Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏതാനും സംഘടനകള്‍ നാളെ പ്രഖ്യാപിച്ച ഭാരത് ബന്ത് നേരിടാന്‍ കേരളത്തില്‍ പോലീസ് സന്നാഹം. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവരെയും അറസ്റ്റു ചെയ്യും. മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


◼️അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ജന്ദര്‍മന്തറില്‍ നടത്തിയ സത്യഗ്രസഹ സമരത്തിനിടെ പോലീസ് അതിക്രമം. ടി.എന്‍. പ്രതാപന്‍ എംപിയുടെ സ്റ്റാഫംഗം അബ്ദുള്‍ ഹമീദിനെ പോലീസ് കൈയേറ്റം ചെയ്തു, കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എംപിമാരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും പോഷകസംഘടന ഭാരവാഹികളും സമരത്തില്‍ പങ്കെടുത്തു.


◼️അഗ്‌നിപഥ് പദ്ധതിക്കെതിരേ ഡിവൈഎഫ്ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസിന്റെ ആക്രമണമുണ്ടായി.


◼️പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പാക്കും. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 33,000 സീറ്റും ഐടിഐക്ക് 64,000 സീറ്റും പോളിടെക്‌നികിന് 9,000 സീറ്റുമുണ്ട്. ആകെ 4,67,000 സീറ്റുകളുണ്ട്. ഇത്തവണ എസ്എസ്എല്‍സി പാസായത് 4,23,303 പേരാണ്. ഇതില്‍ 44,363 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.


◼️റോഡരികിലെ ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞുകയറി കണ്ണൂര്‍ കണ്ണപുരത്ത് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.


◼️രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിനു തുല്യമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചയാളെ ബലിയാടാക്കി. നിയമപരമായ അന്വേഷണം വേണം. പയ്യന്നൂരില്‍ സിപിഎം ഫണ്ട് തട്ടിപ്പില്‍ ആരോപണം നേരിട്ടവര്‍ക്കെതിരെയും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും നടപടിയെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


◼️തന്റെ ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ ഷാജ് കിരണ്‍ ഉള്‍പ്പെടെ ദശാവതാരമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇനിയും പല അവതാരങ്ങള്‍ പുറത്തുവരാനുണ്ട്. പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്ന് ഭരണകക്ഷി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഭയന്ന് സമരം അവസാനിപ്പിക്കില്ലെന്നും സതീശന്‍ പറഞ്ഞു.


◼️കോഴിക്കോട് കോര്‍പ്പറേഷനില്‍ ആറു മാസത്തിനിടെ മുന്നൂറോാളം കെട്ടിടങ്ങള്‍ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തി. നിര്‍മാണാനുമതി നല്‍കുന്ന സോഫ്റ്റ് വെയര്‍ പാസ് വേഡ് ചോര്‍ത്തിയാണ് ഇത്രയും കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയത്. മൂന്നു ഘട്ടങ്ങളില്‍ പരിശോധന നടത്തി മാത്രമേ കെട്ടിട നമ്പര്‍ നല്‍കാവൂവെന്നിരിക്കെയാണു ക്രമക്കേട്. നഗരസഭ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കെട്ടിടത്തിനു നമ്പരിട്ട് നികുതി സ്വീകരിച്ച സംഭവത്തിനു തൊട്ടുപുറകേയാണ് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുന്നത്.


◼️കോഴിക്കോട് കൂളിമാട് പാലത്തിന്റെ തകര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ യഥാസമയം പരിശോധനകള്‍ നടത്തിയില്ലെന്നു പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജാക്കിയ്ക്കു പ്രശ്നം ഉണ്ടായിരുന്നു. ബീമുകള്‍ ചരിഞ്ഞപ്പോള്‍ മുന്‍കരുതലെടുത്തില്ല. എന്‍ ഐ ടിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


◼️കോഴിക്കോട്ടെ കൂളിമാട് പാലം തകര്‍ന്നതിന് ഉത്തരവാദികളായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സര്‍ക്കാര്‍ എല്ലാ കരാറുകളും ഊരാളുങ്കലിനാണ് നല്‍കുന്നത്. അതുകൊണ്ട് മറ്റു കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷന്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതായും സുധാകരന്‍ ആരോപിച്ചു.


◼️രാഹുല്‍ ഗാന്ധി എംപി തന്റെ മണ്ഡലത്തിലെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ച 40 ലക്ഷം രൂപ വേണ്ടെന്ന് എല്‍ഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭ. എംപി ഫണ്ട് ഈ വര്‍ഷം ചെലവാക്കാന്‍ പ്രയാസമാണെന്നു കാണിച്ചാണ് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കളക്റ്റര്‍ക്കു കത്തു നല്‍കിയത്. എന്നാല്‍ ഇതു രാഷ്ട്രീയക്കളിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.


◼️എഴുത്തുകാര്‍ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ലെന്ന് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍. എഴുത്തുകാര്‍ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിനാണ് സച്ചിദാനന്ദന്റെ മറുപടി. എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കള്‍ ഉണ്ട്. എന്നാല്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.


◼️ബലാത്സംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മോന്‍സന് എതിരായ ബലാത്സംഗ കേസിലെ ഇരയുടെ പേരാണ് വെളിപ്പെടുത്തിയത്. ഇരയാണെന്നു അറിയില്ലായിരുന്നെന്നാണ് അനിതയുടെ മൊഴി. അനിതയുടെ മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.


◼️ലോക കേരള സഭയുടെ ഓപ്പണ്‍ ഫോറത്തിലാണു താന്‍ പങ്കെടുത്തതെന്നും തന്നെ ആരും പിടിച്ചു പൂറത്താക്കിയിട്ടില്ലെന്നും അനിത പുല്ലയില്‍. ആര്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളതെന്നും അനിത പറഞ്ഞു.


◼️വിരമിക്കുന്നതിനു തൊട്ടുമുന്‍പ് പോക്സോ കേസുകളില്‍ അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ രണ്ടു പോക്സോ കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു.


◼️കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂര്‍ സിആര്‍പി സെക്ഷന്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. ബിനു ഉള്‍പ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ആണ് പിന്‍വലിച്ചത്. ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.


◼️കുന്നംകുളത്തെ വ്യാപാര സ്ഥാപനത്തില്‍ മോഷ്ടിക്കാന്‍ കയറി 'പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ.. ഡോര്‍ പൂട്ടിയത് എന്ന് എഴുതിവച്ച കള്ളനെ മാനന്തവാടി പോലീസ് പിടികൂടി. പുല്‍പ്പള്ളി സ്വദേശി വിശ്വരാജനാണ് അറസ്റ്റിലായത്. മോഷ്ടിക്കാന്‍ കയറിയ കടയില്‍നിന്ന് ഒന്നും കിട്ടാതായപ്പോള്‍ കടയുടെ ഗ്ലാസില്‍ മോഷ്ടാവു കുറിച്ച വരികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.


◼️തെരുവുനായ്ക്കളെ കൊല്ലാന്‍ വീട്ടുവളപ്പില്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണു മരിച്ചത്. വൈദ്യുതി കെണിയൊരുക്കിയ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രമോദ് (19), പ്രവീണ്‍ (25) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.


◼️ആലപ്പുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടിയെത്തി വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച പ്രതി പിടിയില്‍. ആലപ്പുഴ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.


◼️നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വര്‍ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണം മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


◼️ആലപ്പുഴ പുന്നമടയില്‍ സ്റ്റേഷനറി കടയില്‍ വന്‍ തീപിടുത്തം. ജോസഫ് വര്‍ഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിയോണ്‍ സ്റ്റേഷനറി കടയിലാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്. കടക്കുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചിതറിയ നിലയില്‍ കണ്ടെത്തി.


◼️അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനില്‍ക്കേ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സൈനിക മേധാവിമാരുടെ യോഗം വിളിച്ചു. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്‍.ചൗധരി എന്നിവരുടെ യോഗമാണ് രാജ്നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്നാഥ് സിംഗിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുത്തു. പ്രതിഷേധം ശക്തമായിരിക്കേയാണ് രാജ്നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും യോഗം വിളിച്ചത്.


◼️അഗ്നിപഥ് പദ്ധതി വഴി സായുധ സേനയില്‍ ചേരുന്നവര്‍ക്കായി ആയുധ ഫാക്ടറികളിലും 10 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 41 ആയുധ ഫാക്ടറികളിലെ 10 ശതമാനം ഒഴിവുകള്‍ നീക്കിവയ്ക്കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്നിപഥ് പദ്ധതി വഴി വരുന്നവര്‍ക്ക് ലഭിക്കും.


◼️അഗ്നിപഥ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രണ്ട് സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ബീഹാറില്‍ 718 പേരാണ് അറസ്റ്റിലായത്.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്യും. പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരോടും എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


◼️ബിജെപി മുന്‍വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ വിവിധ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചെങ്കിലും ഇന്ത്യയുടെ നിലപാടല്ലെന്ന് എല്ലാ രാജ്യങ്ങളേയും ബോധ്യപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അഭിപ്രായമല്ലെന്ന വിശദീകരണം എല്ലാ രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.


◼️പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഭാവിയില്‍ നൂപുര്‍ ശര്‍മ്മയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ പരിപാടിയെന്നും ഒവൈസി പരിഹസിച്ചു.


◼️ഡല്‍ഹി -ഔറംഗബാദ് വിമാനത്തില്‍ അസുഖബാധിതനായി കുഴഞ്ഞുവീണ യാത്രക്കാരനെ പരിചരിച്ചത് കേന്ദ്രമന്ത്രി. വിമാനത്തിലുണ്ടായിരുന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ബി കെ കരാഡും മുന്‍ കേന്ദ്രമന്ത്രി ഡോ. സുഭാഷ് ഭാംരെയുമാണ് യാത്രക്കാരനെ പരിശോധിച്ചത്. യാത്രക്കാരന്‍ കുഴഞ്ഞുവീണപ്പോള്‍ വിമാന യാത്രക്കാരില്‍ ഡോക്ടര്‍മാരുണ്ടോ എന്ന് ക്രൂ അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍മാരായ ഇരുവരും പരിചരിക്കാന്‍ എത്തിയത്.


◼️ബിഹാറിലെ പാറ്റ്നയില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിനു തീ പിടിച്ചു. സ്പൈസ് ജെറ്റിന്റെ പാറ്റ്ന- ഡല്‍ഹി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണ്.


◼️അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ഗുരുദ്വാരക്കു നേരെയുണ്ടായ ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കി. ബിജെപി നേതാവായിരുന്ന നൂപുര്‍ ശര്‍മ പ്രവാചകനെക്കുുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ പല രാജ്യങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


◼️സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും രാജ്യത്തുനിന്ന് പുറത്തുപോകാനും പ്രവാസികള്‍ക്കു കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് അധികൃതര്‍. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം സൗദി ഈയിടെ നീക്കിയിരുന്നു.


◼️ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടിലെ ഒരു ടെര്‍മിനലിനു പുറത്ത് സ്യൂട്ട്കേസുകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. യാത്രക്കാരുടെ ബാഗേജുകള്‍ അയക്കുന്ന സംവിധാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണ് ബാഗേജുകള്‍ കുന്നുകൂടാന്‍ കാരണം. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. യാത്രക്കാരും ലഗേജും വര്‍ധിച്ചതിനനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതാണ് ഇവ കുന്നുകൂടാന്‍ കാരണം.


◼️ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക അഞ്ചാം മത്സരത്തിന് മഴ വില്ലനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബെംഗലൂരുവില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യ പിന്നീട് മൂന്നാമത്തേയും നാലാമത്തേയും മത്സരങ്ങള്‍ ജയിച്ച് അതിശക്തമായി തിരിച്ചുവരുകയായിരുന്നു.


◼️ടെലികോം സേവനദാതാക്കള്‍ പാക്കേജ് നിരക്കുകള്‍ കുത്തനെ കൂട്ടിയതോടെ മേയില്‍ സിം ഉപേക്ഷിച്ചത് 75 ലക്ഷം പേര്‍. കഴിഞ്ഞ 10 മാസത്തിനിടെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടായതും ആദ്യമാണ്. പുതുതായി സിം എടുക്കുന്നവരുടെ എണ്ണവും ഏതാനും മാസങ്ങളായി ഇടിയുകയാണ്. ഒന്നിലധികം സിം ഉള്ളവര്‍ പ്രധാനമായും ഉപയോഗിക്കുന്നത് മാത്രം നിലനിറുത്തി ബാക്കിയുള്ളത് ഉപേക്ഷിക്കുന്ന ട്രെന്‍ഡാണ് ദൃശ്യമാവുന്നത്. കഴിഞ്ഞ നവംബറില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍-ഐഡിയ (വീ) എന്നിവ പാക്കേജ് നിരക്ക് 20-25 ശതമാനം ഉയര്‍ത്തിയിരുന്നു.


◼️കേന്ദ്രസര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തെ ഗോള്‍ഡ് ബോണ്ട് സ്‌കീം സീരീസ് -ഒന്നിന്റെ വില്പനയ്ക്ക് നാളെ തുടക്കമാകും. 24 വരെ നീളുന്ന വില്പനയിലൂടെ ഗ്രാമിന് 5,091 രൂപ നിരക്കില്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം. ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്ക് ഒരു സാമ്പത്തികര്‍ഷം നാലുകിലോയും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും 20 കിലോയും വരെ വാങ്ങാം. 2.5 ശതമാനം വാര്‍ഷിക പലിശനിരക്കാണ് ഗോള്‍ഡ് ബോണ്ട് വാഗ്ദാനം ചെയ്യുന്നത്. ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്‍ഡും ഇറക്കുമതിയും കുറയ്ക്കാനായി 2015ല്‍ കേന്ദ്രം ആവിഷ്‌കരിച്ചതാണ് ഗോള്‍ഡ് ബോണ്ട് പദ്ധതി.


◼️നവാഗതരായ ബിബിത- റിന്‍ ദമ്പതികള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പ്യാലി'. അഞ്ചു വയസുകാരി ബാര്‍ബി ശര്‍മയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ജൂലൈ എട്ടിന് ആണ് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിന് എത്തിക്കുക. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുക. ഊഷ്മളായ ഒരു കഥയാണ് ചിത്രം പറയുന്നത്. അനശ്വര നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാണം. സാഹോദര്യ സ്നേഹമാണ് പ്യാലിയെന്ന ചിത്രത്തിന്റെ ഇതിവൃത്തം. കേന്ദ്രകഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബ് അഭിനയിക്കുന്നു. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് എന്നിവരും കഥാപാത്രമായുണ്ട്.


◼️353-ാം ചിത്രവുമായി മോഹന്‍ലാല്‍. എല്‍ 353 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും.


◼️ഫ്രഞ്ച് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ പ്യൂഷോ മോട്ടോര്‍സൈക്കിള്‍സ് അതിന്റെ 125 സിസി റെട്രോ-സ്‌കൂട്ടര്‍ ഓഫറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ജാംഗോ 125 എവര്‍ഷന്‍ എബിഎസ് പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന് സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ ലഭിക്കുന്നു. ഇത് 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഡ്രാഗണ്‍ റെഡ്, ഡീപ് ഓഷ്യന്‍ ബ്ലൂ എന്നീ രണ്ട് പുതിയ പെയിന്റ് സ്‌കീമുകളില്‍ ജാങ്കോ പ്രത്യേക പതിപ്പ് മോഡലും വാഗ്ദാനം ചെയ്യും.


◼️ഭഗവാന്‍ രമണമഹര്‍ഷിയുടെ ജീവിതം എങ്ങും നിറഞ്ഞുപരക്കുന്ന പരമാത്മാവിന്റെ പ്രകാശമാണ്. ജീവിതക്ലേശങ്ങളില്‍ വലയുന്ന ജനതയെ ഉദാത്തമായ തലത്തിലേക്ക് ഉയര്‍ത്തുവാനും ചിന്തകളിലൂടെ വളര്‍ത്തുവാനും കഴിയുമെന്നു കാണിച്ചുതന്ന പരമജ്യോതിസ്സാണ് ശ്രീരമണമഹര്‍ഷി. ശ്രീരമണന്റെ സന്നിധിമഹിമയെക്കുറിച്ചുള്ള അനുഭവങ്ങളാണ് ഈ സമാഹാരം. രണ്ടാം ഭാഗമായ ശ്രീരമണജ്യോതിയില്‍ അരുണാചലത്തിലെ അചഞ്ചലമായ ജ്ഞാനവൃക്ഷത്തിന്റെ തണലിന്റെ ആനന്ദം സിദ്ധിച്ചവരുടെ അനുഭവജ്ഞാനമാണ്. 'രമണസന്നിധിയില്‍'. സരസ്വതി എസ്. വാര്യര്‍. മാതൃഭൂമി. വില 142 രൂപ.


◼️മഴക്കാലത്തെ ജലദോഷം, ചുമ എന്നിവയെ തടയുന്നതില്‍ നല്ല ഉറക്കത്തിനും പങ്കുണ്ട്. ഉറക്കം നഷ്ടപ്പെടുകയോ ദിവസത്തില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുകയോ ചെയ്യുന്നവരില്‍ ശരീരം ദുര്‍ബലമാവാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരെയാണ് അണുബാധകള്‍ വേഗത്തില്‍ പിടിപെടുന്നത്. ഉറക്കത്തില്‍ നമ്മുടെ ശരീരം സൈറ്റോകൈനുകള്‍ പുറത്തുവിടുന്നുണ്ട്. അണുബാധയ്‌ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്ന രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന പ്രോട്ടീനാണിത് . രാത്രി ഉറങ്ങാതെ പകല്‍ കിടന്നുറങ്ങി നേടാവുന്നതല്ല രോഗപ്രതിരോധശേഷി. അതിന് രാത്രി ഉറക്കം നിര്‍ബന്ധമാണ്. രാത്രി പത്ത് മണിക്കെങ്കിലും ഉറങ്ങി പുലര്‍ച്ചെ അഞ്ചര - ആറ് മണിക്ക് ഉണര്‍ന്നു നോക്കൂ. ശരീരം ഉന്മേഷം കൈവരിക്കും. രാത്രി ഇളംചൂടുപാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad