Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.എസ് അരുണ്‍കുമാറാണു സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്ത പ്രചരിച്ചതിനുശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ എല്‍ഡിഎഫ് യോഗത്തിനുശേഷമേ ഉണ്ടാകൂവെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചത്. അതേസമയം, അരുണ്‍ കുമാറിനു വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ ചുവരെഴുത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. വിവരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചപ്പോഴേക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായെന്ന നിലയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.


◼️ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ചു. കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പരിശോധിച്ച 28,000 പേപ്പറും പുതിയ ഉത്തരസൂചിക അനുസരിച്ച് വീണ്ടും പരിശോധിക്കും.


◼️കെ.വി. തോമസ് തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. മുതിര്‍ന്ന നേതാവായ അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകും. പി ടി തോമസിനെ എന്നും ചേര്‍ത്ത് പിടിച്ച ആളാണ് കെ വി തോമസ്. അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു. രാവിലെ പി.ടി തോമസിന്റെ ജന്മനാടായ ഇടുക്കിയിലെ ഉപ്പുതോട്ടില്‍ പി.ടി. തോമസിന്റെ കല്ലറയിലെത്തി ഉമ പ്രാര്‍ഥിച്ചു.


◼️തൃക്കാക്കരയില്‍ ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ആരുമായും കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


◼️പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ടോള്‍ നല്‍കാതെ ബസുകള്‍ കടത്തി വിടുന്ന സമരം തുടങ്ങി. ബസുടമകള്‍ തന്നെ ബാരിക്കേഡുകള്‍ മാറ്റി ബസുകള്‍ കടത്തിവിടുകയാണ്. 28 ദിവസമായി പണിമുടക്കിലായിരുന്ന ബസ് സര്‍വീസാണ് ഇങ്ങനെ പുനരാരംഭിച്ചത്. ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കേണ്ടത്. ഇത്രയും ഭീമമായ തുക ടോള്‍ നല്‍കില്ലെന്നാണു ബസുടമകളുടെ നിലപാട്.


◼️അക്ഷയതൃതീയ ദിനമായിരുന്ന ഇന്നലെ കേരളത്തില്‍ 2,200 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നു. വ്യാപാരി സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് ഈ കണക്കു പുറത്തുവിട്ടത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അക്ഷയതൃതീയ ആഘോഷമായിരുന്നു ഇന്നലെ.


◼️ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യതയും ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത് കേരളത്തില്‍ അഞ്ചു ദിവസം ഇടിയോട് കൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◼️പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ നാലു പേരെകൂടി അറസ്റ്റുചെയ്തു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുള്‍ നാസര്‍, ഹനീഫ, മരുതൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരുടെയും അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.


◼️തൃശൂര്‍ പൂരത്തിനു കൊടിയേറി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ടു ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. മെയ് പത്തിനാണ് തൃശൂര്‍ പൂരം. ഞായറാഴ്ച വൈകുന്നേരമാണ് സാമ്പിള്‍ വെടിക്കെട്ട്.


◼️ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂസിസിക്കു മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിലെ വനിതകള്‍ക്കു സുരക്ഷിതത്വം ലഭിക്കണമെന്നതാണ് ലക്ഷ്യം. അതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്നു യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.


◼️പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ നാട്ടുകാര്‍ അടിച്ച് തകര്‍ത്തു. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു (55) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.


◼️പത്തു വയസുകാരിയായ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ക്ക് വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്കു പിഴയായി നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.


◼️കാസര്‍കോട് ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.


◼️സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയിലെ തന്റെ പ്രാഥമികാംഗത്വം ഒഴിവാക്കിത്തരണമെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അദ്ദേഹം രാജിവയ്ക്കാന്‍ തയാറായിട്ടില്ല.


◼️കോഴിക്കോട് മാവൂര്‍ ചെറൂപ്പയില്‍ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്ന് തീപടര്‍ന്ന് അപകടമുണ്ടായതാണെന്നാണ് സംശയിക്കുന്നത്.


◼️കരുനാഗപ്പള്ളി വെറ്റമുക്കിലെ സപ്താഹ ഘോഷയാത്ര മതസൗഹാര്‍ദത്തിന്റെ അടയാളമായി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് മസ്ലിം പള്ളിയില്‍നിന്ന് ബാങ്കുവിളി ഉയര്‍ന്നപ്പോള്‍ മേളം നിര്‍ത്തി ആദരമേകി. വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയാണ് വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്കുവിളി സമയത്ത് ഇങ്ങനെ ആദരവേകി കടന്നുപോയത്.


◼️മഹാരാഷ്ട്രയില്‍ രാവിലെ അഞ്ചരയോടെ പള്ളികളില്‍നിന്നും ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പലയിടത്തും എംഎന്‍എസ് പ്രവര്‍ത്തകര്‍ താത്കാലിക ഉച്ചഭാഷിണികളില്‍ ഹനുമാന്‍ കീര്‍ത്തനങ്ങള്‍ കേള്‍പ്പിച്ചു. പള്ളികളിലെ ബാങ്കുവിളികളേക്കാള്‍ ഉച്ചത്തിലാണ് ഹനുമാന്‍ കീര്‍ത്തനങ്ങള്‍ കേള്‍പ്പിച്ചത്. രാജ് താക്കറെയുടെ ആഹ്വാനമനുസരിച്ചാണ് ഈ സമരം.


◼️ബലാത്സംഗത്തിനിരയായ പതിമ്മൂന്നുകാരിയെ സ്റ്റേഷനിനില്‍ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ മൊഴി രേഖപ്പെടുത്താനെത്തിയ പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക്ധാരി സരോജിനെ സസ്‌പെന്‍ഡ് ചെയ്തു. കേസെടുത്തിട്ടുണ്ട്.


◼️ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പനയുടെ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 27 ശതമാനം ഓഹരികള്‍ വിറ്റുപോയി. എല്‍ഐസിയുടെ മൂന്നര ശതമാനം ഓഹരികളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയില്‍ നിക്ഷേപകരും സബ്‌സ്‌ക്രിപ്ഷന്‍ നടത്തുന്നുണ്ട്.


◼️രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നത് പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് ചൊവ്വാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.


◼️വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ റദ്ദാക്കിയെന്ന് 'ദ കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഡല്‍ഹിയിലെ ഫോറിന്‍ കറസ്പോണ്ടന്റ്സ് ക്ലബിലാണ് വാര്‍ത്താസമ്മേളനം ബുക്കു ചെയ്തത്. എന്നാല്‍ അതവര്‍ റദ്ദാക്കി. പ്രമോഷണല്‍ പരിപാടിയായതിനാലാണ് വാര്‍ത്താസമ്മേളം റദ്ദാക്കിയതെന്ന് ക്ലബ് എഫ്സിസി സൗത്ത് ഏഷ്യ അറിയിച്ചു.


◼️ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അമ്മയെ സന്ദര്‍ശിച്ചു. അമ്മയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രം 'മാ' എന്ന അടിക്കുറിപ്പോടെ ആദിത്യനാഥ് ട്വിറ്ററില്‍ പങ്കുവച്ചു.


◼️യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' കോടികള്‍ മുടക്കി പുറത്തിറക്കിയ വമ്പന്‍ സിനിമകളെയും പിന്നിലാക്കി പ്രദര്‍ശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷന്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു 'കെജിഎഫ് 2'. ഇപ്പോഴിതാ ഒടിടി റൈറ്റ്സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് 320 കോടി രൂപയ്ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.


◼️തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായി മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാന രംഗത്തേക്ക്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര് വെടിക്കെട്ട് എന്നാണ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ഒപ്പം ചിത്രീകരണവും ആരംഭിച്ചു.


◼️2022 ഏപ്രിലില്‍ 418,622 യൂണിറ്റുകള്‍ വിറ്റഴിച്ച് വാര്‍ഷിക വില്‍പ്പനയില്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഹീറോ മോട്ടോകോര്‍പ്പ് . 2021 ഏപ്രിലില്‍ ഇത് 372,285 യൂണിറ്റായിരുന്നു എന്ന് ഫിനാന്ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രാന്‍ഡ് അനുസരിച്ച്, സമ്പദ്വ്യവസ്ഥ ക്രമേണ തുറക്കുകയും സര്‍ക്കാര്‍ നയ പിന്തുണ തുടരുകയും ചെയ്യുന്നു. ഉപഭോക്തൃ വികാരങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുന്നതായി ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ മൊത്തം ആഭ്യന്തര വില്‍പ്പന 2021 ഏപ്രിലിലെ 342,614 യൂണിറ്റില്‍ നിന്ന് 2022 ഏപ്രിലില്‍ 16.3 ശതമാനം ഉയര്‍ന്ന് 398,490 യൂണിറ്റായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad