Type Here to Get Search Results !

എനിക്ക് പഠിക്കണം’ കല്യാണം വേണ്ട സഹായിക്കണമെന്ന് കുട്ടി; ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ച് 16 കാരി; കോഴിക്കോട് പന്തലില്‍ കയറി ശൈശവ വിവാഹം തടഞ്ഞ് പൊലീസ്



കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ ഉടൻ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.


പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. തൻ്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാർ കല്യാണം നടത്താൻ തീരുമാനിച്ചതോടെയാണ് ചൈൽഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു.


ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പൊലീസ്, ജുവനൈൽ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്‌ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബം പറഞ്ഞത്.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad