Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️മുഖ്യമന്ത്രിക്കായുള്ള അസാധാരണ സുരക്ഷാ വലയം പൊതുജനങ്ങളെ വലച്ചു. കേട്ടുകേള്‍വിയില്ലാത്ത സുരക്ഷയൊരുക്കി മുഖ്യമന്ത്രിക്ക് പൊലീസ് കാവല്‍ നിന്നിട്ടും നാടെങ്ങും പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്തിനു പിന്നാലെ കൊച്ചിയിലും തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തില്‍ കനത്ത പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളും സുരക്ഷയ്ക്കായി രാമനിലയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി നടക്കുന്ന വേദിയില്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെട്രോയില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പൊലീസ് നടപടിയെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധ സാധ്യതയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയ്ക്ക് അസാധാരണ സുരക്ഷാ വിന്യാസം പൊലീസ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് മാസ്‌ക് മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു . പകരം പൊതുവായ സര്‍ജിക്കല്‍ മാസ്‌ക് സംഘാടകര്‍ തന്നെ വിതരണം ചെയ്തു. എന്നാല്‍, സംഭവം വാര്‍ത്തയായതോടെ ഈ നിര്‍ദ്ദേശം പിന്‍വലിച്ചു.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ സുരക്ഷയുടെ പേര് പറഞ്ഞ് തടയാമെന്ന് വിചാരിക്കരുതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയന്‍ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകള്‍ അതുപോലെ നടപ്പാക്കാനിറങ്ങിയാല്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരായിപോകുമെന്ന് സുധാകരന്‍ പറഞ്ഞു. കറുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിച്ചവരെയും അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്റെ ഭാഗമായാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകള്‍ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആര്‍ക്ക് വേണ്ടിയാണെന്നും എന്ത് നീതിയാണ് നിങ്ങള്‍ നടപ്പിലാക്കുന്നതെന്നും സുധാകരന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.


◼️സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എം.- ബി.ജെ.പി. ധാരണയെന്ന പ്രതിപക്ഷ ആരോപണം ശക്തമായി നിഷേധിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ക്ക് എന്തിനാണ് ഇത്ര ഭയമെന്നും അദ്ദേഹം ചോദിച്ചു.



◼️സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയില്‍ തുടര്‍ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന നല്‍കിയ മൊഴി പകര്‍പ്പ് തിങ്കളാഴ്ച ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രഹസ്യമൊഴിയില്‍ സ്വപ്ന സുരേഷിന്റെ മൊഴി എടുക്കാനും എന്‍ഫോഴ്‌സ്‌മെന്റ് നീക്കം തുടങ്ങി. അതേസമയം, രഹസ്യമൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സ്വപ്ന സുരേഷിന്റെ നീക്കം.


◼️വിജിലന്‍സ് മേധാവിയെ മാറ്റി മുഖം രക്ഷിക്കാനുള്ള സര്‍ക്കാറിന്റെ നടപടിയും സ്വര്‍ണ്ണക്കടത്ത് കേസിലെ ദുരൂഹത കൂട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന സുരേഷിനെ ഷാജ് കിരണ്‍ വഴി അനുനയിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സ്ഥലം മാറ്റമെങ്കിലും ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ ഇന്നലെ രാത്രി ഇടപെട്ടാണ് പുതിയ തസ്തിക പോലും നല്‍കാതെ എം ആര്‍ അജിത് കുമാറിനെ മാറ്റുന്നത്. സ്ഥലംമാറ്റ ഉത്തരവില്‍ കാരണം പറയുന്നുമില്ല.


◼️സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏതോ പൊലീസുകാരന്റെ പൊട്ടബുദ്ധിയില്‍ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടല്‍ ഉണ്ടായതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.



◼️സ്വര്‍ണ്ണ കടത്ത് കേസിലെ പുതിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ വിജിലന്‍സ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലന്‍സ് മേധാവി പല ചര്‍ച്ചകളും നടത്തിയതെന്നും ഒടുവില്‍ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. അതേസമയം ആരോപണ വിധേയനായ ഒരാള്‍ക്കെതിരെ നടപടിയെടുക്കുകയും മറ്റേയാളെ തൊടാതിരിക്കുകയും ചെയ്യുന്നതെന്ത് രീതിയെന്നാണ് എന്നും ആരോപണ വിധേയനായ വിജയ് സാഖറെക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചോദിച്ചു.


◼️സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റിയ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമെന്നും അതുമായി വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് എംആര്‍ അജിത് കുമാറിനെ മാറ്റിയതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി തകരാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതമൂലമെന്നും മന്ത്രി കുറ്റപ്പെടുത്തി.മദ്യത്തിന്റെ വില വര്‍ധന സംബന്ധിച്ച വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◼️സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. . മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തിയും , സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ്.വി.ആര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇ മെയില്‍ വഴി അയച്ച പരാതിയിന്മേലാണ് കേസ്.


◼️മുഖ്യമന്ത്രിക്കെതിരെ താന്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല. തന്റെ അഭിഭാഷകനെതിരെ കേസെടുത്തു. തനിക്ക് അഭിഭാഷകനില്ലാത്ത അവസ്ഥയായി. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്വപ്നചോദിച്ചു. പിന്നാലെ സ്വപ്ന കുഴഞ്ഞുവീഴുകയും ചെയ്തു.

 

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്‌ലീഗിന്റെ ലുക്ക് ഔട്ട് നോട്ടീസ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പരിഹാസ രൂപേണ പിണറായി വിജയന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ലുക്ക് ഔട്ട് നോട്ടീസുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനമൊട്ടുക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. 


◼️പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫര്‍ സോണ്‍ വിവാദത്തില്‍ ജൂണ്‍ 14 ന് കണ്ണൂരിലെ മലയോരത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് പ്രതിഷേധമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


◼️പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബര്‍ ഇരുപത്തിമൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.


◼️ഇന്ത്യയിലെ അതിസമ്പന്നരിലെ മുന്‍നിരക്കാരനും വ്യവസായിയുമായ ഗൗതം അദാനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയുമായ എംവി ഗോവിന്ദന്‍. ക്രോണി കാപിറ്റലിസത്തിലൂടെയാണ് അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായതെന്നും ഇത് തനി കൊള്ളയാണെന്നും എല്ലാം നമ്മുടെ ചിലവിലാണെന്നും മന്ത്രി വിമര്‍ശിച്ചു.


◼️കുട്ടനാട്ട് ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കിട്ടി. പള്ളാതുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് മണിക്കൂറോളം പ്രസന്നനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാവിലെയാണ് കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങിയത്.


◼️കഴിഞ്ഞ മെയ് മൂന്നാം തിയതി കാണാതായ സൈരന്ധ്രിയിലെ വാച്ചര്‍ പുളിക്കഞ്ചേരി രാജനെ ഇതുവരെ കണ്ടെത്താനായില്ല. വനംവകുപ്പ് , തണ്ടര്‍ബോള്‍ട്ട് , പൊലീസ്, സ്‌നിഫര്‍ ഡോഗ്, ഡ്രോണ്‍ അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് ദിവസങ്ങളോളം തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. കാണാതായ അന്ന് രാത്രി ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പ് റൂമിലേക്ക് പോയതാണ്. 


◼️ബാലസാഹിത്യകാരി വിമല മേനോന്‍ (76) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കും. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.


◼️രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയെ പാര്‍ട്ടി പുറത്താക്കി. കുല്‍ദീപ് ബിഷ്‌ണോയിയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്യാന്‍ ഉടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും. അതേസമയം മഹാരാഷ്ട്രയില്‍ ഒരു വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും.


◼️രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. എന്‍ഡിഎ ഇതര മുഖ്യമന്ത്രിമാര്‍ക്കും മമത കത്തയച്ചിച്ചുണ്ട്. ഈ മാസം 15 ന് ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് യോഗം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18നാണ് നടക്കുക


◼️പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍, അവയെ തകര്‍ക്കാന്‍ അല്ലെന്നും മറിച്ച് ശക്തിപ്പെടുത്താന്‍ ആണെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രൊഫഷണല്‍ മാനേജ്‌മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് . 1994 നും 2004 നും ഇടയില്‍ ഇത്തരത്തില്‍ ഓഹരി വിറ്റഴിച്ച പൊതുമേഖലാസ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി.


◼️ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ രാജ്യത്ത് ഇന്നലേയും സംഘര്‍ഷം. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായി. ഹൗറയില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയില്‍ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തി വീശി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നബിവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീന്‍ ഒവൈസി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണ്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.


◼️നബി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയുടെ തല വെട്ടുന്നതായി കാട്ടിയുള്ള വീഡിയോ ഇറക്കിയ ഫൈസല്‍ വാണി എന്ന യൂട്യൂബറെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് എടുത്തതിന് പിന്നാലെ ഫൈസല്‍ വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.


◼️ഉത്തര്‍ പ്രദേശില്‍ വീണ്ടും പൊളിക്കല്‍ നടപടി. പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിന്റെ പേരില്‍ യുപിയിലെ കാണ്‍പൂരില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ പേരിലുള്ള കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. അനധികൃത നിര്‍മ്മാണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ഇന്നും പൊളിക്കല്‍ നടപടികള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


◼️ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ പ്രതികരണവുമായി സിപിഎം നേതാവ് എംഎ ബേബി. യുപിയില്‍ പ്രവാചക നിന്ദയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് എംഎ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. കേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു എന്നതാണ് അവസ്ഥയെന്നും അദ്ദേഹം കുറിപ്പില്‍ ആരോപിച്ചു.


◼️നാഗാലാന്‍ഡ് വെടിവയ്പ്പില്‍ 30 സൈനികര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ വിഘടനവാദികള്‍ എന്ന് തെറ്റിദ്ധരിച്ച് പ്രത്യേക സൈനിക സംഘം നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതാണ് സംഭവം. തൊഴിലാളികളോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ നടത്തിയ വിശദീകരണം. എന്നാല്‍ വാഹനം നിര്‍ത്താന്‍ സുരക്ഷാസേന ആവശ്യപ്പെട്ടിട്ടില്ലെന്ന് വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു തൊഴിലാളി വെളിപ്പെടുത്തി.


◼️സൗദി അറേബ്യയില്‍ സ്ത്രീകള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകളില്‍ മുടിയും കഴുത്തും മറയ്ക്കണമെന്ന് ആവര്‍ത്തിച്ച് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ മുടിയോ കഴുത്തോ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് മുഹമ്മദ് അല്‍ ജാസിര്‍ അറിയിച്ചു.


◼️എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ആവേശം അവസാന മിനിറ്റുകളിലേക്ക് നീണ്ട മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത് ഇന്ത്യ. മത്സരം അവസാനത്തോടടുക്കവെ ഏഴു മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ സുബൈര്‍ അമിരിയാണ് അഫ്ഗാന്റെ ഏക ഗോള്‍ നേടിയത്.


◼️നോര്‍വേ ചെസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ. ഗ്രൂപ്പ് എ വിഭാഗത്തില്‍ ഒന്‍പത് റൗണ്ടുകളില്‍ നിന്നായി 7.5 പോയന്റ് നേടിക്കൊണ്ടാണ് പ്രജ്ഞാനന്ദ കിരീടം നേടിയത്.


◼️ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്. കട്ടക്കില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കട്ടക്കില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.


◼️ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുവാദം നല്‍കി. ഹെല്‍ത്ത്, ജനറല്‍ ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ അനുമതി തേടാതെ തന്നെ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കി ഏതാനും ദിവസങ്ങള്‍ക്കകമാണ് ഐആര്‍ഡിഎഐയുടെ നിര്‍ണായക തീരുമാനം. വ്യക്തിപരമായ സമ്പാദ്യം, പെന്‍ഷന്‍, ആന്വിറ്റി എന്നീ വിഭാഗങ്ങളിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഈ ഇളവ് ബാധകമല്ല. നേരത്തെ ഏതുതരം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളും പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഐആര്‍ഡിഎഐയുടെ അനുമതി തേടണമെന്ന് നിര്‍ബന്ധമായിരുന്നു.


◼️ലോകം കോവിഡിന്റെ പിടിയില്‍ അമര്‍ന്ന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത് 2,500 കോടി രൂപയുടെ ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍. 32.22 കോടി ഡോളര്‍ മൂല്യമുള്ള 2.47 ലക്ഷം മെട്രിക് ടണ്‍ ഉല്‍പന്നങ്ങളാണ് കടല്‍ കടന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎഇ, ഘാന, സിംഗപ്പൂര്‍, കോംഗോ, കാമറൂണ്‍ എന്നീ രാജ്യങ്ങളിലേക്ക് ആയിരുന്നു കയറ്റുമതി ഏറെയും.


◼️ഒരിടവേളയ്ക്കു ശേഷം ശങ്കര്‍ നായകനായി എത്തുന്ന ചിത്രം ''ഓര്‍മ്മകളില്‍ ''ചിത്രീകരണം പൂര്‍ത്തിയായി. പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപാണ് ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ഒരു ഡിഐജി കഥാപാത്രമായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓര്‍മ്മകളില്‍. ശങ്കര്‍പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍, ഷാജു ശ്രീധര്‍ , നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ , പൂജിത മേനോന്‍ , വിജയകുമാരി , അജയ്, ആര്യന്‍ കതൂരിയ , റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്‌കുമാര്‍. പി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാ പാത്രത്തിലെത്തുന്നു.


◼️രാജ്കുമാര്‍ റാവു ചിത്രം 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' ജൂണ്‍ 15ന് തിയറ്ററുകളില്‍ എത്തും. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക ജോഷി, ഭൂഷന്‍ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്കുമാര്‍ റാവു അഭിനയിക്കുന്നത്. ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്കുമാര്‍ റാവുവിന്റെ നായികയായി എത്തുന്നത്.


◼️എക്സ് പള്‍സ് ഉടമകള്‍ക്കായി 'എക്സ് ക്ലാന്‍' റൈഡിംഗ് ക്ലബ്ബ് അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഹീറോ എക്സ് പള്‍സ് മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് പരസ്പരം ഇടപഴകുന്നതിനും സൗഹൃദം പങ്കിടുന്നതിനും വളര്‍ന്നുവരുന്നവരും പരിചയസമ്പന്നരുമായ റൈഡര്‍മാരുമായി സൗഹൃദം വളര്‍ത്തുന്നതിനും വേദിയൊരുക്കുന്ന ആദ്യത്തെ ഔദ്യോഗിക ഹീറോ എക്സ് പള്‍സ് ക്ലബ്ബായിരിക്കും എക്സ് ക്ലാന്‍ എന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍ 4,86,704 ഇരുചക്രവാഹനങ്ങള്‍ വിറ്റ് 165 ശതമാനവുമായി വന്‍ വളര്‍ച്ച രേഖപ്പെടുത്തി.


◼️പരുഷമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയില്‍ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ് ഇക്കഥകളിലൂടെ. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങള്‍ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകള്‍. 'അപ്പൂപ്പന്‍ കൊന്ന മരം'. സോക്രട്ടീസ് കെ വാലത്ത്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.


◼️കഴിഞ്ഞ ദിവസം പുറത്തുവന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം കൊവിഡിന് ശേഷം ഇന്ത്യയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ ചെലവിടുന്ന സമയം 75 ശതമാനത്തോളം വര്‍ധിച്ചതായി കണ്ടെത്തപ്പെട്ടിരുന്നു. 'ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജി'യിലാണ് ഈ പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. പൊതുവേ കൊവിഡിന് ശേഷം ആളുകളുടെ മൊബൈല്‍ ഫോണ്‍/ലാപ്ടോപ്/ഡെസ്‌ക്ടോപ്പ് സ്‌ക്രീന്‍ ടൈം കൂടിയെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമല്ല, ആകെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ക്രമേണ പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും രൂപത്തില്‍ അവതരിച്ച് ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്ക്കുമെന്നുമാണ് മറ്റൊരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലുള്ള 'ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ട്ട് ഓണ്‍ ഏജിംഗ്' ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. സ്‌ക്രീന്‍ ടൈം കൂടുന്നത് തീര്‍ച്ചയായും കണ്ണുകളെ മോശമായി ബാധിക്കും. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ജൈവഘടികാരത്തെ ( ഉറക്കവും ഉണര്‍വും അടക്കം 24 മണിക്കൂര്‍ നേരവും നമ്മുടെ ശരീരവും മനസും പ്രവര്‍ത്തിക്കുന്നതിന് ജൈവികമായി തന്നെ ഒരു സമയക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ സൂചിപ്പിക്കുന്നതാണ് ജൈവഘടികാരം) ബാധിക്കുമെന്നും ഇതുമൂലം പല വിധത്തിലുള്ള അസുഖങ്ങളും ബാധിക്കാമെന്നുമാണ് പഠനം പറയുന്നത്. നേരത്തെ ഉള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും ഇതുവഴി കൂടാനും കാരണമാകുമെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പെട്ടെന്ന് പ്രായമേറിയത് പോലെ തോന്നിക്കുന്ന ചര്‍മ്മപ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, രോഗങ്ങള്‍, മാനസികാവസ്ഥ എല്ലാം വര്‍ധിച്ച സ്‌ക്രീന്‍ ടൈം ഉണ്ടാക്കുന്നു. നമ്മുടെ ശരീരത്തിലെ ഓരോ കോശവും ജൈവഘടികാരത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തകരുമ്പോള്‍ അത് സ്വാഭാവികമായും ശാരീരികമായും മാനസികമായും നമ്മള്‍ ആകെയും ബാധിക്കപ്പെടുകയാണ് ചെയ്യുന്നത്.


*ശുഭദിനം*

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad