Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️സംരക്ഷിത വനമേഖലക്കു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കുന്ന സുപ്രിം കോടതി വിധിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമവിദഗ്ധരും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ബഫര്‍സോണ്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് എസ്എഫ്ഐ അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതിനു പിറകേയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി ആലോചിക്കാന്‍ യോഗം വിളിച്ചത്. വനം വകുപ്പു മേധാവിയുടെ നേതൃത്വത്തില്‍ ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍വേയും പഠനവും നടത്തുന്നുണ്ട്.


◼️മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്. ഈ മാസം 30, ജുലൈ 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് കല്‍പറ്റയില്‍ ശക്തമായ പ്രതിഷേധ റാലി നടന്നു.


◼️രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം 25 ആയി. 19 എസ്എഫ്ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം മേല്‍നോട്ടം വഹിക്കും.


◼️രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മുന്‍ സ്റ്റാഫംഗവും. കെ.ആര്‍. അവിഷിത്തിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. വയനാട് എസ്എഫ്ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. അവിഷിത്തിനെ പ്രതി പട്ടികയില്‍ നിന്നൊഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വിവരം. അവിഷിത്ത് തന്റെ സ്റ്റാഫംഗമല്ലെന്നു മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.


◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണം മോദിയെ പ്രീതിപ്പെടുത്താന്‍ പിണറായി ആസൂത്രണം ചെയ്തതാണെണ് വി ഡി സതീശന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ പ്രതിപക്ഷത്തിനു വിശ്വാസമില്ല. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും സതീശന്‍ പറഞ്ഞു.


◼️രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തെങ്കിലും ചെയ്താല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു തടയാന്‍ കഴിയില്ലെന്ന് കെ മുരളീധരന്‍. ബിജെപിയെ സന്തോഷിപ്പിക്കാനാണ് സിപിഎം ഈ അക്രമം നടത്തിയെതെന്നും കെ മുരളീധരന്‍ ആരോപിച്ചു.


◼️തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമായിരുന്ന സ്വര്‍ണക്കടത്തു കേസും മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസും രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിനു വഴിമാറും. സ്വര്‍ണക്കടത്തു കേസില്‍നിന്നു ചര്‍ച്ച വഴിതിരിച്ചുവിടാനാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. ഇതേസമയം സര്‍ക്കാരിനെതിരേ അടിക്കാന്‍ പ്രതിപക്ഷത്തിന് ഒരു വടികൂടി നല്‍കിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ അപലപിക്കുന്നുവെന്ന് എസ്എഫ്ഐ. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെയാണ് മാര്‍ച്ച് നടത്തിയതെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.  


◼️സംസ്ഥാനത്തു കോവിഡിനു മുമ്പുണ്ടായിരുന്ന ഏതാനും ട്രെയിന്‍ സര്‍വീസുകള്‍കൂടി പുനരാരംഭിക്കുന്നു. കൊല്ലം- എറണാകുളം മെമു, കൊല്ലം- ആലപ്പുഴ, കൊച്ചുവേളി -നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ ജൂലൈ 11 ന് ആരംഭിക്കും. തൃശൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ജൂലൈ മൂന്നിനും തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ നാലിനും ആരംഭിക്കും. എക്സ്പ്രസ് നിരക്ക് ബാധകമായിരിക്കും. കൗണ്ടറുകളില്‍നിന്നു ടിക്കറ്റ് ലഭിക്കും.


◼️കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സുധീര്‍, ഷെഹിന്‍ഷാ എന്നിവരാണ് മരിച്ചത്. കൊല്ലം വെള്ളയിട്ടമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.


◼️പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ ശോഭിക, മായ, കുഞ്ഞമ്മ വിജയന്‍, പൊന്നമ്മ, ഷിജോ കുരുവിള എന്നിവരാണ് അറസ്റ്റിലായത്.


◼️പയ്യന്നൂര്‍ സിപിഎം ഫണ്ട് തിരിമറിയില്‍ പുതിയ കണക്കുമായി സിപിഎം. പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ആരോപണം നേരിട്ടവര്‍ മുന്നോട്ട വെച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുര്‍വിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണന്‍ കണ്ടെത്തിയ കണക്കുകള്‍ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല. ജൂലൈ 1, 2 തീയതികളില്‍ പയ്യന്നൂര്‍ ഏരിയക്ക് കീഴിലെ ലോക്കല്‍ കമ്മിറ്റികളില്‍ വരവ് ചിലവ് കണക്ക് റിപ്പോര്‍ട്ട് ചെയ്യും.


◼️പത്തനംതിട്ട അടൂരില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ക്ഷോക്കേറ്റ് വയോധിക മരിച്ചു. ഏനാത്ത് റഹ്‌മാന്‍ മന്‍സിലില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. മകനും കൊച്ചു മകനുമൊപ്പം പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഫാത്തിമുത്തു. ഷോക്കേറ്റ വയോധികയ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മകനും കൊച്ചുമകനും ഷോക്കേറ്റു.


◼️അട്ടപ്പാടി മധു കേസില്‍ അഡ്വ. രാജേഷ് എം മേനോന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. നിലവിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു. രാജേന്ദ്രനെ നീക്കി പകരം രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.


◼️ഭാര്യയെയും പെണ്‍കുട്ടികളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കട്ടപ്പന സ്വദേശി വിജേന്ദ്രനെ (45) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം. വിജേന്ദ്രന്റെ ഭാര്യ ലക്ഷ്മിയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്‍മക്കളുമാണ് ആക്രമണത്തിന് ഇരയായത്. ഭാര്യയും പെണ്‍മക്കളും വിജേന്ദ്രനോട് പിണങ്ങി കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.


◼️ഡോ. ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ പുരസ്‌കാരം സിനിമാ, സീരിയല്‍ നടിമാരായ അമ്മയ്ക്കും മകള്‍ക്കും. താരങ്ങളായ സി. രമാദേവി, മകള്‍ കൃപ എന്നിവര്‍ക്കാണു പുരസ്‌കാരം സമ്മാനിച്ചത്. തൃശൂരിലെ കേരള സംഗീതനാടക അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നന്തന്‍കോട് വിനയചന്ദ്രന്‍, കോഴിക്കോട് സത്യവൃതന്‍ എന്നിവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍നായരുമാണ് പുരസ്‌കാരം സമ്മാനിച്ചത്.


◼️പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് തുടങ്ങിയവരെ ഫോണില്‍ വിളിച്ചു പിന്തുണ തേടി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും സിന്‍ഹ വിളിച്ച് പിന്തുണ തേടി. ഭരണസംവിധാനം ഭരണഘടന മറികടക്കുമ്പോള്‍ രാഷ്ട്രപതിയാണ് ഇടപെടേണ്ടത്. പക്ഷേ, അതുണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


◼️എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനു പിന്തുണ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി. പ്രതിപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ തങ്ങളോട് ആലോചിച്ചില്ലെന്നു ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു.


◼️കര്‍ണാടകത്തിലെ ബെലഗാവിയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് എന്ന ആശുപത്രി താല്‍ക്കാലികമായി അടപ്പിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ വീണ റെഡ്ഢിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◼️ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യം തെളിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റാരോപണങ്ങള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.  


◼️അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പൊലീസ്. ഉദ്യോഗാര്‍ത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധകാര്‍ക്ക് സാമ്പത്തിക സഹായം അടക്കം നല്‍കി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നും പോലീസ്.


◼️ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതിന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നതാണ് ബാങ്കിന് എതിരായ കുറ്റം. 57.5 ലക്ഷം രൂപയാണ് ബാങ്ക് പിഴയായി അടക്കേണ്ടത്.


◼️എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മ്മുവിനെ അപമാനിച്ചെന്ന് ആരോപിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മക്കെതിരെ പൊലീസില്‍ പരാതി. ദ്രൗപദി പ്രസിഡന്റായാല്‍ പാണ്ഡവരും, കൗരവരും ആരാകുമെന്ന രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ് പരാതിക്കാധാരം. പിന്നാക്കവിഭാഗങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് തെലങ്കാന ബിജെപിയാണ് പരാതി നല്‍കിയത്.


◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് കത്തെഴുതി വിമത നേതാവ് ഏക്നാഥ് ഷിന്‍ഡേ. 38 വിമത എംഎല്‍എമാരുടെ കുടുംബാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചതു ചോദ്യം ചെയ്താണ് കത്തയച്ചത്. ഷിന്‍ഡേക്ക് ഒപ്പമുള്ള എംഎല്‍എമാരെല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഏക്നാഥ് ക്യാമ്പ് കത്തയച്ചിട്ടുണ്ട്.


◼️കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.


◼️ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജര്‍മ്മനിയില്‍ എത്തും. രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിച്ചേക്കും. ചില നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.


◼️2008 ലെ മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയ ലഷ്‌കറെ ത്വയിബയുടെ പ്രവര്‍ത്തകന്‍ സാജിദ് മജീദ് മിറിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.


◼️ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയെ പുറത്താക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. അനില്‍ ഖന്നയ്ക്ക് താല്‍കാലിക ചുമതല നല്‍കി. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗമായിരിക്കെയാണ് ബത്ര ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുന്‍ ഹോക്കി താരം ഒളിമ്പ്യന്‍ അസ്ലം ഷേര്‍ ഖാന്‍ ബത്രയ്ക്ക് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു.


◼️അമേരിക്കയില്‍ ഗര്‍ഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38040 രൂപയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4755 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3930 രൂപയാണ്.


◼️സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയില്‍ (വീ) കേന്ദ്രസര്‍ക്കാരിന് 33 ശതമാനം ഓഹരി പങ്കാളിത്തം. വീയുടെ സാമ്പത്തികസ്ഥിതി (ബാലന്‍സ്ഷീറ്റ്) മെച്ചപ്പെടുന്ന മുറയ്ക്കേ ഓഹരികള്‍ വിറ്റൊഴിയൂ. എ.ജി.ആര്‍ ഫീസിനത്തില്‍ കേന്ദ്രത്തിന് വീ വീട്ടാനുള്ള 16,000 കോടി രൂപയുടെ ബാദ്ധ്യതയാണ് ഓഹരികളാക്കി മാറ്റുന്നത്. ഇതിന് സെബിയുടെ അനുമതി ഉടന്‍ ലഭിച്ചേക്കും. പ്രമോട്ടര്‍ വിഭാഗത്തിന് പകരം പൊതു ഓഹരിനിക്ഷേപകരുടെ വിഭാഗത്തിലാണ് കേന്ദ്രം ഓഹരി നേടുക. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്രത്തിന് ഇടമുണ്ടാവില്ല; പ്രവര്‍ത്തനങ്ങളിലും ഇടപെടാനാവില്ല.


◼️എംടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും. 'ഓളവും തീരവും' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിക്കും. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സാബു സിറില്‍ ആണ് കല സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. എംടിയുടെ മകള്‍ അശ്വതി വി നായര്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് സംവിധായകര്‍.


◼️കുഞ്ചാക്കോ ബോബന്‍ വേറിട്ട ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചീമേനി മാന്വല്‍ എന്ന ദിനപ്പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്തയുടെ മാതൃകയിലുള്ള ഒഫീഷ്യല്‍ പോസ്റ്ററിന് വലിയ അളവിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'എം.എല്‍.എയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു' എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയ്‌ക്കൊപ്പം ദയനീയ ഭാവത്തോടെ പിന്‍കാലിലെ മുറിവ് ഡ്രസ് ചെയ്തുകൊണ്ടുള്ള ചാക്കോച്ചന്റെ നില്‍പ്പും ഭാവവും കൗതുകകരമാണ്. ആഗസ്റ്റ് 12ന് ചിത്രം റിലീസ് ചെയ്യും. തമിഴ് നടി ഗായത്രി ശങ്കര്‍ ആണ് നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


◼️ബജാജ് ഓട്ടോ പള്‍സര്‍ എന്‍250, എഫ്250 എന്നിവയുടെ പുതിയ ഓള്‍-ബ്ലാക്ക് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ക്കൊപ്പം ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ പള്‍സറുകള്‍ ആദ്യമായി പുറത്തിറക്കിയത്. ഇതിനകം 10,000 യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചു. ചില മാറ്റ് ടോണുകളുള്ള ഗ്ലോസി ബ്രൂക്ക്ലിന്‍ ബ്ലാക്ക് ഷേഡിലാണ് ഇവ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പള്‍സര്‍ എന്‍250ന് 1.44 ലക്ഷം രൂപയും പള്‍സര്‍ എഫ്250ന് (എക്സ്-ഷോറൂം) 1.25 ലക്ഷം രൂപയും വിലയുള്ള മറ്റ് കളര്‍ സ്‌കീമുകള്‍ക്ക് ഇപ്പോഴും ഡിസ്‌ക് ബ്രേക്കുകളുള്ള സിംഗിള്‍-ചാനല്‍ എബിഎസ് യൂണിറ്റ് ലഭിക്കും.


◼️കുട്ടികളുടെ നാടകഭാഷയെക്കുറിച്ച് അരങ്ങു രൂപത്തെക്കുറിച്ച് വ്യക്തമായ ധാരണയോടെ കുട്ടികളുടെതായ നാടകവേദി യാഥാര്‍ത്ഥ്യമാക്കുന്നവരില്‍ ഏറെ ശ്രദ്ധേയനാണ് ശിവദാസ് പൊയില്‍ക്കാവ്. 'എലിപ്പെട്ടി കുട്ടികളുടെ നാടകങ്ങള്‍'. കറന്റ് ബുക്സ് തൃശൂര്‍. വില 152 രൂപ.


◼️യുഎസിലെ 'ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി' എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് പല ഗുണങ്ങളുമുണ്ടെന്നാണ്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണത്രേ ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണത്രേ. യുഎസിലെ തന്നെ 'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍' അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണ്. സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര്‍ ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത ക്രമത്തില്‍ 58 ശതമാനവും 43 ശതമാനവും കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എന്‍എല്‍എം അവകാശപ്പെടുന്നത്. ഇവയ്ക്ക് പുറമെ വൃക്കസംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര്‍ സഹായകമാണത്രേ. 'ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദ അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി'യില്‍ വന്ന പഠനറിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും ബിയര്‍ നല്ലതാണെന്നാണ് പഠനം പറയുന്നത്. 'ലൈവ് സയന്‍സ്' എന്ന സയന്‍സ് വെബ്സൈറ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 78.25, പൗണ്ട് - 95.97, യൂറോ - 82.64, സ്വിസ് ഫ്രാങ്ക് - 81.58, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.38, ബഹറിന്‍ ദിനാര്‍ - 207.53, കുവൈത്ത് ദിനാര്‍ -255.28, ഒമാനി റിയാല്‍ - 203.22, സൗദി റിയാല്‍ - 20.85, യു.എ.ഇ ദിര്‍ഹം - 21.30, ഖത്തര്‍ റിയാല്‍ - 21.49, കനേഡിയന്‍ ഡോളര്‍ - 60.70.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad