Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ


    

◼️പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍, ഫിറോസ്, കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷില്‍, ബാസിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.


◼️കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുതെറിയാന്‍ കോണ്‍ഗ്രസും ബിജെപിയും വന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതു സ്വാഭാവികാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തല്ല് ഒന്നിനും പരിഹാരമല്ല. എന്നാല്‍ തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാര്‍ കല്ല് നീക്കം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.


◼️കെ റെയില്‍ കൊല റെയിലെന്ന് രമേശ് ചെന്നിത്തല. കേരളത്തെ കൊലയ്ക്കു കൊടുക്കുന്ന റെയിലാണ് കെ റെയില്‍. അതില്‍നിന്ന് കേരളത്തെ രക്ഷിക്കാനാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലുകള്‍ പിഴുതെറിയുന്നത്. ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല. പാര്‍ട്ടിക്കാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്നോട്ടു പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.


_https://chat.whatsapp.com/FH0TGJf5YotKxNIGssTyea_


◼️സില്‍വര്‍ ലൈനിനെക്കുറിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സംവാദം അനിശ്ചിതത്വത്തില്‍. സംവാദത്തില്‍ നിന്നു പിന്മാറുമെന്ന് പാനലംഗം അലോക് വര്‍മ്മ. സര്‍ക്കാര്‍ സംവാദം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്‍ കെ റെയിലാണ് പാനലംഗങ്ങളെ ക്ഷണിച്ചത്. പദ്ധതിയുടെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനെന്ന രീതിയിലുള്ള ക്ഷണം ഏകപക്ഷീയമാണ്. ജോസഫ് സി മാത്യുവിനെ പാനലില്‍നിന്ന് ഒഴിവാക്കിയത് ശരിയല്ല. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. 


◼️നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍നിന്ന് രേഖകള്‍ ചോര്‍ന്നെന്ന പ്രോസിക്യൂഷന്റെ വാദത്തെ തള്ളി വിചാരണ കോടതി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍നിന്ന് ചോര്‍ന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ ചോര്‍ന്നെന്നു പറയുന്ന കോടതിയിലെ എ ഡയറി രഹസ്യരേഖയല്ല. എല്ലാ രേഖയും പ്രതിഭാഗത്തിനും അവകാശപ്പെട്ടതാണ്.

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി പറഞ്ഞു. 


◼️പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ആയിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.


◼️കോവാക്‌സീന്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി. ആറു മുതല്‍ 12 വരെ വയസുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി.


◼️അച്ചടക്കം ലംഘിച്ച കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കാന്‍ അച്ചടക്ക സമിതി ശുപാര്‍ശ. എഐസിസി അംഗത്വത്തില്‍ നിന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും നീക്കാനാണ് ശുപാര്‍ശ. കെ വി തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


◼️തീരുമാനം വരട്ടെയെന്നും താന്‍ എന്നും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. കോണ്‍ഗ്രസ് അധ്യക്ഷയെ നേരിട്ട് കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.


◼️കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു. വെള്ളിയാഴ്ച്ച അമിത് ഷാ കേരളത്തില്‍ എത്തില്ല. പുതിയ തിയതി ഉടന്‍ തീരുമാനിക്കും. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം നീട്ടിവച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 


◼️സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. ഇറച്ചി കട്ടിംങ് യന്ത്രത്തില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തു കേസിലാണ് റെയ്ഡ്. മകന് കള്ളക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. 


◼️യെമനില്‍ ഹൂതി വിമതരുടെ തടവിലായിരുന്ന കോഴിക്കോട് സ്വദേശി ദിപാഷ് ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ ഉള്ള ഏഴ് ഇന്ത്യക്കാരും എത്തിയിട്ടുണ്ട്. ദിപാഷ് ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ വീടുകളിലേക്ക് മടങ്ങും.


◼️എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായാണ് പരിശോധന നടത്തിയത്.


◼️ഓടിക്കാത്ത കാറില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തെന്ന് ആരോപിച്ച് 500 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. തിരുവനന്തപുരം വെഞ്ഞാറമൂട് മൂക്കന്നൂര്‍ സ്വദേശി എ. അജിത്കുമാറിനാണ് വിചിത്രമായ പിഴ നോട്ടീസ് ലഭിച്ചത്. കാറിന്റെ രജിസ്ട്രേഷന്‍ നമ്പരിലെ വിലാസത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ നോട്ടീസില്‍ ബൈക്കു യാത്രക്കാരന്റെ ചിത്രവുമുണ്ട്.  


◼️കട്ടിലില്‍നിന്ന് വീണ ജോണ്‍ പോളിനെ നിലത്തുനിന്ന് ഉയര്‍ത്താനും ആശുപത്രിയില്‍ എത്തിക്കാനും ഫയര്‍ ഫോഴ്സിന്റെ സഹായം തേടിയിട്ടും ലഭിച്ചില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ഡിജിപി ബി സന്ധ്യ. ഫയര്‍ ഫോഴ്സിനെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അവകാശവാദം. ഇതേസമയം, അപകടത്തിനു മാത്രമേ ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സുകള്‍ അനുവദിക്കൂവെന്നും ബി സന്ധ്യ പറഞ്ഞു. ഈ വ്യവസ്ഥ തിരുത്തണമെന്നാണ് ജോണ്‍ പോള്‍ വിഷയത്തില്‍ സിനിമാരംഗത്തുള്ളവര്‍ നിര്‍ദേശിച്ചത്.


◼️തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായിരുന്ന ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ റീത്ത്. ഗോപാലപേട്ടയിലെ സുമേഷ് എന്ന മണിയുടെ വീടിനു മുന്നിലെയും പിറകിലേയും വാതില്‍ക്കലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. അറസ്റ്റിലായ സുമേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്.


◼️ശ്രീ നാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ദര്‍ശനം ദേശസ്നേഹത്തിന് ആധ്യാത്മികമായ ഉയരം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.


◼️മണിചെയിന്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പ്രമോട്ടര്‍മാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബെന്‍സന്‍, ജോഷി എന്നിവരാണ് പിടിയിലായത്. 2019 ല്‍ യുഎഇയില്‍ റജിസ്റ്റര്‍ ചെയ്ത 'ക്രൗഡ് വണ്‍' എന്ന കമ്പനിയുടെ പേരിലാണ് കോടികളുടെ തട്ടിപ്പു നടത്തിയത്. തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്നാണ് ആരോപണം.


◼️മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിനു നടുറോഡില്‍ വെച്ച് മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ക്കു നേരെ സൈബര്‍ ആക്രമണം. പ്രാദേശിക മുസ്ലീം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്നയും ഹംനയും പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി.


◼️ജിഎസ്ടി വെട്ടിപ്പു കേസില്‍ കൈരളി സ്റ്റീല്‍സ് ഉടമയും എക്സിക്യുട്ടീവ് ഡയറക്ടറുമായ ഹുമയൂണ്‍ കളളിയത്തിന്റെ ജാമ്യപേക്ഷ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി തള്ളി. 400 കോടിയുടെ വ്യാജ ബില്ലുകളുണ്ടാക്കി 43 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് കണ്ടെത്തല്‍.


◼️നെടുമ്പാശേരി വിമാനത്താവളം വഴി ഹജ് തീര്‍ത്ഥാടനത്തിനു പോകുന്നത് എണ്ണായിരം പേര്‍. കേരളത്തിനു പുറമേ, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ളവരും നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഹജ്ജിനു പോകുന്നത്.


◼️പാറ്റ്‌നയില്‍നിന്നുള്ള വിദ്യാര്‍ത്ഥി അഭിഷേക് കുമാറിന് ആമസോണ്‍ വാഗ്ദാനം ചെയ്ത ശമ്പളം 1.08 കോടി രൂപ. എന്‍ഐടിയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഭിഷേക്. എന്‍ഐടി അധികൃതര്‍ ട്വിറ്ററിലൂടെയാണ് തങ്ങളുടെ വിദ്യാര്‍ത്ഥി അഭിഷേക് കുമാറിനു ഇങ്ങനെയൊരു സുവര്‍ണാവസരം ലഭിച്ച വിവരം പുറത്തുവിട്ടത്.


◼️ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകന്‍. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന് ആരോപിച്ചാണു പുതിയ കേസെടുത്തത്. ഇന്നലെ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പൊലീസ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.


◼️ഡല്‍ഹി എംയിസില്‍ നഴ്സുമാരുടെ സമരം. യൂണിയന്‍ അധ്യക്ഷന്‍ ഹരീഷ് കുമാര്‍ കാജ്ളയെ സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് സമരം. ഷിഫറ്റ് പുന:ക്രമീകരണത്തിന്റെ പേരില്‍ നടത്തിയ സമരത്തിനു പ്രതികാരമായാണ് സസ്പെന്‍ഡ് ചെയ്തതെന്നാണ് യൂണിയന്റെ ആരോപണം.


◼️ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ പ്രഥമ ഓഹരി വില്‍പന മേയ് നാലിനു തുടങ്ങിയേക്കും. ഒമ്പതാം തീയതിവരെയായിരിക്കും ഓഹരി വില്‍പന. ഓഹരിവില്‍പന സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകും.


◼️മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയുടെ പിറന്നാള്‍ ആഘോഷത്തിന് ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍പനയുമായി പ്രവര്‍ത്തകര്‍. താനെ ഗോഡ്ബുന്ധര്‍ റോഡിലെ തത്വഗ്യാന്‍ സര്‍വകലാശാലയ്ക്ക് സമീപത്തുള്ള കെലാഷ് പെട്രോള്‍ പമ്പിലായിരുന്നു ഈ വില്‍പന. ആദ്യം പമ്പിലെത്തിയ ആയിരം പേര്‍ക്കാണ് ഇന്നലെ ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍ കിട്ടിയത്.


◼️രാമ നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.


◼️അമേരിക്കയിലെ നെബ്രാസ്‌ക സ്റ്റേറ്റില്‍ കാട്ടുതീ. വന്‍ നാശം വിതച്ച കാട്ടുതീ അണയ്ക്കാനുള്ള ദൗത്യത്തിനിടെ കേംബ്രിഡ്ജ് അഗ്‌നിരക്ഷാ സേനയുടെ മുന്‍ മേധാവി പൊള്ളലേറ്റു മരിച്ചു. 15 സേനാംഗങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 202 ചതുരശ്ര കിലോമീറ്റര്‍ വനമേഖല കത്തിച്ചാമ്പലായി.


◼️ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് പോരാട്ടം. വൈകീട്ട് 7.30 നാണ് കളി ആരംഭിക്കുക.


◼️ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പൂര്‍ണമായി ഏറ്റെടുത്തു. 4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും. മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികളാണ് അദ്ദേഹം ആദ്യം സ്വന്തമാക്കിയത്.


◼️തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞ് പവന് 38,760 രൂപയില്‍ എത്തി. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില.


◼️വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിലെ പിണറായിയില്‍ ആരംഭിച്ചു. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അതേസമയം, പൃഥ്വിരാജും കുഞ്ചാക്കോ ബോബനും സൗബിനും സിനിമയില്‍ നിന്ന് പിന്മാറി. ഡേറ്റ് ക്ലാഷുകള്‍ മൂലമാണ് ഇരുവരും ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.


◼️സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട. ലണ്ടനില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചത്. സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 24കാരിയായ സാറയ്ക്ക് അഭിനയത്തില്‍ വളരെയധികം താല്‍പ്പര്യമുണ്ട്. ബ്രാന്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്നതിനാല്‍ കുറച്ച് അഭിനയ പാഠങ്ങള്‍ പോലും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നത്.


◼️ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് 2022 മെയ് 10-ന് രാജ്യത്ത് പുതിയ ഇക്ലാസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 5-ന് കാര്‍ നിര്‍മ്മാതാവ് പുതിയ തലമുറ മോഡല്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. വരാനിരിക്കുന്ന മെഴ്സിഡസ് ബെന്‍സ് സി ക്ലാസിന്റെ ബുക്കിംഗ് നിലവില്‍ നടക്കുന്നുണ്ട്. സി200, സി220ഡി, സി300ഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോഡല്‍ വാഗ്ദാനം ചെയ്യും. ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, പുതിയ സി-ക്ലാസ് ബിഎംഡബ്ല്യു 3 സീരീസ് , ഓഡി എ4 , വോള്‍വോ എസ്60 , ജാഗ്വാര്‍ എക്‌സ്ഇ എന്നിവയ്ക്ക് എതിരാളിയാകും.


◼️നവോത്ഥാന നവോത്ഥാനാന്തര കേരളത്തിന്റെ സാംസ്‌കാരിക നിര്‍മിതിയില്‍ സാഹിത്യം നിര്‍വഹിച്ചതും നിര്‍വഹിക്കുന്നതുമായ പങ്കിനെയും സാംസ്‌കാരികമായ നവീകരണ പ്രക്രിയയ്ക്ക് സാഹിത്യം നല്‍കിവരുന്ന സംഭാവനയെയും സംബധിച്ച പ്രാഥമിക അവബോധം രൂപപ്പെടാന്‍ സാഹായിക്കുന്ന ഗ്രന്ഥം. 'നവനവോത്ഥാനത്തിന്റെ ഭാവുകത്വപരിസരം'. ഡോ പി എസ് ശ്രീകല. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 123 രൂപ.


◼️വെജിറ്റെറിയന്‍, നോണ്‍ വെജിറ്റെറിയന്‍ ഭക്ഷണ പ്രേമികള്‍ക്ക് ഒരുപോലെ ഇഷ്ടപ്പെട്ട ഒന്നാണ് പനീര്‍. രുചി മാത്രമല്ല ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണെന്നതും പനീറിനെ ഇഷ്ടപ്പെടാനുള്ള കാരണമാണ്. എന്നാല്‍ ഒരു പരിപൂര്‍ണ്ണ പാലുത്പന്നം ആയതിനാല്‍ അമിതമായ അളവില്‍ പനീര്‍ വിഭവങ്ങള്‍ കഴിച്ചാല്‍ ഇത് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിന് അതിവേഗം ഊര്‍ജ്ജം നല്‍കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനും പനീര്‍ നല്ലതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന സെലെനിയം, പൊട്ടാസ്യം എന്നിവയും പനീറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ചെറിയ അളവ് പനീര്‍ കഴിക്കുന്നത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. പനീര്‍ ടിക്ക, സ്‌ക്രാമ്പിള്‍ഡ് പനീര്‍ അല്ലെങ്കില്‍ പാന്‍ ഫ്രൈ ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയ ഏത് പനീര്‍ വിഭവവും കഴിക്കാം. എന്നാല്‍ പനീര്‍ ബട്ടര്‍ മസാല, ഷാഹി പനീര്‍ എതുടങ്ങിയ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും അമിത വണ്ണത്തിനും വഴിവെക്കും. വലിയ അളവില്‍ പനീര്‍ കഴിക്കുന്നത് വിപരീത ഫലത്തിന് വഴിതുറക്കും. പ്രോട്ടീന്‍ ആമാശയത്തിലെത്തിയാല്‍ ദഹിക്കാനായി കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് കൂടുതല്‍ അളവില്‍ പനീര്‍ കഴിക്കുന്നവര്‍ക്ക് വയറുവേദന, അസിഡിറ്റി, വയര്‍ നിറഞ്ഞ് അസ്വസ്ഥമാകുന്ന അവസ്ഥ, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.60, പൗണ്ട് - 97.43, യൂറോ - 81.82, സ്വിസ് ഫ്രാങ്ക് - 79.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.09, ബഹറിന്‍ ദിനാര്‍ - 203.19, കുവൈത്ത് ദിനാര്‍ -250.51, ഒമാനി റിയാല്‍ - 198.96, സൗദി റിയാല്‍ - 20.42, യു.എ.ഇ ദിര്‍ഹം - 20.86, ഖത്തര്‍ റിയാല്‍ - 21.04, കനേഡിയന്‍ ഡോളര്‍ - 60.15

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad