Type Here to Get Search Results !

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടില്ല; ഉറപ്പിച്ച്‌ കേന്ദ്രം, ഉടന്‍ അപേക്ഷിക്കണം, അറിയേണ്ടതെല്ലാം

 


ദില്ലി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 31 ന് സമയം അവസാനിക്കുമെന്നും റവന്യു വകുപ്പ് സെക്രട്ടറി തരുണ്‍ ബജാജ് വ്യക്തമാക്കി.


ജൂലൈ 31 ന് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കിലും ഡിസംബര്‍ 31 ന് മുന്‍പ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. എന്നാല്‍ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ ഇന്‍കം ടാക്സ് വകുപ്പ് 10000 രൂപ പിഴ ചുമത്തും. വൈകി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വ്യക്തമായ കാരണവും ബോധിപ്പിക്കേണ്ടി വരും.


ജൂലൈ 20 വരെ ഇതിനോടകം 2.3 കോടി ആദായ നികുതി റിട്ടേണ്‍ അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. കാലാവധി നീട്ടുന്നത് ഒരു പതിവായതിനാല്‍ ജനം, ഇനിയും സമയം അനുവദിക്കുമെന്ന വിലയിരുത്തലിലാണ്. അതുകൊണ്ടാണ് റിട്ടേണ്‍ അപേക്ഷകള്‍ കുറവെന്നും തരുണ്‍ ബജാജ് പറഞ്ഞു. ഇപ്പോള്‍ ദിവസം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെയാണ് ആദായ നികുതി വകുപ്പിന് റിട്ടേണ്‍ അപേക്ഷകള്‍ ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാകുമെന്ന് റവന്യൂ സെക്രട്ടറി കരുതുന്നു.


അതേസമയം ആദായ നികുതി റിട്ടേണ്‍ നല്‍കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. അവസാന തിയതിക്കകം ആദായനികുതി റിട്ടേണ്‍ (ഫയല്‍ ചെയ്തില്ലെങ്കില്‍ പിന്നീട് പിഴ സഹിതം മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ജൂലൈ 31 ലേക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെയാകാം എന്ന് കരുതി മാറ്റിവെച്ച്‌ അവസാന തിയതി വരെ അടയ്ക്കാതെ നില്‍ക്കുകയാണെങ്കില്‍, അറിയേണ്ട പ്രധാന കാര്യം അവസാന തിയതി ഞായറാഴ്ച ആണ് എന്നുള്ളതാണ്. ബാങ്ക് അവധി ആണെങ്കിലും കുഴപ്പമില്ലല്ലോ ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ആദായനികുതി പോര്‍ട്ടലില്‍ കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ബാങ്ക് അവധിയായതിനാല്‍ നെറ്റ് ബാങ്കിംഗ്, പ്രവൃത്തി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുപോലെ സുഗമമായി പ്രവര്‍ത്തിക്കില്ല. അങ്ങനെ വരുമ്ബോള്‍ അവസാന ദിവസം വരെ കാത്തിരിക്കുന്നവര്‍ക്ക് പണി കിട്ടും. ഇനി വൈകി ഫയല്‍ ചെയ്താലും പ്രശനങ്ങളുണ്ട്. ജൂലൈ 31-ന് ശേഷം നിങ്ങള്‍ നികുതി അടയ്ക്കുകയാണെങ്കില്‍, പ്രതിമാസം 1% പ്രത്യേക പിഴപ്പലിശ ഉണ്ടായിരിക്കും. അതിനാല്‍, കൂടുതല്‍ കാലതാമസം കൂടാതെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad