Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പു പ്രഖ്യാപിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ടി പുതിയ ഉത്തരസൂചികയില്‍ അപാകതയില്ല. ശരിയുത്തരമെഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കും. എന്നാല്‍ വാരിക്കോരി മാര്‍ക്കു നല്‍കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു. നൂറ് ശതമാനം വിജയം ഉറപ്പാക്കാന്‍ പരീക്ഷാ സംവിധാനത്തില്‍ വെള്ളം ചേര്‍ക്കില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി ആരോപിച്ചു.


◼️മലപ്പുറം പാണ്ടിക്കാട്ട് കൊണ്ടിപറമ്പില്‍ ഭാര്യയേയും മകളേയും ഗുഡ്സ് ഓട്ടോറിക്ഷയില്‍ കയറ്റിയിരുത്തി സ്ഫോടനമുണ്ടാക്കി കൊലപ്പെടുത്തിയ ഭര്‍ത്താവ് തീ കൊളുത്തി കിണറില്‍ ചാടി ആത്മഹത്യ ചെയ്തു. പുലയന്തോള്‍ മുഹമ്മ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


◼️ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എം സി റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എഴുപുന്ന സ്വദേശി ഷിനോജ്, പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.


◼️നടി മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.


◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വികസനവും സില്‍വര്‍ ലൈനുമാണു ചര്‍ച്ചയാകുകയെന്ന് മന്ത്രി പി രാജീവ് . ചുവരില്‍ എഴുതിയ പേര് മായ്ക്കണോ എന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാം. അവിടെ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയുണ്ടാകും. ആശയക്കുഴപ്പം ഉണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.


◼️താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് കെ.വി. തോമസ്. വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി.ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധമുണ്ട്. എന്നാല്‍ വ്യക്തിബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. അദ്ദേഹം പറഞ്ഞു.


◼️ആലപ്പുഴ ചാരുംമൂട് സംഘര്‍ഷത്തില്‍ സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതെിരെ പൊലീസ് നാലു കേസുകളെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസുകള്‍. പ്രദേശത്ത് നാലു പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഓഫീസിനു സമീപം സിപിഐ കൊടിമരം നാട്ടിയതിനെച്ചല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.


◼️ചാരുംമൂടില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കിയ ശേഷമാണ് ഇടതു മുന്നണി ഭരിക്കുന്ന പഞ്ചായത്ത് പൂട്ടിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.


◼️പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശി സാജിത് ആണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.


◼️പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായിയെന്ന് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ നവംബര്‍ 15 നാണ് ബൈക്കില്‍ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 21 പേര്‍ അറസ്റ്റിലായി.


◼️നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മൂന്നു ദിവസത്തിനകം പിടികൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. പ്രതിയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്റര്‍ പോള്‍ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.


◼️നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. കേസിലെ പ്രധാന സാക്ഷിയായ സാഗര്‍ അടക്കമുളളവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. സിനിമാ മേഖലയില്‍ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ആന്ത്യശാസനം നല്‍കിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായ 20 പേര്‍ കൂറുമാറിയിരുന്നു.


◼️രാമനാട്ടുകരയില്‍ നീലിത്തോട് പാലത്തിന്റെ സമീപം ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചതുമൂലം കുഞ്ഞ് ബാധ്യതയാകുമെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പറഞ്ഞു.


◼️തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത തര്‍ക്കമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും തമ്മിലുള്ള തര്‍ക്കമാണ് സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകാന്‍ കാരണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


◼️ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ചപിടിക്കുമോയെന്ന് അറിയാന്‍ പാര്‍ട്ടി നടത്തിയതു മൂന്നു സര്‍വ്വെകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് മൂന്നു സര്‍വേഫലങ്ങളും വിലയിരുത്തി. ആദ്യ സര്‍വ്വെ പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് നടത്തിയത്. രണ്ടാമത്തെത് എഎപി കേരള ഘടകം നടത്തിയതാണ്. ഒരു സ്വതന്ത്ര ഏജന്‍സിയെ ഉപയോഗിച്ചും സര്‍വ്വെ നടന്നു.


◼️പാലക്കാട് കൊപ്പത്ത് പോക്സോ കേസില്‍ പ്രതി ഇബ്രാഹിമിന് 64 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. പട്ടാമ്പി അതിവേഗ സെഷന്‍സ് കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2020 ല്‍ 10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.


◼️പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്തെ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിനു ജോസിനെ അറസ്റ്റു ചെയ്തു. രണ്ടര ലക്ഷ രൂപ സെക്യൂരിറ്റി തുക മടക്കി നല്‍കാന്‍ കരാറുകാരില്‍നിന്ന് കോഴ വാങ്ങവേയാണ് ഇയാള്‍ പിടിയിലായത്.


◼️മതവിദ്വേഷ കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേള്‍ക്കാതെ ജാമ്യം നല്‍കിയെന്ന് ആരോപിച്ചാണ് അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും.


◼️2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായി. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും ഒപ്പമുണ്ടായ വനിതയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 2021 ഏപ്രില്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം.


◼️വെള്ളിമണ്ണില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞുവീണ് മരിച്ചു. ഏഴുകോണ്‍ ഇരുമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. പതിനാല് മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് സമാന്തരമായി കുഴികുത്തിയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ മൃതദേഹം പുറത്തെടുത്തത്.


◼️ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍. ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കും.


◼️ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനകൊല. അന്യമതസ്ഥയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ 25 കാരനായ വരന്‍ നാഗരാജനെ വെട്ടിക്കൊന്നു. ഇരുവരും ബൈക്കില്‍ പോകുന്നതിനിടെ പൊതുസ്ഥലത്ത് തടഞ്ഞു നിര്‍ത്തിയാണ് കൊലപ്പെടുത്തിയത്.


◼️തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നീട്ടി വച്ചു. പാര്‍ട്ടി രൂപീകരിച്ചാലും തന്റെ നേതൃത്വത്തിലായിരിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ തട്ടകമാക്കി സുസ്ഥിര ഭരണത്തിനായി ജന്‍സുരാജ് പ്രചാരണവും പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു.


◼️ജെസിബിയുടെ ടയറില്‍ കാറ്റു നിറയ്ക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. മെയ് മൂന്നിന് റായ്പൂരിലെ സില്‍താര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.


◼️ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് റഷ്യ രഹസ്യ സൈനിക ബഹിരാകാശ പേടകം വിക്ഷേപിച്ചെന്നു സൂചന. ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനുള്ള ഒരു റഡാര്‍ സാറ്റലൈറ്റ് സംവിധാനമാണിതെന്നാണ് വിവരം.


◼️പണപ്പെരുപ്പത്തിന് എതിരേ കടുത്ത നടപടിയുമായി യുഎസ് ഫെഡ് റിസര്‍വ്. ഹ്രസ്വകാല ബെഞ്ച്മാര്‍ക്ക് നിരക്ക് അര ശതമാനം ഉയര്‍ത്തി. 2000 ത്തിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടി. അതേസമയം ഫെഡ് റിസര്‍വിന്റെ ഇടപെടല്‍ വിപണികളെ കാര്യമായി ബാധിക്കാനിടയുണ്ട്. കുത്തനെയുള്ള നിരക്കു വര്‍ധന വീട്, കാര്‍, ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള വായ്പകളെ ബാധിക്കും. കൊവിഡിനെ തുടര്‍ന്നു യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ പൂജ്യത്തിനരികേ എത്തിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിരക്കുകള്‍ കാല്‍ ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ പണപ്പെരുപ്പം വീണ്ടും കുതിച്ച സാഹചര്യത്തില്‍ നിരക്കു വര്‍ധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.


◼️ഉയര്‍ന്ന വരുമാനം ലഭിച്ചതോടെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 9,835.12 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 7,161.91 കോടി രൂപയായിരുന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 50,300.55 കോടി രൂപയില്‍ നിന്ന് 69,615.70 കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, മൊത്തം ചെലവ് 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ 40,102.97 കോടി രൂപയില്‍ നിന്ന് 57,635.79 കോടി രൂപയായി ഉയര്‍ന്നു. ഓഹരിയുടമകള്‍ക്ക് പ്രതിഫലം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി, ടാറ്റ സ്റ്റീല്‍ ബോര്‍ഡ് ഒരു ഷെയറിന് 51 രൂപ എന്ന റെക്കോര്‍ഡ് ഡിവിഡന്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


◼️ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി - ദ നമ്പി ഇഫക്ട് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മെയ് 19ന് ആയിരിക്കും വേള്‍ഡ് പ്രീമിയര്‍. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് കണ്‍ട്രി ഓഫ് ഓണര്‍ ബഹുമതി നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്. ബോളിവുഡ്, കോളിവുഡ് സൂപ്പര്‍ താരം ആര്‍ മാധവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാധവന്‍ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നതും. വരുന്ന ജൂലൈ ഒന്നിന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.


◼️സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക- പ്രശംസകള്‍ ഒരുപോലെ നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തില്‍ 20 കോടി ചിത്രം നേടിയെന്നാണ് കണക്ക്. ലോമമെമ്പാടുമായുള്ള കളക്ഷനാണിത്. ചിത്രം റിലീസ് ആയി മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്നു മാത്രം 5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.


◼️മിര്‍സാപൂര്‍, ക്രിമിനല്‍ ജസ്റ്റിസ് തുടങ്ങിയ വെബ്സീരീസുകളിലൂടെയും ഹസീന്‍ ദില്‍റൂബ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ ഷോകളിലൂടെയും പ്രശസ്തനായ യുവതാരമാണ് വിക്രാന്ത് മാസി. അദ്ദേഹം ഇപ്പോള്‍ ഒരു പുതിയ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് സ്വന്തമാക്കിയിരിക്കുകയാണ്. സിംഗിള്‍-ടോണ്‍ കറുപ്പ് നിറത്തിലുള്ള ബെന്‍സ് ജിഎല്‍എസ് 400ഡി 4മാറ്റിക് വേരിയന്റാണ് വിക്രാന്ത് തിരഞ്ഞെടുത്തത്. വില 1.16 കോടി രൂപ.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad