ടു നിന്നത് തുടക്കത്തിലെ കല്ലുകടിയായി. ചിന്തന്‍ ശിബിരില്‍ നിന്ന് വിട്ടു നില്‍ക്കാനുളള തീരുമാനത്തെക്കുറിച്ച്‌ സുധീരനോ മുല്ലപ്പളളിയോ പ്രതകരിച്ചിട്ടില്ല. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ ക്രോഡീകരിച്ച്‌ കോഴിക്കോട് പ്രഖ്യാപനത്തോടെയാണ് നാളെ ചിന്തന്‍ ശിബിര്‍ സമാപിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad