Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️പ്ലസ് ടു പരീക്ഷയ്ക്ക് 83.87 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 87.94 ശതമാനമായിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. 28,480 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്. കൂടുതല്‍ വിജയം 87.79 ശതമാനമുള്ള കോഴിക്കോട് ജില്ലയിലും കുറവ് 75.07 ശതമാനമുള്ള വയനാടുമാണ്. 78 സ്‌കൂളുകളാണ് നൂറുമേനി വിജയം നേടിയത്. വിഎച്ച്എസ്ഇയില്‍ വിജയ ശതമാനം 78.26 ആണ്. കഴിഞ്ഞ തവണ 79.62 ആയിരുന്നു.


◼️തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക എത്തിച്ചപ്പോള്‍ മുതിര്‍ന്ന സര്‍ജന്‍മാര്‍ ഡ്യൂട്ടിയില്‍ ഇല്ലായിരുന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ വകുപ്പു മേധാവികള്‍ ഇതിനായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തി. ശസ്ത്രക്രിയക്കു കൊച്ചിയില്‍നിന്ന് വൃക്ക എത്തുന്ന വിവരം ആശുപത്രിയിലെ സെക്യൂരിറ്റി പോലും അറിഞ്ഞിരുന്നില്ലെന്ന് കോര്‍ഡിനേറ്റ് ചെയ്ത അരുണ്‍ ദേവ്. വൃക്ക അടങ്ങിയ പെട്ടിയെടുത്ത് ഓപറേഷന്‍ തിയേറ്ററിലേക്ക് ഓടിയത് അരുണ്‍ ദേവായിരുന്നു.


◼️സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കു സ്വപ്ന സുരേഷിന്റെ കത്ത്. കേസില്‍ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കര്‍ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരില്‍ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രിയെ കാണണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.


◼️സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന്റെ മഹാറാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കം. വൈകീട്ട് നാലിനു പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രസംഗിക്കും. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ഡിഎഫ് നടത്തുന്നത്.


◼️മഹാരാഷ്ട്രയില്‍ ബിജെപിയുടെ കുതിരക്കച്ചവട നീക്കം. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെ 18 ശിവസേന എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഒരു റിസോര്‍ട്ടിലേക്കു മാറി. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മുംബൈയില്‍നിന്ന് മാറി നില്‍ക്കുന്ന ഏക് നാഥ് ഷിന്‍ഡെയുമായി ശിവസേന നേതൃത്വത്തിനു ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം.


◼️കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ പെട്രോള്‍ ബോംബ് എറിഞ്ഞത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോബേറ് ഉണ്ടായിരുന്നു.


◼️സിപിഎം രക്തസാക്ഷി സിവി ധനരാജ് കുടുംബ സഹായ ഫണ്ടിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി അംഗങ്ങള്‍. കരിവെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡിയിലാണ് പാര്‍ട്ടി അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചത്.


◼️കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകള്‍ നടന്നത് ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞ്. രാത്രി ഏറെ വൈകിയും പുലര്‍ച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പരിട്ട് നല്‍കിയതെന്നാണ് സഞ്ചയ് ആപ്ലിക്കേഷനിലെ ലോഗിന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.


◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്ന് സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.


◼️നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്. ജയിലിലിരുന്ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് എഴുതിയതെന്ന് പറയപ്പെടുന്ന കത്തിലാണ് സിദ്ദിഖിന്റെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിദ്ദിഖിനെ ചോദ്യം ചെയ്തത്.


◼️സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്ന് ക്രൈം നന്ദകുമാര്‍. മന്ത്രി വീണ ജോര്‍ജിനെതിരേ വ്യാജ അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്രൈം നന്ദകുമാറിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.


◼️മലപ്പുറം മമ്പാട് ടൗണിലെ ടെക്സ്റ്റയില്‍ ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി മുജീബിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് കടം വാങ്ങിയ 64,000 രൂപ തിരിച്ചുവാങ്ങാന്‍. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12 പേരില്‍നിന്നാണ് ഈ വിവരം.


◼️കേരള സര്‍വ്വകലാശാല നാക്ക് റീ അക്രഡിറ്റേഷനില്‍ എ ++ നേടി. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാല ഈ അംഗീകാരം നേടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സര്‍വ്വകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയത്.


◼️ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ജൂലൈ ഒന്നിനു കോടതിയില്‍ ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി. കേസില്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഹാജരായി ജാമ്യം എടുത്തു. ഫാ. ജോഷി പുതുവയും ജൂലൈ ഒന്നിന് ഹാജരാകണം.


◼️കല്‍പ്പറ്റ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ (27) ആണ് അറസ്റ്റിലായത്.


◼️മാള പുത്തന്‍ചിറ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യവേ തലയിടിച്ചു വീണ് കെഎസ് ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചു. പുത്തന്‍ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി എ സജീവാണ് മരിച്ചത്. വ്യായാമം ചെയ്യവേ പുറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു.


◼️തിരുവനന്തപുരം കോവളം ബൈപ്പാസിലെ ബൈക്ക് അഭ്യാസത്തില്‍ യുവാക്കള്‍ മരിച്ചതിന് പിന്നാലെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നാളെ മുതല്‍ രണ്ടാഴ്ച്ച സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനയുണ്ടാകും. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.


◼️കാസര്‍കോട് പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരേയുള്ള അടിപിടി, മയക്ക് മരുന്ന് കേസുകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം.


◼️പുല്‍പ്പള്ളി പാടിച്ചിറ ചാച്ചിക്കവലയില്‍ കാപ്പിത്തോട്ടത്തില്‍ പണം വച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയില്‍. ചീട്ടുകളി സംഘത്തില്‍ നിന്നും 72,000 രൂപ പിടിച്ചെടുത്തു.


◼️ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നേതാക്കളും പ്രവര്‍ത്തകരും ബാരിക്കേഡുകള്‍ മറിച്ചിട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാഹുല്‍ ഗാന്ധിയെ അഞ്ചു ദിവസമായി 50 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഇഡിയുടെ ചോദ്യങ്ങള്‍ അവസാനിക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.


◼️രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന് യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസും സിപിഎമ്മും മുന്നോട്ട് വച്ച നിബന്ധന അദ്ദേഹം അംഗീകരിച്ചു. തത്ക്കാലത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കും.


◼️ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനുഷ്യത്വത്തിനായി യോഗ - എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ. മൈസൂരുവില്‍ യോഗാ ദിനാചരണ പരിപാടിയില്‍ മോദി പറഞ്ഞു.


◼️റൂട്ട് കനാല്‍ ശസ്ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമായി. ഇതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നടി. ഡെന്റല്‍ ക്ലിനിക്കിനെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.


◼️കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. രജിസ്ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ ജൂലൈ അഞ്ച് വരെ. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ. പത്താം ക്ളാസോ പ്ലസ് ടുവോ പാസായവര്‍ക്കാണ് അവസരം. മൂവായിരം പേര്‍ക്കാണ് നിയമനം.


◼️അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഗ്നിപഥ് പദ്ധതിക്കെതിരെ മൂന്നു ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്.


◼️മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന് വന്‍ തുക പിഴ ചുമത്തി സെബി. ഫെയ്സ്ബുക്ക് റിലയന്‍സിന്റെ ജിയോയിലേക്ക് 570 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ലെന്നതാണ് കുറ്റം. റിലയന്‍സിന്റെ ജിയോ പ്ലാറ്റ്ഫോമിലേക്ക് 2020 ഏപ്രിലിലായിരുന്നു മെറ്റ ഗ്രൂപ്പിനു കീഴിലെ ഫെയ്സ്ബുക് നിക്ഷേപം നടത്തിയത്.


◼️ഇന്ത്യയില്‍ നിന്ന് കുവൈറ്റില്‍ എത്തിയ ചില പ്രവാസികള്‍ ഹാജരാക്കിയത് വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം. ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗം മുബാറക് അല്‍ ഹജ്റഫ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‌മദ് നാസര്‍ അല്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടു.


◼️നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണപരമായി പരാജയപ്പെട്ട സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്വി. ഭരണപരമായ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  


◼️കംബോഡിയയില്‍ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യം. കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് 300 കിലോഗ്രാം ഭാരമുള്ള അടവാലന്‍ തിരണ്ടി മത്സ്യത്തെ പിടികൂടിയത്. 


◼️സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില വര്‍ദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ദ്ധിച്ച് ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 15ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. ഏറ്റവും ഉയര്‍ന്ന വിലയാകട്ടെ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ്. ഈമാസം 11 മുതല്‍ 14 വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്.


◼️ഏറ്റവും മികച്ച മൂല്യമുള്ള 10 ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച്ച നഷ്ടപ്പെട്ടത് 3.91 ലക്ഷം കോടി രൂപ. ഓഹരികളിലെ ഉയര്‍ന്ന വില്‍പ്പനയാണ് ഇതിനുകാരണം. ടി.സി.എസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ടി.സി.എസാണ് പ്രധാനമായും നഷ്ടം നേരിട്ട കമ്പനി. ടി.സി.എസിന്റെ മൂല്യം 1,01,026.4 കോടി രൂപയിടിഞ്ഞ് 11,30,372.45 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 84,352.76 കോടി രൂപയിടിഞ്ഞ് 17,51,686.52 കോടി രൂപയിലേക്കുമെത്തി. ഇന്‍ഫോസിസിന്റെ മൂല്യം 37,656.62 കോടി കുറഞ്ഞ് 5,83,846.01 കോടി രൂപയും എല്‍.ഐ.സിയുടേത് 34,787.49 കോടി രൂപ കുറഞ്ഞ് 4,14,097.60 കോടി രൂപയുമായി.


◼️പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവ' ലോകമെമ്പാടുമുള്ള 375 സ്‌ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ജൂണ്‍ മുപ്പതിനാണ് റിലീസ്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'അടിത്തട്ട്', ഷെയ്ന്‍ നിഗം നായകനാകുന്ന 'ഉല്ലാസം' എന്നിവയാണ് ഇതേ ആഴ്ചയില്‍ റിലീസിനെത്തുന്ന മറ്റ് ചിത്രങ്ങള്‍. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. . വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.


◼️ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'സണ്ണി ഡേയ്സ്'. സുനീര്‍ സുലൈമാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂനിര്‍ സുലൈമാന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സണ്ണി ഡേയ്സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മുകേഷ്, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അതുല്‍ ആനന്ദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


◼️ടിവിഎസ് മോട്ടോര്‍ കമ്പനി 2022 ജൂലൈ 6 ന് ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച ടിവിഎസ് സെപ്പലിന്‍ ക്രൂയിസര്‍ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍-റെഡി പതിപ്പായിരിക്കാം. മാര്‍ക്കറ്റ് ലോഞ്ചിന് മുന്നോടിയായി, പുതുതായി ചോര്‍ന്ന ഒരു ചിത്രം അതിന്റെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിന്റെ അവസാന രൂപകല്‍പ്പന കാണിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ പുതിയ 220 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസ് സെപ്പെലിന്‍ കണ്‍സെപ്റ്റിന് കരുത്തേകുന്നത്. മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 20 ബിഎച്ച്പി പവറും 7,000 ആര്‍പിഎമ്മില്‍ 18.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.


◼️കാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവല്‍. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ കഥ. അവരോട് സംവദിച്ചും അവരെ സ്‌നേഹിച്ചും ഓമനിച്ചും കഴിയുന്ന മനുഷ്യര്‍. ഔദ്യോഗികജീവിതത്തിലൂടെ കാടിന്റെ അകമറിയുന്ന എഴുത്തുകാരന്റെ ആദ്യരചന. 'കാടിറക്കം'. ജോഷില്‍. ഗ്രീന്‍ ബുക്സ്. വില 465 രൂപ.


◼️ഇന്ന് അന്താരാഷ്ട്ര യോഗാദിനം. വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്. യോഗ ചെയ്യാന്‍ തുടങ്ങതിനു മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം. കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം. പ്രഭാതകര്‍മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം യോഗ ആരംഭിക്കുവാന്‍. പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം. രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. ഇതു പറ്റാത്തവര്‍ക്കു വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം. സ്ത്രീകള്‍ ആര്‍ത്തവ കാലഘട്ടങ്ങളില്‍ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കില്‍ ചെയ്യാം. യോഗ ചെയ്യുന്ന അവസരത്തില്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നതു ശരിയല്ല. കഠിനമായ മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളപ്പോഴും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലും യോഗ ചെയ്യരുത്. യോഗ ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യരുത്. സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ യോഗ ഒരിക്കലും ചെയ്യരുത്. വയറു നിറഞ്ഞിരിക്കുമ്പോഴും യോഗ ചെയ്യാന്‍ പാടില്ല. ഭക്ഷണം കഴിച്ചതിനുശേഷം നാലുമണിക്കൂര്‍ കഴിഞ്ഞേ യോഗ ചെയ്യാവൂ. അതേ പോലെ യോഗ കഴിഞ്ഞ് അരമണിക്കൂറിനുശേഷമേ ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുമ്പോള്‍ കിതപ്പു തോന്നിയാല്‍ വിശ്രമത്തിനു ശേഷമേ അടുത്ത യോഗയിലേക്കു കടക്കാവൂ.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 78.07, പൗണ്ട് - 96.04, യൂറോ - 82.51, സ്വിസ് ഫ്രാങ്ക് - 80.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.46, ബഹറിന്‍ ദിനാര്‍ - 207.06, കുവൈത്ത് ദിനാര്‍ -254.33, ഒമാനി റിയാല്‍ - 203.01, സൗദി റിയാല്‍ - 20.80, യു.എ.ഇ ദിര്‍ഹം - 21.25, ഖത്തര്‍ റിയാല്‍ - 21.44, കനേഡിയന്‍ ഡോളര്‍ - 60.46.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad