Type Here to Get Search Results !

അറിയാം ഹയർ സെക്കൻഡറി വിഷയ കോമ്പിനേഷനുകൾ



എസ്‌എസ്‌എൽസിക്ക് ശേഷം ഹയർ സെക്കൻഡറി പഠനത്തിന് ചേരുന്നവർ അഭിരുചിക്ക്‌ അനുസരിച്ചാകണം ഗ്രൂപ്പുകളും വിഷയ കോമ്പിനേഷനും തെരഞ്ഞെടുക്കേണ്ടത്. കേരള സിലബസിൽ പ്ലസ്‌ വണിന്‌ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷനുണ്ട്‌.


53 വിഷയത്തിൽ നാല്‌ പ്രധാന വിഷയമടങ്ങിയ 46 വിഷയ കോമ്പിനേഷനുകളിൽ ഏത്‌ പഠിക്കണമെന്ന്‌ അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. അഭിരുചിയും സാധ്യതയും പരിഗണിക്കണം. എസ്‌എസ്‌എൽസിക്ക്‌ ഓരോ വിഷയത്തിനും ലഭിച്ച മാർക്കും തുടർ പഠന വിഷയത്തിൽ കുട്ടിക്കുള്ള താൽപ്പര്യവും പ്രധാനം‌.


സയൻസ് ഗ്രൂപ്പിൽ 10 വിഷയ കോമ്പിനേഷനാണുള്ളത്. മാനവിക വിഷയങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും കൊമേഴ്സ് താൽപ്പര്യമുള്ളവർക്ക് നാല് കോമ്പിനേഷനും ആണുള്ളത്.


ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെ ഉള്ള അപേക്ഷാ സമർപ്പണ ഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്ര പഠന മേഖലകളിൽ ഉപരിപഠന അവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്.


മെഡിക്കൽ, എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ ചേർന്ന് പഠിക്കണം. സയൻസ് ഗ്രൂപ്പിൽ കൂടുതൽ സ്കൂളുകളിൽ ലഭ്യമാകുന്ന കോമ്പിനേഷനും ഇത് തന്നെയാണ്. മെഡിക്കൽ പ്രവേശനം മാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാത്‌സ്‌ ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്‌.


ഏത് കോമ്പിനേഷനിൽ പഠനം നടത്തി തുടർന്ന്‌ ബിരുദമെടുത്താലും സിവിൽ സർവീസ് പരീക്ഷ എഴുതാൻ തടസ്സമില്ല. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപ്പര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ്‌ പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം.


വിഷയ കോമ്പിനേഷനുകൾ ലഭ്യമായ സ്കൂളുകളുടെ വിശദാംശം www.hscap.kerala.gov.in ൽ ലഭ്യമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad