Type Here to Get Search Results !

കോമൺവെൽത്ത് ഗെയിംസിന് തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ



ബിർമിങ്ഹാം: കോമൺ വെൽത്ത് ഗെയിംസിന് ഇംഗ്ലണ്ട് നഗരമായ ബിർമിങ്ഹാമിൽ പ്രൗഢാരംഭം. 216 അംഗ സംഘത്തെ അണിനിരത്തുന്ന ഇന്ത്യ ഇക്കുറിയും ശുഭപ്രതീക്ഷയിലാണ്. 2010ൽ ന്യൂഡൽഹി വേദിയായ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവുമായി 101 മെഡലുകളും രണ്ടാംസ്ഥാനവും. അത്രത്തോളം വരില്ലെങ്കിലും 2018ൽ ആസ്ട്രേലിയയിലും ഗംഭീരമാക്കി. 26 സ്വർണം, 20വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 66 മെഡലുകളും മൂന്നാംസ്ഥാനവും. ഷൂട്ടിങ്ങിൽ മാത്രം ഏഴ് സ്വർണമാണ് അന്ന് ഇന്ത്യക്ക് ലഭിച്ചത്. ഷൂട്ടിങ്ങും അമ്പെയ്ത്തും ഇക്കുറിയില്ലാത്തതും ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്ര പരിക്കിനെത്തുടർന്ന് പിന്മാറിയതും തിരിച്ചടിയാണ്. എങ്കിലും സുവർണപ്രതീക്ഷ‍യിൽ 20ലധികം ഇനങ്ങൾ ഇന്ത്യക്കുണ്ട്.


അത്‍ലറ്റിക്സിൽ ശ്രീ മുതൽ ട്രിപ്പ്ൾ വരെ

കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ ഇന്ത്യ ഇന്നോളം സ്വർണം നേടിയിട്ടില്ല. ഇൗയിടെ ലോക ചാമ്പ്യൻഷിപ് ഫൈനലിലെത്തി ചരിത്രംകുറിച്ച മലയാളിതാരം എം. ശ്രീശങ്കറിൽനിന്ന് രാജ്യം അത് പ്രതീക്ഷിക്കുന്നുണ്ട്, കൂടെ മറ്റൊരു മലയാളി മുഹമ്മദ് അനീസും. ലോക ചാമ്പ്യൻഷിപ് ട്രിപ്പ്ൾ ജംപിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത എൽദോസ് പോളും അബ്ദുല്ല അബൂബക്കറും പ്രവീൺ ചിത്രവേലും ഒന്നാമതെത്താൻ കരുത്തുള്ളവരാണ്. വനിതാ ഡിസ്കസ് ത്രോയിൽ സീമ അൻറിൽ സ്വർണത്തോടെ കരിയർ അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.


ബാഡ്മിന്റണിൽ പൊൻതൂവലാവാൻ

ബാഡ്മിന്റൻ വനിതാ സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധുവിൽനിന്ന് സ്വർണമൊഴിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നുമുണ്ട്. പുരുഷ ഡബ്ൾസിലെ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി, വനിത ഡബ്ൾസിലെ ഗായത്രി ഗോപീചന്ദ്-തെരേസ ജോളി, മിക്സഡ് ഡബ്ൾസിലെ അശ്വിനി പൊന്നപ്പ-എൻ. സിക്കി റെഡ്ഡി സഖ്യങ്ങളും ഒന്നാമതെത്തിയാൽ ഇന്ത്യയുടെ സ്വർണവേട്ടയാവുമത്.


സ്ക്വാഷിലും നേടാനുണ്ട്

2018ൽ സ്ക്വാഷ് വനിത ഡബ്ൾസിൽ ലഭിച്ച വെള്ളി ഇക്കുറി വെങ്കലമാക്കാനാണ് ജോഷ്ന പൊന്നപ്പയും ദീപിക പള്ളിക്കലും ഇറങ്ങുന്നത്. ദീപിക-സൗരവ് ഘോഷാൽ കൂട്ടുകെട്ടിന്റെ മിക്സഡ് ഡബ്ൾസാണ് മറ്റൊരു മെഡൽ ഫേവറിറ്റ്.


ഭാരമാവാത്ത മെഡലുകൾ

ഭാരദ്വഹനം പുരുഷ വിഭാഗത്തിൽ സങ്കേത് സർഗർ (55 കി.ഗ്രാം), ജെറേമി ലാൽറിന്നുൻഗ (67), അചിന്ത ഷിഊലി (73), വനിതകളിൽ ഒളിമ്പിക് മെഡലിസ്റ്റ് മീരാബായി ചാനു (49), ബിന്ദ്യാറാണി ദേവി (55) എന്നിവർ സ്വർണസാധ്യതയിൽ മുന്നിലാണ്.


ഇടിച്ച് സ്വർണം വീഴ്ത്തുന്നവർ

ഇന്ത്യയുടെ മറ്റൊരു പ്രിയ ഇനം ബോക്സിങ്ങാണ്. പുരുഷന്മാരിൽ ശിവ ഥാപ്പ (63.5 കി.ഗ്രാം), സഞ്ജീത് കുമാർ (92), വനിതകളിൽ നീതു ഗാംഘാസ് (48), നിഖാത് സരീൻ (50), ഒളിമ്പിക്സ് മെഡലിസ്റ്റ് ലവ് ലിന (70)) എന്നിവർ വിവിധ കിലോഗ്രാം ഇനങ്ങളിൽ സ്വർണം ഇടിച്ചിടാൻ കെൽപ്പുള്ളവരാണ്.


ജൂഡോയിൽ തൂലിക മാൻ

വനിതാ ജൂഡോ 78 കിലോഗ്രാം ഇനത്തിൽ തൂലിക മാൻ പൊന്നണിയുന്നതും ഇന്ത്യൻ ക്യാമ്പ് സ്വപ്നം കാണുന്നു.


ഗുസ്തിപിടിച്ചാൽ കിട്ടും

ഒളിമ്പിക് മെഡൽ നേടി ചരിത്രമെഴുതിയ സാക്ഷി മാലിക് (62 കി.ഗ്രാം), കൂടാതെ ആൻഷു മാലിക് (57), വിനേഷ് ഫോഗത് (53), പുരുഷന്മാരിൽ ദീപക് പൂനിയ (86), നവീൻ (74), ഒളിമ്പിക് മെഡലിസ്റ്റ് രവി ദാഹിയ (57) എന്നിവരിൽനിന്ന് അവരവരുടെ ഇനങ്ങളിൽ സ്വർണം കാത്തിരിക്കുകയാണ് ഇന്ത്യ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad