Type Here to Get Search Results !

ചൂടുകുരു എന്ന് തെറ്റിദ്ധരിക്കരുത്. കുട്ടികളിൽ പടർന്ന് പിടിച്ച് തക്കാളിപ്പനി. മുൻകരുതലും ലക്ഷണങ്ങളും അറിയാം

 


തക്കാളിപ്പനി കുട്ടികളില്‍


പത്തനംതിട്ട : കയ്യിലും കാലിലും വായിലും ചുവന്ന തിണര്‍പ്പുകള്‍. ചെറിയ പനിയോ ക്ഷീണമോ ഉണ്ടാകും. തക്കാളി പനിയുടെ ലക്ഷണങ്ങളാണിവ

കുട്ടികളിലാണ് കൂടുതലും തക്കാളിപ്പനി കണ്ടെത്തിയിരിക്കുന്നത്. സ്രവങ്ങളിലൂടെയടക്കം ഈ പനി പകരാറുണ്ട്. കുട്ടികളിലാണ് കൂടുതല്‍ എങ്കിലും മുതിര്‍ന്നവരിലും ഇത് കാണാറുണ്ട്. ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വായ്ക്കുള്ളില്‍ വരുന്ന കുമിളകള്‍ ചിലപ്പോള്‍ പൊട്ടുകയും ചെയ്യും. അതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. എന്നാല്‍ നല്ല രീതിയില്‍ ആഹാരം നല്‍കേണ്ട അവസ്ഥയാണിത്. ഹാന്‍ഡ്, ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് എന്നാണ് ഈ രോഗത്തിന് പറയുന്നതെങ്കിലും തക്കാളി പോലെ ചുവന്ന് തിണര്‍ത്ത് വരുന്നതിനാലാണ് തക്കാളിപ്പനി എന്ന് അറിയപ്പെടുന്നത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഇതു പോലെ കുമിളകള്‍ വരാറുണ്ട്. ഒന്ന് രണ്ട് ആഴ്ചകള്‍ മാത്രമേ ഇവ നീണ്ടുനില്‍ക്കു. പിന്നീട് വരാനുള്ള സാദ്ധ്യതയും കുറവാണ്. ധാരാളം വെള്ളം നല്‍കേണ്ട രോഗം കൂടിയാണിത്.


തക്കാളിപ്പനി


കോക്സാക്കി വൈറസ്, എന്ററോ വൈറസ് എന്നിവ മൂലമാണ് തക്കാളിപ്പനിയുണ്ടാകുന്നത്.


തലച്ചോര്‍, നാഡീവ്യൂഹം എന്നിവയെ വൈറസ് ബാധിക്കാറുണ്ട്. ചുരുക്കം കുട്ടികളില്‍ ബലക്ഷയവും സംഭവിക്കുന്നു.


ശ്രദ്ധിക്കേണ്ടത്


1. പനി അധികമായാല്‍ ഡോക്ടറെ സമീപിക്കണം.


2. മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മാര്‍ഗം സ്വീകരിക്കണം.


3. ശുചിത്വം പാലിക്കണം.


4. തുമ്മല്‍ ഉണ്ടെങ്കില്‍ മാസ്ക് ഉപയോഗിക്കാം.


5. ഭക്ഷണവും വെള്ളവും നന്നായി കഴിക്കണം.


6. നന്നായി വിശ്രമിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad