Type Here to Get Search Results !

സന്ധ്യ വാർത്തകൾ



◼️മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിയിലേക്ക്. വിമത പക്ഷത്ത് 34 എംഎല്‍എമാരുണ്ട്. ഇവരെ ആസാമിലെ ഗോഹട്ടിയിലുള്ള ഹോട്ടലിലേക്ക് ഇന്നു പുലര്‍ച്ചെ മാറ്റി. ഹോട്ടലിന് ആസാമിലെ ബിജെപി സര്‍ക്കാര്‍ വന്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രം ശിവസേനയുടെ വിമത നേതാവ് ഏക്നാഥ് ഷിന്‍ഡേ പുറത്തുവിട്ടു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്. രാജിയുടെ സൂചന നല്‍കിക്കൊണ്ട് ടൂറിസം മന്ത്രി ആദിത്യ താക്കറെ ട്വിറ്റര്‍ പ്രൊഫൈലില്‍നിന്നു പദവി നീക്കംചെയ്തു. നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ട്വിറ്ററില്‍ കുറിച്ചു.


◼️എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനു സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ദ്രൗപതി മുര്‍മു ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിലെ ശിവക്ഷേത്രത്തില്‍ നിലം തൂത്തുവാരുന്ന വീഡിയോ പുറത്തുവന്നു. ഇന്നു രാവിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ അവര്‍ നിലം തൂത്തുവാരുകയായിരുന്നു.


◼️നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് കെജിഎംഒഎ. മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് നഴ്സിനേയും ഡോക്ടറേയും ആക്രമിച്ചതെന്നാണ് കെജിഎംഒയുടെ അവകാശവാദം. മാസ്‌കില്ലാത്ത ആശുപത്രി ജീവനക്കാരുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പു നല്‍കി. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.


◼️അവയവമാറ്റ ശസ്ത്രക്രിയ നാലു മണിക്കൂര്‍ വൈകുകയും വൃക്ക മാറ്റിവച്ച രോഗി മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാരുടെ സസ്പെന്‍ഷനെതിരേ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎയുടെ പ്രതിഷേധം. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓപിക്ക് മുന്നിലാണു പ്രതിഷേധ സമരം നടത്തിയത്.


◼️ടെക്നോപാര്‍ക്ക് സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിട്ടുനല്‍കിയ മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടി വിവാദത്തില്‍. 18 വനിതാ പൊലീസുകാരെയാണ് ബെഹ്റ അധികമായി വിട്ടു നല്‍കിയത്. ബെഹ്റയുടെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നപ്പോഴാണിത്. 2017 മുതല്‍ സേവനത്തിനു നല്‍കേണ്ട ഒന്നേമുക്കാല്‍ കോടി രൂപ കൊടുക്കാനാകില്ലെന്ന് ടെക്നോ പാര്‍ക്ക് നിലപാടെടുത്തു. തീരുമാനം സര്‍ക്കാറിന് വിട്ടിരിക്കുകയാണെന്ന് ഡിജിപി.


◼️നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.


◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ആരോപിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ നിയമ നടപടി. അഭിഭാഷകന്‍ അനൂപ് വി. നായര്‍ ജയരാജനു നോട്ടീസ് അയച്ചു.


◼️പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍മന്ത്രി കെ.എം.മാണിയുടെ പേരിടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ പാലാ ബൈപാസ് റോഡിനും കെ.എം. മാണിയുടെ പേര് നല്‍കിയിരുന്നു.


◼️ഭാര്യാ മാതാവിന്റെ കാലു തല്ലിയൊടിച്ച് ഒളിവില്‍പോയ യുട്യൂബറായ പ്രതി പിടിയില്‍. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബാണ് പിടിയിലായത്. ആറു വര്‍ഷം മുമ്പാണ് ഭാര്യയുടെ അമ്മയെ അക്രമിച്ചു കടന്നു കളഞ്ഞത്. യൂട്യൂബറായ പ്രതിയെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.


◼️പാലക്കാട് നരിക്കുത്തി സ്വദേശി അനസ് കൊല്ലപ്പെട്ട സംഭവത്തില്‍ നരികുത്തി സ്വദേശി ഫിറോസ് പിടിയിലായി. മാനസിക വെല്ലുവിളി നേരിടുന്ന അനസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ടു തലയ്ക്കടിച്ചതാണു മരണകാരണം.


◼️ഹയര്‍സെക്കണ്ടറി സേ പരീക്ഷ ജൂലൈ 25 മുതല്‍. ഉപരിപഠനത്തിനു കൂടുതല്‍ മാര്‍ക്ക് ആഗ്രഹിക്കുന്നവര്‍ക്കും പരീക്ഷ എഴുതാം.


◼️ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ മെയിന്‍സ് നാളെ ആരംഭിക്കും. രാവിലെ ഒമ്പതു മുതല്‍ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറുവരെയാണ്.


◼️നിയമസഭാ ടിവിയുടെ പ്രവര്‍ത്തനം അവസാനിച്ചേക്കും. ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രേറ്റ് സൊല്യൂഷന്റെ കരാര്‍ സര്‍ക്കാര്‍ പുതുക്കിയതു സംബന്ധിച്ച തര്‍ക്കമാണ് ടിവി ഓഫാകാന്‍ കാരണം. എഡിറ്റോറിയല്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഒടിടി സഹകാരിക്കു കരാര്‍ നല്‍കിയത്.


◼️അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പതുകാരനെ അഞ്ചു വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതേ വീട്ടിലെ മൂന്നു കുട്ടികളെ പീഡിപ്പിച്ചെന്ന കേസുകളില്‍ ആദ്യത്തെ കേസിലാണു വിധി വന്നത്.


◼️മഹാപ്രളയത്തില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാനുള്ള കരാറിന്റെ മറവില്‍ പുഴകളില്‍നിന്ന് കോടിക്കണക്കിനു രൂപയുടെ മണല്‍ കടത്തിയെന്ന് ആരോപിച്ച് കരാറുകാരന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നോട്ടീസ്. ആലപ്പുഴ, പത്തനംതിട്ട അതിര്‍ത്തിയിലെ വരട്ടാര്‍, ആദിപമ്പ നദികളില്‍ നിന്നാണ് മണല്‍ കടത്തിയിരുന്നത്.


◼️പോലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണക്കേസില്‍ പൊലീസുകാരനായ റെനീസിന്റെ കാമുകി ഷഹാനെയെ അറസ്റ്റു ചെയ്തു. രണ്ട് മക്കളെ കൊലപെടുത്തി അമ്മ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാന്‍ കാമുകി ഷഹാന സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നു പോലീസ് പറഞ്ഞു.


◼️വയനാട്ടില്‍ പഞ്ചായത്ത് മെമ്പര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചിത്രമൂലയിലെ സിപിഎം മെമ്പര്‍ ശശിധരന്‍ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് മൃതദേഹം കണ്ടത്.


◼️പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നടപ്പാക്കി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമര രംഗത്തേക്ക്. ഓഗസ്റ്റ് 15 മുതല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങും. നഷ്ടപരിഹാരം നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് മൂന്നു വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തി.


◼️ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. മരണത്തിന് കാരണക്കാരായ ഭാര്യ ഉള്‍പ്പടെ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷമാണ് അപകടമുണ്ടാക്കിയത്. കാറില്‍നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി. ദേവരാജന് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്.


◼️ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ അപസ്മാരമുണ്ടായതാണു മരണകാരണം.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍നിന്നു മടങ്ങിയത്.


◼️മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കു കൊവിഡ്. ഉദ്ദവ് താക്കറെയെ നേരിട്ടു കാണില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് അറിയിച്ചു. മുഖ്യമന്ത്രിയുമായി ഓണ്‍ലൈനില്‍ യോഗം നടത്താനാണ് തീരുമാനം. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യേരിയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


◼️ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. മൂന്നു വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. കാര്‍ഡ് ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനകം ഉപഭോക്താവ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യണം. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് നല്‍കുന്ന വായ്പയുടെ പരിധി ലംഘിക്കരുത്. അനാവശ്യ കൂട്ടുപലിശ ഈടാക്കരുത്. എന്നിവയാണു പ്രധാന മൂന്നു വ്യവസ്ഥകള്‍.


◼️പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകള്‍ മുറിച്ച് നീക്കാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


◼️ആകാശ എയര്‍ലൈന്‍ ടേക്ക് ഓഫിലേക്ക്. അടുത്ത മാസത്തോടെ ബുക്കിംഗ് ആരംഭിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വിനയ് ദുബെ അറിയിച്ചു.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37960 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.


◼️കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി എസ്.ഐ.ബി ടി.എഫ് ഓണ്‍ലൈന്‍' എന്ന പേരില്‍ എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. കോര്‍പറേറ്റ് എക്സിം ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകളില്‍ നേരിട്ടെത്താതെ തന്നെ വിദേശ പണമിടപാടുകള്‍ വേഗത്തില്‍ നടത്താന്‍ സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തതിനു ശേഷം എസ്.ഐ.ബി ടി.എഫ് ഓണ്‍ലൈനില്‍ വിദേശ പണമിടപാടുകള്‍ തുടങ്ങാം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പോര്‍ട്ടലില്‍ ഹോം പേജില്‍ 'എസ്.ഐ.ബി ടി.എഫ് ഓണ്‍ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാണ്.


◼️ബോളിവുഡില്‍ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം പുറത്തെത്തുകയാണ്. രണ്‍ബീര്‍ കപൂറിനെ ടൈറ്റില്‍ കഥാപാത്രമാക്കി കിരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ഷംഷേര ആണ് ആ ചിത്രം. ജൂലൈ 22ന് തിയറ്ററുകളിലെത്താന്‍ തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. 2018 ഡിസംബറില്‍ ആരംഭിച്ച ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ജൂണ്‍ 24ന് പുറത്തെത്തും.


◼️പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ പ്രഭാസ് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 'ആദിപുരുഷി'ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്.


◼️പിയാജിയോ ഇന്ത്യ വെസ്പ , അപ്രീലിയ സ്‌കൂട്ടറുകളുടെ വില പുതുക്കി. ഈ വില വര്‍ദ്ധനവ് കമ്പനിയുടെ ഇന്ത്യയിലെ 125 സിസി, റെട്രോ-സ്റ്റൈല്‍ സ്‌കൂട്ടറായ വെസ്പ ഇസെഡ്എക്സ് 125 -നെ ബാധിച്ചേക്കാം. ഇന്ത്യന്‍ വിപണിയില്‍ ഒറ്റ വേരിയന്റിലും ഏഴ് കളര്‍ ഓപ്ഷനുകളിലും ലഭ്യമായ ഈ സ്‌കൂട്ടര്‍ ഇപ്പോള്‍ 1,15,409 രൂപയ്ക്ക് ലഭ്യമാണ്. മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. അസുറോ പ്രോവെന്‍സ, മാറ്റ് ബ്ലാക്ക്, മെയ്സ് ഗ്രേ, പേള്‍ വൈറ്റ്, പിങ്ക്, ചുവപ്പ്. ഡ്രാഗണ്‍, മഞ്ഞ തുടങ്ങിയവ.


◼️നാട്ടിലെ ചെറിയസംഭവങ്ങള്‍ ഓര്‍മ്മച്ചെടുക്കുകയാണ് ഈ കുറിപ്പുകളിലൂടെ ബാലചന്ദ്രന്‍. ബന്ധുക്കളും കൂട്ടുകാരും തമ്മിലുള്ള പിണക്കങ്ങള്‍ ഇണക്കങ്ങള്‍ വിചിത്രമായ വിവാഹലോചനകള്‍ നര്‍മ്മം വിതറുന്ന വിവാഹപ്പന്തികള്‍. 'പൊറാട്ര'. ബാലചന്ദ്രന്‍ പറങ്ങോടത്ത്. കറന്റ് ബുക്സ് തൃശൂര്‍. വില 166 രൂപ.


◼️ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒട്ടു മിക്ക എല്ലാ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊര്‍ജത്തിനും പുറമേ, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു. ആപ്പിളില്‍ അയേണ്‍ അടങ്ങിയത്കൊണ്ട് ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും. പതിവായി ആപ്പിള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആപ്പിള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത 22 ശതമാനം വരെ കുറയും. ആസ്ത്മയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാനും ആപ്പിളിനാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകളും പോളിഫിനോളുകളുമാണ് ഇതിനായി സഹായിക്കുന്നത്. ആപ്പിളിലെ ആന്റിഓക്‌സിഡന്റ് അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ആപ്പിള്‍ കഴിക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. മനുഷ്യരില്‍ നടത്തിയ മറ്റ് പഠനങ്ങള്‍, ആപ്പിള്‍ കഴിക്കുന്നത് ശ്വാസകോശ, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ സഹായകമാകും. ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറല്‍സും രക്തത്തിലെ കൊളസ്ടോള്‍ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 78.22, പൗണ്ട് - 95.49, യൂറോ - 82.20, സ്വിസ് ഫ്രാങ്ക് - 80.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.86, ബഹറിന്‍ ദിനാര്‍ - 207.51, കുവൈത്ത് ദിനാര്‍ -254.90, ഒമാനി റിയാല്‍ - 203.46, സൗദി റിയാല്‍ - 20.85, യു.എ.ഇ ദിര്‍ഹം - 21.30, ഖത്തര്‍ റിയാല്‍ - 21.48, കനേഡിയന്‍ ഡോളര്‍ - 60.23.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad