Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ◼️വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. നേരത്തെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ്പിയുടെ നേത്വത്തില്‍ പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തില്‍ കയറാന്‍ തയാറാകാതിരുന്ന പി.സി ജോര്‍ജ് സ്വന്തം വാഹനത്തിലാണ് ഫോര്‍ട്ട് സ്റ്റേഷനിലേക്കു പോയത്. മകന്‍ ഷോണ്‍ ജോര്‍ജും ഒപ്പമുണ്ടായിരുന്നു.


◼️ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവനയുമായി പി സി ജോര്‍ജ്ജ്. ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായും തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളില്‍ ഇടപെടരുതെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം.


◼️പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച പി.സി ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തിയെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. 'വിശദാംശങ്ങള്‍ നേരിട്ടു ചോദിച്ചറിയാനാണ് എത്തിയത്'. യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ അറസ്റ്റു ചെയ്യുന്നത് ആരെ പ്രീണിപ്പിക്കാനാണെന്നു കേന്ദ്രമന്ത്രി ചോദിച്ചു. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സിപിഎമ്മുകാര്‍. ജോര്‍ജിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാലക്കാട് കൊലപാതകികളെ പിടിക്കാത്ത പൊലീസ് പി.സി ജോര്‍ജിനെ പിടിക്കാന്‍ തിടുക്കം കാണിച്ചു. മുരളീധരന്‍ പറഞ്ഞു.◼️പി.സി ജോര്‍ജിനെ വീട്ടില്‍ അതിക്രമിച്ചു കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണു കാണുന്നതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.


◼️പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോര്‍ജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്കു സമീപം വേറ്റിനാട് മണ്ഡപത്താണ് ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജിന്റെ വാഹനത്തിനു മുന്നില്‍ ചാടി വീണ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.


◼️പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.


◼️വി മുരളീധരനെ പ്രധാനമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പൊലീസ് ക്യാമ്പില്‍ കയറിയ കേന്ദ്രമന്ത്രി മുരളീധരന്‍ ആര്‍എസ്എസ് ക്രിമിനലിനെ പോലെ പെരുമാറിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.


◼️ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്ഥര്‍ പോയത്. ഇത് എല്ലാ സര്‍ക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു.


◼️വാഗ്ദാനം ലംഘിച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. സ്ഥാനക്കയറ്റം, അലവന്‍സ്, ശമ്പള വര്‍ധന, എന്‍ട്രി കേഡറിലെ ശമ്പളത്തില്‍ ഉണ്ടായ അപാകത എന്നിവ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്‌കരിക്കും. നേരത്തെ ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവച്ചിരുന്നു.


◼️ബേപ്പൂരില്‍നിന്നും പോയ ഉരു കടലില്‍ മുങ്ങി. ഉരുവില്‍ ഉണ്ടായിരുന്ന ആറുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി . ആന്ത്രോത്തിലേക്ക് പോയ ഉരുവാണ് 10 മൈല്‍ അകലെ ഉള്‍ക്കടലില്‍ മുങ്ങിയത്.


◼️ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വര്‍ഷം കഠിന തടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. അയിലൂര്‍ സ്വദേശി പ്രസാദിനെയാണ് പാലക്കാട് പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. അധ്യാപകരെ കബളിപ്പിച്ച് സ്‌കൂളില്‍ നിന്നാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.


◼️വാഹനാപകടക്കേസിലെ പ്രതിയെ പരാതിക്കാരനാക്കിയും വ്യാജ കേസുണ്ടാക്കിയും ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി വിബി ആനന്ദിന്റെ പേരിലാണ് തട്ടിപ്പ്. ഇതേ കേസില്‍ ഗുരുതരമായി പരിക്കേറ്റ ആനന്ദ് മറ്റൊരു വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അപകടമാണെന്ന് വരുത്തി തീര്‍ത്താണ് 21 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ചത്. 2018 ല്‍ ഉണ്ടായ അപകടത്തിലാണ് ഇങ്ങനെ തട്ടിപ്പു നടന്നതായി കണ്ടെത്തിയത്.


◼️കോഴിക്കോട് ജില്ലയിലെ മുക്കത്ത് 14 കിലോ കഞ്ചാവുമായി അഞ്ചു പേര്‍ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നും രണ്ടുപേരെ കാരശ്ശേരിയിലെ വാടക വീട്ടില്‍നിന്നുമാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി സുഫൈല്‍, ഷറഫുദ്ദീന്‍ കരുളായി, നസീര്‍ പെരിന്തല്‍മണ്ണ എന്നിവരെയാണ് മുക്കത്തെ ലോഡ്ജില്‍നിന്ന് പിടികൂടിയത്. നോര്‍ത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാര്‍ എന്നിവരെ നോര്‍ത്ത് കാരശ്ശേരിയിലെ വാടക വീട്ടില്‍ നിന്നാണ് പിടികൂടിയത്.


◼️കൊല്ലത്ത് തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി. പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്കു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്നു മനസിലായത്. കൊല്ലം പട്ടത്താനത്തെ പോസ്റ്റ് ഓഫീസിലാണ് കഞ്ചാവ് പാഴ്സലായി എത്തിയത്.


◼️രാജ്യത്തെ താപവൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി എത്തിച്ചെന്ന് ഊര്‍ജ്ജ മന്ത്രി ആര്‍.കെ സിങ്. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് കൂടുതല്‍ കല്‍ക്കരികയെത്തുമെന്നും മന്ത്രി പറഞ്ഞു.


◼️അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രധാന ദിവസങ്ങളില്‍ അഞ്ചു ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിര്‍മ്മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ഒരു ദിവസം എത്ര മണിക്കൂര്‍ സമയം ക്ഷേത്രം തുറക്കണമെന്ന് സുരക്ഷ ഏജന്‍സികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുെം. ഉച്ചയ്ക്ക് വിഗ്രഹത്തിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന സംവിധാനം തത്സമയം വീക്ഷിക്കാന്‍ അയോധ്യയില്‍ 100 സ്‌ക്രീനുകള്‍ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.


◼️പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഎന്‍എസ് തലവന്‍ രാജ് താക്കറെ ഇന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റാലി നടത്തും. കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം മൂന്നിനകം പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ വന്‍ പ്രതിഷേധം നടത്തുമെന്ന് രാജ് താക്കറെ മുന്നറിയിപ്പു നല്‍കിയിരുന്നു.


◼️ഡല്‍ഹിയില്‍ ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ നാല്‍പ്പതുകാരനെ പൊലീസ് വെടിവച്ചു വീഴ്ത്തി അറസ്റ്റു ചെയ്തു. സമയ്പുര്‍ ബദ്‌ലി മേഖലയിലാണ് സംഭവം. സംഭവത്തില്‍ ജഹാംഗിര്‍പുരി സ്വദേശി ചിനു എന്ന കമല്‍ മല്‍ഹോത്രയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാളുടെ സുഹൃത്തായ രാജു എന്ന രാജ് ഒളിവിലാണ്. ഇരുവരും ചേര്‍ന്നാണ് രണ്ട് കുട്ടികളെ പീഡിപ്പിച്ചത്.  


◼️ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നഴ്സിങ് ഹോമിന്റെ മതിലില്‍ നഴ്സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഴ്സായി ജോലിക്കു ചേര്‍ന്ന ആദ്യ ദിവസംതന്നെയാണ് മരണം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം പരാതി നല്‍കി. മൂന്നു പേരെ പ്രതികളാക്കി എഫ്ഐആര്‍ ഫയല്‍ ചെയ്തെന്ന് പൊലീസ് അറിയിച്ചു.


◼️രാജ്യത്തെ വൈദ്യുതി ക്ഷാമത്തിനു കാരണം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കല്‍ക്കരി, റെയില്‍വേ, ഊര്‍ജ മന്ത്രാലയങ്ങളുടെ കഴിവില്ലായ്മയാണു പ്രതിസന്ധിക്കു കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിമര്‍ശിച്ചു.


◼️ബഹ്‌റൈനില്‍ അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച മൂന്നു പേര്‍ക്ക് 1,000 ദിനാര്‍ പിഴ ശിക്ഷ. രണ്ടു ലക്ഷം ഇന്ത്യന്‍ രൂപയാണു പിഴ. യുവാക്കള്‍ ഉപയോഗിച്ച ബോട്ട് പിടിച്ചെടുത്തിട്ടുമുണ്ട്.


◼️നാളെ രാത്രി എട്ടിനു പയ്യനാട് സ്റ്റേഡിയം ഇളകി മറിയും. സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെയാണ് നേരിടുന്നത്. സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്താണ് കേരളം ഫൈനലില്‍ എത്തിയത്. മണിപ്പൂരിനെ തോല്‍പിച്ചാണ് ബംഗാള്‍ എത്തിയത്.


◼️ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ലകനൗ സൂപ്പര്‍ ജയിന്റ്സുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.


◼️ചരിത്രത്തിലാദ്യമായി കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. 2023 ജൂണ്‍ മാസം മുതല്‍ക്കാണ് കോര്‍പറേറ്റ് ആദായ നികുതി ഏര്‍പെടുത്തുക. നികുതി നിരക്ക് ഒന്‍പത് ശതമാനമാക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ബിസിനസ് മേഖലകളില്‍ നിന്നുള്ളവരുടെ അഭിപ്രായം തേടി ധനമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. മെയ് 19ന് മുന്‍പായി തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിനസ്, വ്യവസായ, പ്രഫഷണല്‍ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നികുതി ബാധകമാവുക. വാര്‍ഷിക വരുമാനം 3 .75 ലക്ഷം ദിര്‍ഹം വരെയുള്ളവര്‍ക്ക് നികുതി ബാധകമായിരിക്കില്ല. അതിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 9 ശതമാനം നികുതി വരും.


◼️സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഗ്രിറ്റ് കണ്‍സള്‍ട്ടിങ്ങിനെ 7 മില്യണ്‍ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി സെയന്റ് ലിമിറ്റഡ്. ടെക്നോളജി കണ്‍സള്‍ട്ടിംഗ് ശക്തിപ്പെടുത്തുന്നതിനും പുതിയ ഉപഭോക്തൃ പോര്‍ട്ട്ഫോളിയോകളിലേക്ക് പ്രവേശനം നേടുന്നതിനുമായാണ് പുതിയ ഏറ്റെടുക്കലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റെടുക്കല്‍ 2022 മെയ് 5നോ അതിനുമുമ്പോ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനി അറിയിച്ചു. ലോഹ ഖനനം, ഊര്‍ജം തുടങ്ങിയ അസറ്റ് ഇന്റന്‍സീവ് വ്യവസായങ്ങള്‍ക്കായി കണ്‍സള്‍ട്ടിംഗ് ചെയ്യുന്നതില്‍ വിദഗ്ധരാണ് ഗ്രിറ്റ് കണ്‍സള്‍ട്ടിങ്.


◼️വേറിട്ട മേക്കോവറില്‍ ഒരു ഇന്ദ്രന്‍സ് കഥാപാത്രം കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. നവാഗതനായ രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഉടല്‍ എന്ന ചിത്രമാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ചില ത്രില്ലിംഗ് നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് ടീസര്‍ പറയുന്നത്. മെയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടല്‍' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.


◼️ഗന്നം സ്റ്റൈല്‍ എന്ന ഗാനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സൈയും ബിടിഎസ് താരം ഷുഗയും ഒന്നിച്ച മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ദാറ്റ് ദാറ്റ് എന്ന് തുടങ്ങുന്ന ആല്‍ബമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിവിധി മ്യൂസിക് പ്ലാറ്റ് ഫോമുകളിലൂടെ എത്തിയ ഗാനം ഇതിനോടകം ട്രെന്റിങ്ങില്‍ ഒന്നാമതെത്തി കഴിഞ്ഞു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വരികളും നൃത്തവുമാണ് ആല്‍ബത്തില്‍ സൈ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് സൈയുടെ മടങ്ങിവരവ്. 12 ട്രാക്കുകള്‍ ഉള്‍പ്പെടുന്നതാണ് സൈയുടെ ഒമ്പതാമത് സംഗീത ആല്‍ബം. റെട്രോ സ്റ്റൈലില്‍ സൈയും ഷുഗയുമുള്ള കവര്‍ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


◼️ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ എസ്യുവിക്കായി രണ്ട് പുതിയ ബാഹ്യ ഷേഡുകള്‍ അവതരിപ്പിച്ചു. ടാറ്റ ഹാരിയര്‍ ഇപ്പോള്‍ റോയല്‍ ബ്ലൂ, ട്രോപ്പിക്കല്‍ മിസ്റ്റ് പെയിന്റ് സ്‌കീമുകളില്‍ ലഭ്യമാണ്. ഈ നിറങ്ങള്‍ ടാറ്റ സഫാരിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ് . ഇവ കൂടാതെ, ഡാര്‍ക്ക്, കാസിരംഗ എഡിഷനുകള്‍ക്കൊപ്പം ഹാരിയര്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. റോയല്‍ ബ്ലു ഒരൊറ്റ ടോണില്‍ മാത്രമേ ലഭിക്കൂ. ഓര്‍ക്കസ് വൈറ്റ്, കാലിപ്‌സോ റെഡ്, ഡേടോണ ഗ്രേ കളര്‍ ഓപ്ഷനുകളിലും ഹാരിയര്‍ ലഭ്യമാണ്. എന്നിരുന്നാലും, കാമോ ഗ്രീന്‍ നിറത്തില്‍ എസ്യുവി ലഭ്യമല്ല.


◼️തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. 'കാമുകിമാരുടെ ലൈബ്രറി'. നകുല്‍ വി ജി. സൈകതം ബുക്സ്. വില 180 രൂപ.


◼️ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ജനിതകവ്യതിയാനങ്ങള്‍ സഭവിച്ച പുതിയ വൈറസ് വകഭേദങ്ങളാണിപ്പോള്‍ രോഗവ്യാപനം നടത്തുന്നത്. ഇവയില്‍ പലതിനും കൊവിഡ് 19ന്റെ പൊതുലക്ഷണങ്ങളില്‍ നിന്ന് നേരിയ വ്യത്യാസങ്ങളുണ്ട്. പനി, ചുമ, തളര്‍ച്ച, ശരീരവേദന, തൊണ്ടവേദന എന്നിവയെല്ലാമാണ് പൊതുവില്‍ കൊവിഡിന്റേതായ ലക്ഷണങ്ങള്‍. ഇതിനൊപ്പം തന്നെ ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍, തലവേദന എന്നിങ്ങനെ പല ലക്ഷണങ്ങളും വരാറുണ്ട്. ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ബാധയില്‍ തലവേദനയാണ് പ്രധാന ലക്ഷണമായി വന്നിരുന്നത്. ഇപ്പോഴും കൊവിഡ് കേസുകളില്‍ തലവേദന കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധയുണ്ടായി ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങളിലൊന്ന് കൂടിയാണ് തലവേദന. അതിനാല്‍ തന്നെ വലിയൊരു പരിധി വരെ രോഗം സംബന്ധിച്ച സൂചന ആദ്യം നല്‍കുന്നതും രോഗനിര്‍ണയം നടത്താന്‍ ആദ്യം സഹായിക്കുന്നതും ആയ ലക്ഷണം തലവേദനയാണ്. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനയോടും മൈഗ്രേയ്‌നോടും കാര്യമായ സാമ്യമുള്ള തലവേദനയാണ് കൊവിഡിലും കാണപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. തലയ്ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുക, അസാധാരണമാം വിധം മിടിപ്പ് ഉയരുക എന്നിവയും കൊവിഡ് തലവേദനയില്‍ കാണാം. അധികവും മൈഗ്രേയ്‌നുമായാണ് കൊവിഡ് തലവേദനയ്ക്ക് കൂടുതല്‍ സാമ്യമെന്ന് പഠനങ്ങള്‍ പറയുന്നു. കൊവിഡ് ഭേദമായ ശേഷവും ആഴ്ചകളോളം ചിലരില്‍ കൊവിഡ് തലവേദന നീണ്ടുനില്‍ക്കുന്നതായും പഠനങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ ഏഴ് ദിവസമാണ് കൊവിഡ് തലവേദന നീണ്ടുനില്‍ക്കുക. ചിലരില്‍ ഇത് മുപ്പത് ദിവസം വരെയും ചിലരില്‍ മൂന്ന് മാസം വരെയും നീണ്ടുനില്‍ക്കാമത്രേ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad